തെറ്റായ കണക്കുകള്‍ നല്‍കിയാല്‍ കേന്ദ്രസഹായം പ്രതിസന്ധിയിലാകും; ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ്' ആണോ 'ആക്ച്വല്‍സ്' ആണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല; സര്‍ക്കാറിനോട് 'കണക്ക്' ചോദിക്കാന്‍ പ്രതിപക്ഷം
സര്‍ക്കാറിനോട് 'കണക്ക്' ചോദിക്കാന്‍ പ്രതിപക്ഷം
തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കില്‍ സര്‍ക്കാറിനെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷം. വിഷയത്തില്‍ പുതിയ ന്യായീകരണവുമായി സര്‍ക്കാര്‍ രംഗത്തുവന്നെങ്കിലും അതില്‍ വ്യക്തത പോരെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ചലവഴിച്ച തുകയുടെ 'ആക്ച്വല്‍' കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തെറ്റായ കണക്കുകള്‍ നല്‍കിയാല്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ആക്ച്വല്‍സ് എന്ന വാക്കിന്റെ അര്‍ത്ഥം ചിലവാക്കിയത് എന്നാണ്.
എക്‌സിമേറ്റ് ആണോ ആക്ച്വല്‍സ് ആണോ എന്നത് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. ചില സംഘടനകളെ ഭക്ഷണവിതരണത്തില്‍ നിന്നും ഒഴിവാക്കിയത് മറ്റ് ചില സംഘടനകളുടെ കള്ളക്കണക്കുകള്‍ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ സഹായം പുനരധിവാസത്തിന് ആവശ്യമാണ് എന്ന് കാണിച്ച് കണക്ക് നല്‍കുകയാണ് വേണ്ടതെന്നും അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതിനുപകരം യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകള്‍ അവതരിപ്പിക്കുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണം. സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുള്ള ആക്ച്വല്‍സ് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇങ്ങനെയൊരു കണക്ക് കൊടുത്തതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാ പ്രവര്‍ത്തനത്തിനും മറ്റുമായി പ്രതീക്ഷിക്കുന്ന ചെലവ് (എസ്റ്റിമേറ്റ്) സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 1202 കോടി ചെലവാകുമെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശമാണ് സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ സൗജന്യമായി സേവന മനസ്സോടെ പങ്കെടുത്ത സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്രയും തുക എങ്ങനെ ചെലവായെന്ന ചോദ്യവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സംശയമുനയിലായി.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മൃതദേഹം സംസ്‌കരണം പൂര്‍ണമായും നടത്തിയത് സന്നദ്ധസംഘങ്ങളായിരുന്നു. പിന്നെ എങ്ങനെ ഇത്ര തുക ചെലവുവന്നു എന്ന ചോദ്യവും ഉയര്‍ന്നു. സമാനമായി വളണ്ടിയര്‍മാര്‍ക്ക് നല്‍കിയ ഭക്ഷണം, വസ്ത്രം, മെഡിക്കല്‍ ഐയ്ഡ് തുടങ്ങിയ കാര്യങ്ങളിലും ചോദ്യങ്ങളുയര്‍ന്നു. വയനാട് ദുരന്തത്തിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന തരത്തില്‍ ഏതാനും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളൂം രംഗത്തെത്തിയതോടെ ഇന്നലെ വിവാദം ആളിക്കത്തുകയായിരുന്നു.
