ഐഫോണ്‍ 16 ലെ ഫീച്ചറുകള്‍ പഴയതെന്ന് വിമര്‍ശനം; ആപ്പിളിനെ കളിയാക്കി സാംസങ്ങ് രംഗത്ത്; ഈ ഫോണ്‍ മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കെന്ന് എക്സിലെ പോസ്റ്റ്

സ്മാര്‍ട്ട് ഫോണ്‍ രംഗത്തും അനുദിനം മത്സരം മുറുകുന്നു

Update: 2024-09-11 07:14 GMT

ന്യൂഡല്‍ഹി: എല്ലാക്കാലത്തും ഒരു ആഡംബര സൂചകമായിപ്പോലും ഉപഭോക്താക്കള്‍ കൊണ്ട് നടക്കുന്നത് ആപ്പിള്‍ പ്രൊഡക്ടുകള്‍.പ്രത്യേകിച്ചും ഫോണ്‍, വാച്ച് തുടങ്ങിയ ഗാഡ്ജസ്റ്റുകള്‍.അതിനാല്‍ തന്നെ ആപ്പിള്‍ ഉത്്പന്നങ്ങളുടെ ഒരോ ലോഞ്ചും ഉപഭോക്താക്കള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടാണ് കഴിഞ്ഞ ദിവസം ഐഫോണ്‍ 16 കമ്പനി പുറത്തിറക്കിയത്.പക്ഷെ ഫോണിന്റെ ഫീച്ചേഴ്സ് വിശദമാക്കിയതോടെ പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടായിരിക്കുന്നത്.

ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്നാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്.ഐഫോണ്‍ 16 ന്റെതായി കമ്പനി അവതരിപ്പിച്ച പല ഫീച്ചേഴ്സുകളും ആന്‍ഡ്രോയിഡ് നിര്‍മാതാക്കള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.സ്മാര്‍ട്ട് ഫോണ്‍ രംഗത്തും അനുദിനം മത്സരം വര്‍ധിക്കുന്നത് തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണമായി പറയുന്നതും.

ഫോണ്‍ രംഗത്തെ മത്സരം മുറുകുന്നവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഐഫോണ്‍ 16 പുറത്തിറക്കിയതിന് പിന്നാലെ ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ്ങ് എക്സില്‍ പങ്കുവെച്ച പോസ്റ്റ്.ഐഫോണിനെ ട്രോളിയുള്ളതാണ് കുറിപ്പ്.'ഇത് മടക്കാന്‍കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്ക്' എന്നെഴുതിയ പോസ്റ്റ് പങ്കുവെച്ചാണ് സാംസങ്ങിന്റെ ട്രോള്‍.എന്നാല്‍ 2022 ല്‍ കമ്പനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്യുകയായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം.' ഇപ്പോഴും കാത്തിരിക്കുകയാണെന്നും സാംസങ് പറയുന്നു.

അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാന്‍ ഈ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റിന് സാധിച്ചിട്ടില്ലെന്നതാണ് പലരും വിമര്‍ശിക്കുന്നത്.ഐഫോണ്‍ 16 സീരീസ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കളിയാക്കി സാംസങ് രംഗത്ത് വന്നതും ഇക്കാരണത്താലാണ്.പുതിയ കണ്ടെത്തലുകള്‍ നടത്തുന്നത് പത്ത് വര്‍ഷം മുമ്പ് തന്നെ ആപ്പിള്‍ അവസാനിപ്പിച്ചതാണെന്ന് ഒരു എക്‌സ് യൂസര്‍ പറയുന്നു.ആപ്പിള്‍ ഇന്റലിജന്‍സിനെയും സാംസങ് ഒരു എക്‌സ് പോസ്റ്റില്‍ കളിയാക്കി.'ഞങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ എഐയുമായി ബന്ധപ്പെട്ട പ്രതീക്ഷകളെ വളരെ ഉയര്‍ത്തിയിരിക്കാം' എന്നും സാംസങ് പറഞ്ഞു.

ഇതാദ്യമായല്ല സാംസങ് ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിട്ടുണ്ട്. വിവിധ സംഗീതോപകരണങ്ങളും കലാ ഉപകരണങ്ങളും ഹൈഡ്രോലിക് പ്രസില്‍ നശിപ്പിക്കുന്നതായി കാണിക്കുന്ന പുതിയ ആപ്പിളിന്റെ ഐപാഡ് പ്രോ പരസ്യം വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്.ആപ്പിളിന്റെ പരസ്യം നിര്‍ത്തിയ ഇടത്ത് നിന്ന് ആരംഭിക്കും വിധമുള്ള പുതിയ പരസ്യ വീഡിയോ ആണ് സാംസങ് അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 16 സീരീസ് ആപ്പിള്‍ അവതരിപ്പിച്ചത്.ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിങ്ങനെ ആപ്പിള്‍ പുതിയതായി നാല് ഐഫോണുകളാണ് അവതരിപ്പിച്ചത്. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നിരവധി പ്രത്യേകതകളുമായാണ് ഐഫോണ്‍ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. 6.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16ന്. എ18 പ്രോ ചിപ്, ക്വാഡ്-പിക്സല്‍ സെന്‍സറുള്ള 48എംപി ഫ്യൂഷന്‍ ക്യാമറ, കസ്റ്റമൈസബിള്‍ ആക്ഷന്‍ ബട്ടണ്‍ എന്നീ പ്രത്യേകതകളുമായെത്തുന്ന ഫോണുകള്‍ അഞ്ച് കളര്‍ ഫിനിഷുകളിലെത്തും.

എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്.എല്ലാ ഐഫോണ്‍ 16 മോഡലിലും ആക്ഷന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സാറ്റലൈറ്റ് മെസേജിങ് സൗകര്യവും സ്മാര്‍ട് സിരിയും മോഡലുകളിലുണ്ട്. 6.7 ഇഞ്ച് ഡിസ്പ്ലേ സ്‌ക്രീനുമായാണ് 16 പ്ലസ് വരുന്നത്. യഥാക്രമം 6.3, 6.9 എന്നിങ്ങനെയാണ് പ്രോ, പ്രോ മാക്സുകളുടെ ഡിസ്പ്ലേ സ്‌ക്രീന്‍.799 ഡോളറാണ് ഐഫോണ്‍ 16ന്റെ ആരംഭ വില. ഇന്ത്യയില്‍ 79,900 രൂപ മുതലാണ് വില. 16 പ്ലസിന് 89, 900 രൂപയാണ് വില. സെപ്തംബര്‍ 13 മുതല്‍ ഇവ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ വഴി സെപ്തംബര്‍ 20 മുതല്‍ വില്‍പന തുടങ്ങും.

അതേസമയം ഇത്തവണയെങ്കിലും ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ഐഫോണ്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2019 ലാണ് സാംസങ് ആദ്യ ഗാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ചത്. തുടര്‍ന്ന് മറ്റ് വിവിധ ആന്‍ഡ്രോയിഡ് ബ്രാന്റുകളും ഫോള്‍ഡബിള്‍ ഫോണുമായി രംഗത്തെത്തിയിരുന്നു. ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ചില കമ്പനികള്‍.

Tags:    

Similar News