നീല ട്രോളിബാഗുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം; പെട്ടിയില്‍ ഉണ്ടായിരുന്നത് ഡ്രസ്സ്; പോലീസ് പരിശോധിക്കട്ടെ; പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇപ്പോള്‍ അവസാനിപ്പിക്കാം; ഞാന്‍ പിറകിലൂടെ ഓടിയെന്നും തെളിയിക്കട്ടെ; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് രാഹുല്‍
നീല ട്രോളിബാഗുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ വെല്ലുവിളിച്ചു യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. നീല ട്രോളി ബാഗുമായി എത്തിയാണ് ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം മറുപടി നല്‍കിയത്. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
'കമ്യൂണിസ്റ്റ് -ജനതാ മുന്നണി'യെ പരാജയപ്പെടുത്തി മതേതര സ്ഥാനാര്‍ഥി ജയിക്കുന്നതിന്റെ ആശങ്കയുടെ ഭാഗമാണ് ട്രോളി ബാഗ് വിവാദമെന്ന് പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ പെട്ടി പൊലീസിന് കൈമാറാന്‍ തയാറാണെന്നും പണം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാന്‍ രാസപരിശോധനക്ക് വിധേയമാക്കാമെന്നും രാഹുല്‍ പറഞ്ഞു. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങള്‍ മാത്രമാണ്. ഹോട്ടലിന്റെ പിന്നിലൂടെ കയറിയെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ മുന്‍വശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ നിജസ്ഥിതി വ്യക്തമാകും. പണം കൊണ്ടുവന്നെന്ന് തെളിഞ്ഞാല്‍ താന്‍ പ്രചാരണം നിര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു.
''ഹോട്ടല്‍ അധികൃതരോടും പൊലീസിനോടും ഹോട്ടലിന്റെ മുന്‍വശത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയാണ്. ഏത് സമയത്ത് അവിടെ വന്നെന്നും എപ്പോള്‍ പോയെന്നും അതില്‍നിന്ന് അറിയാമല്ലോ. പിന്നിലൂടെ കയറി എങ്കില്‍ അതിന്റെ തെളിവ് പുറത്തുവിടണം. ഇവിടെ കമ്യൂണിസ്റ്റ് -ജനതാ മുന്നണിയെ പരാജയപ്പെടുത്തി മതേതര സ്ഥാനാര്‍ഥി ജയിക്കുന്നതിന്റെ ആശങ്കകളാണ് ഇതെല്ലാം. ഇല്ലെങ്കില്‍ ട്രോളി ബാഗില്‍ പണം കൊണ്ടുവന്നെന്ന് തെളിയിക്കണം.
പാലക്കാട് വന്ന ദിവസം നാല് ബാഗുമായാണ് വന്നത്. അതില്‍ നിറയെ പണമാണെന്ന് പറയാഞ്ഞത് ഭാഗ്യം. സി.പി.എം നേതാക്കള്‍ മുഴുവന്‍ തക്കാളിപ്പെട്ടിയിലാണോ വസ്ത്രങ്ങള്‍ കൊണ്ടുനടക്കാറുള്ളത്? കൂടെ ഉള്ള ആളുകള്‍ തന്നെയല്ലേ ബാഗ് കൊണ്ടുനടക്കാറുള്ളത്. കെ.എസ്.യു ഭാരവാഹിയായ ഫെന്നി ഇവിടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. ഫെന്നിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ശരിയല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ആരെയും രഹസ്യമായി കൊണ്ടുനടക്കുന്നില്ല. പെട്ടി വേണമെങ്കില്‍ ഇപ്പോള്‍ തന്നെ പൊലീസിന് കൈമാറാം. പണം കൊണ്ടുവന്നോ എന്ന കാര്യം രാസപരിശോധയിലൂടെ കണ്ടെത്താമല്ലോ.