ആഗസ്റ്റ് 19ന് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടം തന്നെയാണ് ഹൈകോടതിയില്‍ സത്യവാങ്മൂലമായി നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വിശദീകരണ പ്രസ്താവന പുറത്തിറക്കി. നിലവില്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ തുക അപര്യാപ്തമാണെന്നും അവര്‍ വ്യക്തമാക്കി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിയും വിശദീകരണക്കുറിപ്പ് പുറത്തിറയിരുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ നാശനഷ്ടവും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1202 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കിയത്. ആളുകളെ ഒഴിപ്പിക്കാനുള്ള വാഹനങ്ങള്‍ക്ക് 12 കോടിയും 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 75,000 രൂപ വീതം 2.77 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. വയനാട് ദുരന്തത്തെതുടര്‍ന്ന് സര്‍ക്കാര്‍ സ്വമേധയാ സ്വീകരിച്ച ഹരജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കേന്ദ്രസഹായത്തിനായി തയാറാക്കിയ 'മെമോറാണ്ടം -കേരള' എന്ന രേഖയിലെ കണക്ക് അടക്കമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
രക്ഷാപ്രവര്‍ത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രക്കുമായി 6.5 കോടി ചെലവാകുമെന്ന് ഇതില്‍ പറയുന്നു. വ്യോമസേനയുടെ എയര്‍ലിഫ്ടിങ് ദൗത്യത്തിന് 17 കോടി നല്‍കേണ്ടിവരും. സൈന്യം പണിത ബെയ്ലി പാലവുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ ചെലവും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേര്‍ക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയുമേ വേണ്ടിവരൂ എന്നാണ് ദുരന്തനിവാരണ അതോറിറ്റി കണക്കാക്കുന്നത്. 14 ക്യാമ്പുകള്‍ ഒരുമാസം പ്രവര്‍ത്തിക്കുമ്പോള്‍ ഭക്ഷണത്തിന് എട്ടുകോടി, വസ്ത്രത്തിന് 11 കോടി, ആരോഗ്യ സേവനത്തിന് എട്ടുകോടി, ജനറേറ്ററിന് ഏഴുകോടി എന്നിങ്ങനെ ചെലവാകും. ഡി.എന്‍.എ പരിശോധനയുമായി ബന്ധപ്പെട്ട് മൂന്നുകോടിയാണ് ചെലവ് വരുക. 2010 പേര്‍ വീടുകളിലേക്ക് മടങ്ങുന്നതുവരെ മൂന്നു മാസത്തേക്ക് ദിവസേന 300 രൂപ വീതം ചെലവുവരുന്നത് 5.43 കോടിയാണ്.
മഴക്കോട്ട്, കുട, ബൂട്ട്, ടോര്‍ച്ച് എന്നിവക്ക് 2.98 കോടി, ഡ്രോണുകള്‍ക്ക് മൂന്നുകോടി, മണ്ണുമാന്തികള്‍ക്ക് 15 കോടി എന്നിങ്ങനെയും സര്‍ക്കാര്‍ വളന്റിയര്‍മാരുടെ ആരോഗ്യ സുരക്ഷക്ക് 2.02 കോടിയുമാണ് ചെലവ്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവക്കായി 47 കോടി പ്രതീക്ഷിക്കുന്നു. കൃഷി, മൃഗസംരക്ഷണ നഷ്ടപരിഹാരമായി 297 കോടി, വീട് പുനര്‍നിര്‍മാണത്തിന് 250 കോടി, സര്‍ക്കാറിനുണ്ടായ സ്വത്ത് നഷ്ടത്തിന് പരിഹാരം 56 കോടി, ടൂറിസം നഷ്ടപരിഹാരത്തിന് 50 കോടി, ഭൂമി പുനരുദ്ധാരണത്തിന് 36 കോടി, താല്‍ക്കാലിക ക്യാമ്പുകള്‍ക്ക് 34 കോടി, മൂന്ന് സ്‌കൂളുകളുടെ പുനരുദ്ധാരണത്തിന് 18 കോടി, വൈദ്യുതി പുനഃസ്ഥാപനത്തിന് 14 കോടി, വെള്ളക്കെട്ട് നിവാരണത്തിന് മൂന്ന് കോടി എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മേയ് മുതല്‍ ജില്ല ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു. മണ്ണ് നീക്കവും ഖനനവും ടൂറിസ്റ്റുകളുടെ വരവും നിരോധിച്ചു. മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ നിരന്തരം വിലയിരുത്തി. ദുരന്തത്തിന് ദിവസങ്ങള്‍ക്കുമുമ്പേ മുന്നറിയിപ്പ് നല്‍കിയതിലൂടെ ഒട്ടേറെ കുടുംബങ്ങളെ രക്ഷപ്പെടുത്താന്‍ സഹായിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു.