ജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യം

പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം

Update: 2025-11-26 15:54 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംസ്‌കൃതം പിഎച്ച്.ഡി. വിവാദങ്ങളിലും ജാതി അധിക്ഷേപ പരാതിയിലും പോലീസ് കേസിലും ഉള്‍പ്പെട്ട് നില്‍ക്കുന്നതിനിടെ, വകുപ്പ് മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഡീനുമായ പ്രൊഫ. സി.എന്‍. വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ പരമോന്നത സമിതിയായ 'കോര്‍ട്ടി'ലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തു. നിയമനം മൂന്ന് വര്‍ഷത്തേക്കാണ്.

കേരള സര്‍വകലാശാലയില്‍ നിന്ന് ആദ്യമായാണ് ഒരു അദ്ധ്യാപികയെ രാഷ്ട്രപതി ഒരു കേന്ദ്ര സര്‍വകലാശാലയുടെ കോര്‍ട്ടിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. പുതിയ നിയമനം ലഭിച്ചെങ്കിലും കേരള സര്‍വകലാശാലയിലെ ഡീന്‍ പദവിയില്‍ അവര്‍ക്ക് തുടരാന്‍ കഴിയും.

പിഎച്ച്ഡി വിദ്യാര്‍ത്ഥിയുടെ പരാതി: 'പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട'

പ്രൊഫ. സി.എന്‍. വിജയകുമാരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്‍ നല്‍കിയ ജാതി അധിക്ഷേപ പരാതിയിലാണ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് വിപിന്റെ പരാതി. 'പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട' എന്ന് വിജയകുമാരി പലതവണ പറഞ്ഞതായും നിരന്തരമായി ജാതി വിവേചനം കാട്ടിയതായും വിപിന്‍ വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വിവാദം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചിരുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിലവില്‍ ഇവരുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം തേടി വിജയകുമാരി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പുതിയ പദവി ലഭിച്ചിരിക്കുന്നത്.

അതേസമയം, പ്രൊഫ. സി.എന്‍. വിജയകുമാരിക്കെതിരെ കാര്യവട്ടം കാമ്പസിലെ ഓഫീസിനു മുന്നില്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ ഉപരോധവും പ്രതിഷേധവും തുടര്‍ന്നു. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനോട് ജാതി അധിക്ഷേപം കാട്ടി എന്ന പരാതിയെ തുടര്‍ന്നായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം.

വിപിന്‍ വിജയന്റെ ഓപ്പണ്‍ ഡിഫന്‍സ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ വി.സിക്ക് കത്ത് നല്‍കിയതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം. ഈ കത്ത് നിലവില്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലാണ്. വിവാദങ്ങള്‍ക്കിടെ വിപിന്‍ ഒഴികെയുള്ള 64 ഗവേഷകര്‍ക്ക് ബിരുദം നല്‍കാന്‍ വി.സി. അടുത്തിടെ തീരുമാനമെടുത്തിരുന്നു.

Tags:    

Similar News