ആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്‍കി ഉപവിദേശകാര്യ മന്ത്രി
ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയെ അപലപിച്ച് റഷ്യ
മോസ്‌കോ: ആണവ കരാറിന് തയ്യാറല്ലെങ്കില്‍, ഇറാനില്‍ ബോംബാക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയെ അപലപിച്ച് റഷ്യ. അത്തരമൊരു ആക്രമണം ഉണ്ടായാല്‍ മഹാദുരന്തമാകുമെന്നും, മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കില്‍ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന് തന്നെയാണ് ഇറാന്റെ നിലപാട്.
ആണവ പദ്ധതി സംബന്ധിച്ച് ഇറാന്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകും. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. നാല് വര്‍ഷം മുമ്പ് ചെയ്തതുപോലെ അവര്‍ക്ക് മേല്‍ ഇരട്ട നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2015 ലുണ്ടായിരുന്ന കരാറില്‍ നിന്ന് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യന്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് അയച്ച കത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയത്. സൈനിക പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാന്‍ തള്ളുകയും ചെയ്തു. ഇറാനുമായി ബന്ധം ശക്തമാക്കിയ റഷ്യ ട്രംപിന്റെ ഭീഷണിയെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
' ഭീഷണിയും അന്ത്യശാസനവും ഒക്കെ കേള്‍ക്കുന്നുണ്ട്. അത്തരം മാര്‍ഗ്ഗങ്ങള്‍ അനുചിതമാണെന്ന് ഞങ്ങള്‍ കരുതുന്നു. അവയെ ഞങ്ങള്‍ അപലപിക്കുന്നു. ഇറാന്റെ മേല്‍ തങ്ങളുടെ താല്‍പര്യം അടിച്ചേല്‍പ്പിക്കാനുള്ള അമേരിക്കയുടെ ശ്രമമായാണ് ഞങ്ങള്‍ അതിനെ കണക്കാക്കുന്നത്'- റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി സെര്‍ഗെ റയബക്കോവ് റഷ്യന്‍ ജേണലായ 'ഇന്റര്‍നാഷണല്‍ അഫയേഴ്‌സിനോട് 'ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ട്രംപും പുടിനും തമ്മില്‍ സമീപകാലത്ത് സൗഹൃദം പുതുക്കിയെങ്കിലും റഷ്യയുടെ പുതിയ മുന്നറിയിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വളരുന്നതിന്റെ സൂചനയാണ്. മേഖലയിലെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് ബോംബാക്രമണം നടത്തുന്നത് ദുരന്തതുല്യമായിരിക്കും. ട്രംപിന്റെ സമീപകാല പ്രസ്താവനകള്‍ ഇറാനുമായുള്ള യുഎസ് ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും റഷ്യ വിലയിരുത്തുന്നു. ' ഇനിയും സമയമുണ്ട്. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍ യുക്തമായ ധാരണയില്‍ എത്താനുള്ള പരിശ്രമം ഇരട്ടിയാക്കേണ്ടിയിരിക്കുന്നു. റഷ്യ ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്', റയബക്കോവ് പറഞ്ഞു.