അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടു; രണ്ട് പ്രതികള്‍ക്ക് ഐ എസ് ബന്ധം; രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
സിറിയയിലെ ഐഎസ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ചിരുന്നു
ബെംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. മുസ്സവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ, മാസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികള്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടിരുന്നു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ അയോധ്യയിലെ പ്രതിഷ്ഠാദിനം ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. അന്ന് ബോംബ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികള്‍ മടങ്ങി. പിന്നീടാണ് ബ്രൂക്‌സ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടത്തിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഐപിസി, യുഎ (പി) ആക്ട്, സ്ഫോടക വസ്തു നിയമം, പിഡിഎല്‍പി ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഐടിപിഎല്‍ ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് നടന്ന ഐഇഡി സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഹോട്ടല്‍ വസ്തുവകകള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 3 ന് കേസില്‍ എന്‍ ഐ എ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കഫേയില്‍ ബോംബ് സ്ഥാപിച്ചത് ഷാസിബ് ആണെന്ന് കണ്ടെത്തിയതായി എന്‍ ഐ എ അറിയിച്ചു. അല്‍-ഹിന്ദ് മൊഡ്യൂള്‍ തകര്‍ത്തതിന് ശേഷം 2020 മുതല്‍ ഇയാള്‍ താഹയ്ക്കൊപ്പം ഒളിവിലായിരുന്നു. രാമേശ്വരം കഫേ സ്ഫോടനം നടന്ന് 42 ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തില്‍ നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.
ഡാര്‍ക് വെബ് വഴിയാണ് പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയത്. ഇന്ത്യന്‍ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരില്‍ ഉണ്ടാക്കിയാണ് പ്രതികള്‍ പണമിടപാട് നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. ഇവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള പണം ലഭിച്ചിരുന്നത് ക്രിപ്‌റ്റോ കറന്‍സികള്‍ വഴിയാണ്. ടെലിഗ്രാം വഴിയുള്ള പിടുപി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് പണം മറ്റ് കറന്‍സികളില്‍ നിന്ന് ഇന്ത്യന്‍ രൂപയാക്കി മാറ്റിയത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ ഐഎസ് തീവ്രവാദികളായിരുന്നുവെന്ന് എന്‍ ഐ എ പറയുന്നു. നേരത്തെ സിറിയയിലെ ഐഎസ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.ഒന്നാം പ്രതി മുസ്സവിര്‍ ഹുസൈന്‍ ഷാസിബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. 2020-ല്‍ അല്‍-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്റെ അറസ്റ്റിന് ശേഷം അബ്ദുള്‍ മത്തീന്‍ താഹയോടൊപ്പം ഒളിവില്‍ പോയ ആളാണ് ഷാസിബെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടാണ് താഹയും ഷാസിബും തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. ശിവമൊഗ്ഗ സ്വദേശികളായ ഷാസിബും താഹയും ചേര്‍ന്നാണ് മാസ് മുനീറിനെയും മുസമ്മില്‍ ഷെരീഫിനെയും തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചത്. ബെംഗളൂരു ലഷ്‌കര്‍ മൊഡ്യൂള്‍ കേസിലെ പ്രതികളും കഫേ സ്‌ഫോടനക്കേസ് പ്രതികളും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സൗത്ത് ഇന്ത്യയിലെ ഐസിസ് അമീര്‍ എന്ന് അറിയപ്പെടുന്ന ഖാജ മൊഹിയിദ്ദീനുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നു.