ആംബുലന്‍സിന് കാത്തുനില്‍ക്കാതെ പാമ്പ് കടിയേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് കേരള പൊലീസ്; പ്രതിയുമായി പോകുന്നതിനിടെ രക്ഷാപ്രവര്‍ത്തനം; കൈയ്യടിയ്ക്കാം ഈ മാതൃകയ്ക്ക്

രേഷ്മയെ പോലീസ് രക്ഷിച്ച കഥ

Update: 2024-09-05 11:22 GMT


കോട്ടയം: പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് മാതൃകയായി കേരള പൊലീസ്. സംഭവം പുറത്തു വന്നതോടെ പൊലീസിന് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രശംസയാണ് ലഭിച്ചത്. പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷമായിരുന്നു പൊലീസ് അഭിനന്ദാര്‍ഹമായ രക്ഷാപ്രവര്‍ത്തനത്തിനു ഉത്തരവാദിത്തം നല്‍കിപ്പോയത്. കാനം കാപ്പുകാട് സ്വദേശി രേഷ്മയ്ക്കാണ് (28) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. ഭര്‍ത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്. രാത്രി 10.30-ഓടെയായിരുന്നു സംഭവം.

ആംബുലന്‍സിനായി പ്രദീപ് രേഷ്മയുമായി റോഡില്‍ കാത്തുന്നില്‍ക്കുമ്പോഴായിരുന്നു ചങ്ങനാശേരി പൊലീസ് വാഹനമെത്തിയത്. വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി പോകുകയായിരുന്നു പൊലീസ് വാഹനം. എന്നാല്‍ ആംബുലന്‍സ് എത്തുമെന്നറിഞ്ഞിട്ടും കാത്തുനിന്ന് സമയം പാഴാക്കാതെ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയ ശേഷം രേഷ്മയുമായി പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് പായുകയായിരുന്നു.

ചങ്ങനാശ്ശേരി എസ്‌ഐടിഎം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ഇടപെടലില്‍ രേഷ്മയെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാനായി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം ഷമീര്‍, ബി ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരെല്ലാവരും ചേര്‍ന്ന് സമയോചിതമായ തീരുമാനം എടുക്കുകയായിരുന്നു.

വാഴൂര്‍ ടി.എം.എം ആശുപത്രിയിലാണ് രേഷ്മയെ ആദ്യം എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടെയും അവശയായ രേഷ്മയെ ആംബുലന്‍സ് എത്താന്‍ കാത്തുനില്‍ക്കാതെ വീണ്ടും പൊലീസ് വാഹനത്തില്‍ തന്നെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ തീരുമാനം ഒരു ജീവന്‍ രക്ഷിച്ചു.

അത്യാഹിത വിഭാഗത്തില്‍ രേഷ്മയെ എത്തിച്ചശേഷം പ്രതിയുമായി പോലീസ് സംഘം പൊന്‍കുന്നം സബ് ജയിലേക്ക് തിരിച്ചു. അര്‍ധരാത്രി 12 മണിയോടെ പ്രതിയെ ജയിലില്‍ എത്തിച്ചു. വൈകിയ കാരണത്തിന് റിപ്പോര്‍ട്ടും പോലീസ് സംഘം ജയില്‍ അധികൃതര്‍ക്ക് നല്‍കേണ്ടിവന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രേഷ്മ സുഖം പ്രാപിച്ചുവരികയാണ്. ഇവരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷമായിരുന്നു പോലീസ് സംഘം മടങ്ങിയത്.

തിരക്കിനിടെയിലും രാവിലെ വിളിച്ച് രേഷ്മയുടെ ആരോഗ്യ നിലയെക്കുറിച്ച അന്വേഷിക്കുവാനും അവര്‍ മറന്നില്ല. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനും വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങള്‍ നന്ദിയറിയിച്ചു. ഈ സഹായത്തിന് പോലീസിന് കിട്ടുന്നത് കൈയ്യടി മാത്രമാണ്.

Tags:    

Similar News