ടവേര ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയത് ഒരു വര്‍ഷം മുന്‍പ് മാത്രം; സിനിമ മുടങ്ങാതിരിക്കാന്‍ അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്തു; മുന്‍പിലെ വെള്ളക്കെട്ടില്‍ വീണ ടയര്‍ സ്‌കിഡ് ചെയ്തപ്പോള്‍ നിയന്ത്രണം നഷ്ടമായി; ആലപ്പുഴയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്
ടവേര ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയത് ഒരു വര്‍ഷം മുന്‍പ് മാത്രം
ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിക്കാന്‍ ഇടയായ അപകത്തിന് വഴിവെച്ചതില്‍ അമിത വേഗത തന്നെയാണ് പ്രധാന വില്ലനായത്. സിനിമ കാണാന്‍ വേണ്ടി അതിവേഗത്തില്‍ പോകുകയായിരുന്നു വിദ്യാര്‍ഥി സംഘം. അപകടം ഉണ്ടായത 9.20നാണ്. ഇവിടെ നിന്നും അഞ്ച് കിലോമീറ്ററില്‍ അധികം ദൂരമുണ്ട് സിനിമാ തീയറ്ററിലേക്ക്. എത്രയും വേഗം സിനിമ കാണാന്‍ പോകണം എന്ന ആഗ്രഹം കൊണ്ടാണ് അമിതവേഗതയില്‍ ഇവര്‍ കാറോടിച്ചു പോയതാണ് എന്നാണ് കരുതുന്നത്.
വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടൂള്ളൂ. സ്ഥിരമായ ഡ്രൈവ് ചെയ്തുള്ള ശീലമുണ്ടായിരുന്നോ എന്നതും സംശയമാണ്. ഇതെല്ലാമാണ് അവരെ അപകടത്തിലേക്ക് നയിച്ചത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചതും. മുന്നിലെ വെള്ളക്കെട്ടില്‍ വീണപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി തെന്നി വീഴുകയാണ് ഉണ്ടായത്. അമിതലോഡും വേഗതയുമാണ് ഇവിടെ വില്ലനായത്.
അതേസമയം അപകടത്തിന് നാല് കാരണങ്ങളാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അപകടത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
മഴപെയ്തപ്പോള്‍ ഉണ്ടായ റോഡിലെ വെള്ളവും വെളിച്ചക്കുറവും അപകരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 7 പേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മാത്രമല്ല വാഹനം ഓടിച്ചയാള്‍ക്ക് അഞ്ചുമാസം മുമ്പാണ് ലൈസന്‍സ് ലഭിച്ചത്. മഴയത്ത് വാഹനം തെന്നിയപ്പോള്‍ വാഹനം നിയന്ത്രിക്കാന്‍ സാധിച്ചില്ല. 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രിണം നഷ്ടപ്പെട്ടത് അപകടത്തിന്റെ തീവ്രത കൂട്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. ഇടിച്ച് തെറിച്ച് പോയിരുന്നെങ്കിലോ അല്ലെങ്കില്‍ തെന്നിമാറിപ്പോയിരുന്നെങ്കിലോ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു. പക്ഷെ, നേരെ ഇടിച്ച് കയറിപ്പോയതോടെ അതിനുള്ള സാധ്യത കുറഞ്ഞു. എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് മൊഴി. ഇത് പരിശോധിക്കും. പ്രത്യേകിച്ച് ഒന്നും തടസ്സമായി നിന്നതായി കാണുന്നില്ല. മാത്രമല്ല അമിത വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണത്. മഴ പെയ്തതുകൊണ്ട് റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍.ടി.ഒ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി ഒന്‍പതിന് കനത്ത മഴയുള്ളപ്പോഴാണ് അപകടം നടന്നത്. മെഡിക്കല്‍ കോളേജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയില്‍ സിനിമ കാണാന്‍ പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. വൈറ്റിലയില്‍നിന്ന് കായംകുളത്തേക്കു പോയ ബസ്സിലേക്ക് കാര്‍ നിയന്ത്രണംതെറ്റി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് രണ്ടുപേര്‍ മരിച്ചത്. ബസ്സിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കു പരിക്കേറ്റിട്ടുണ്ട്.
വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് ലഭിച്ചിട്ട് ഒരു വര്‍ഷം ആകുന്നേയുള്ളൂ. അഞ്ച് മാസം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പരിചയക്കുറവും പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ പാലക്കാട് സ്വദേശി ശ്രീദീപ് വത്സന്‍ ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഫ്‌സല്‍ ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ് , കൊല്ലം ചവറ സ്വദേശി മുഹസിന്‍ മുഹമ്മദ്, കൊല്ലം പോരുവഴി സ്വദേശി ആനന്ദ് മനു, എറണാകുളം കണ്ണന്‍കുളങ്ങര സ്വദേശി ഗൗരി ശങ്കര്‍, ആലപ്പുഴ എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഷെയ്ന്‍ ഡെസ്റ്റണ്‍ എന്നയാള്‍ക്ക് പരിക്കേറ്റിരുന്നില്ല.