മുന്നറിയിപ്പില്ലാത്ത പരിശോധന ശുദ്ധമായ മര്യാദകേടാണെന്ന് പൊലീസിനോട് പറഞ്ഞു. എന്നാല്‍ സ്വാഭാവിക പരിശോധനയാണെന്നായിരുന്നു മറുപടി. ഓരോ ദിവസവും സി.പി.എമ്മുകാര്‍ ഓരോ ആരോപണവുമായി വരികയാണ്. എല്‍.ഡി.എഫുകാരുടെ മുറിയും പരിശോധിച്ചെന്ന് കഴിഞ്ഞ ദിവസം എ.എ. റഹീം പറഞ്ഞു. കള്ളപ്പണം കൊണ്ടുവന്നിട്ടാണോ വിജിന്റെ മുറി പരിശോധിച്ചത്? കോണ്‍ഗ്രസുകാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാതെയാണ് ആരോപണം'' -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ കള്ളപ്പണം ഒളിപ്പിച്ചെന്ന വാദം വിട്ടോ? ഇപ്പോള്‍ ഫെനിക്കെതിരെയാണ് വാദം. ഫെനി കെ എസ് യു ഭാരവാഹിയാണ്. എന്റെ കൂടെ ഉണ്ടാകുന്ന ആളുകളാണ് സാധാരണ ബാഗും പിടിക്കുന്നത്. ഫെനിയെ ഐഡി കാര്‍ഡ് കേസില്‍ അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം കൊടുത്തിട്ടുണ്ട്. രാജ്യദ്രോഹ കേസ് ആണെങ്കില്‍ അന്ന് എങ്ങനെ ജാമ്യം കിട്ടുമെന്നും രാഹുല്‍ ചോദിച്ചു.
നേരത്തെ ട്രോളിബാഗില്‍ കള്ളപ്പണം എത്തിച്ചു എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചത്. ഇതിന്റെ എല്ലാ തെളിവുകളും ഉടന്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വിടുമെന്നും സുരേഷ് ബാബു വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയതില്‍ കോണ്‍ഗ്രസ് ബേജാറാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊണ്ടുപോയ ട്രോളി ബാഗ് എവിടെയെന്നും അതിലെന്തായിരുന്നെന്നും കണ്ടുപിടിക്കണം. ഷാഫി പറമ്പിലിന്റെ കൂടെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച ഫെനി എന്നുപറയുന്ന പ്രതിയുണ്ടോ എന്നെല്ലാം കണ്ടുപിടിക്കണം. സിസിടിവി പരിശോധിക്കണം. ഇതെല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം- ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
ഈ കാര്യങ്ങളൊന്നും പരിശോധിക്കാതെ കോണ്‍ഗ്രസ് നടത്തുന്ന ദുരൂഹമായ സംഭവവികാസങ്ങളുടെ പിറകിലല്ല നില്‍ക്കേണ്ടതെന്നും അവര്‍ക്ക് ഇത്ര ബോജാറ് കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്ന ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളായ ടി.വി. രാജേഷ്, നികേഷ് കുമാര്‍, വിജിന്‍ എംഎല്‍എ എന്നിവരൊന്നും തങ്ങളുടെ മുറി പരിശോധിക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് മാത്രം പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് കോണ്‍ഗ്രസിന്റെ മുറി മാത്രം പരിശോധിക്കാനാണ് വന്നതെന്നും അത് പറ്റില്ലെന്നും പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. പോലീസിന് കൃത്യമായ വിവരം കിട്ടിയോ എന്നുള്ളതൊന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. പക്ഷേ, പോലീസിന് എന്തെങ്കിലും സൂചന ലഭിക്കാതെ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കില്ല എന്നുള്ളത് ഉറപ്പാണ്. അത് കോണ്‍ഗ്രസുതന്നെ കൊടുത്തതാകാം. വ്യാജ കാര്‍ഡ് നിര്‍മാണം, സോളാര്‍ കേസ്, തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കോണ്‍ഗ്രസാണ് കൊടുത്തത്. ഇതും കോണ്‍ഗ്രസുതന്നെ ആകാം ചോര്‍ത്തിയതെന്നും ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചു.
അതേസമയം ഇന്നലെ പാതിരാത്രിയില്‍ പൊലീസിന്റെ വിവാദ റെയ്ഡ് നടന്ന കെപിഎം ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു. ടൗണ്‍ സൗത്ത് സിഐ ആദംഖാന്റെ നേതൃത്വത്തില്‍ എത്തിയ സൈബര്‍ വിദഗ്ദ്ധര്‍ അടങ്ങിയ സംഘമാണ് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത്. ഇന്ന് ഉച്ചതിരിഞ്ഞാണ് ഹോട്ടലില്‍ വീണ്ടും പൊലീസ് സംഘം എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലിലെ സിഇഒയുടെയും ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്.
താമസക്കാരുടെ വിവരങ്ങളും ഇവരില്‍ നിന്ന് തേടിയിട്ടുണ്ട്. എല്ലാ ദൃശ്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഏതെങ്കിലും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കും.വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അടക്കം ഇന്നലെ രാത്രി പരിശോധന നടന്നത് ഏറെ വിവാദമായിരുന്നു.പരിശോധന വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. പാതിരാത്രിയില്‍ നാലുമണിക്കൂറോളമാണ് സംഘര്‍ഷാവസ്ഥ നിലനിന്നത്.
വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.പരസ്പരം ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. റെയ്ഡില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.