ആദ്യം കൊടി പിടിച്ച് എതിര്‍ക്കും, പിന്നെ അടിച്ചുമാറ്റും..! സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയിലും ആവര്‍ത്തിച്ചു; 'സീപ്ലെയിന്‍ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പെങ്കിലും പറയണം പിണറായി'; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍
ആദ്യം കൊടി പിടിച്ച് എതിര്‍ക്കും, പിന്നെ അടിച്ചുമാറ്റും..!
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്ളാഗ് ഓഫ് ചെയ്തത്. അന്ന് ഈ പദ്ധതിയെ എതിര്‍ക്കാന്‍ കൊടിപിടിച്ച് ഇറങ്ങിയത് സിപിഎമ്മായിരുന്നു. കായലിലെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് ഇക്കൂട്ടര്‍ രംഗത്തുവന്നത്. എന്നാല്‍, കാലങ്ങള്‍ക്ക് ശേഷം അന്ന് പദ്ധതിയെ എതിര്‍ത്തവര്‍ തങ്ങളുടെ വികസനം എന്ന് അവകാശപ്പെട്ട് സീപ്ലെയിനുമായി രംഗത്തുവന്നു. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോള്‍. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്ളാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ല. സിപിഎം എതിര്‍ത്തു തകര്‍ത്ത അനേകം പദ്ധതികളില്‍ സീപ്ലെയിനും ഇടംപിടിച്ചു.
സീ ബേര്‍ഡ് എന്ന കമ്പനിയുടെ സീപ്ലെയിന്‍ 2019ല്‍ ബാങ്ക് ജപ്തി ചെയ്തു. ഫ്ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീപ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങിയ കേരളത്തിന്റെ സ്വപ്ന പദ്ധതികളെയെല്ലാം എതിര്‍ത്തശേഷം പിന്നീട് സ്വന്തം മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. വികസനത്തില്‍ രാഷ്ട്രീയം കുത്തിനിറക്കുന്ന സിപിഎം നയം മൂലം കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വികസന മുരടിപ്പിനും കണക്കുകളില്ല. സിപിഎമ്മിന്റെ രാഷ്ട്രീയലാഭത്തില്‍ അവയെല്ലാം എഴുതിച്ചേര്‍ത്തെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ യുഡിഎഫ് കാലത്ത് സീപ്ലെയിന്‍ പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്തുവെന്നും ആ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടി എടുത്തതെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരരും രംഗത്തുവന്നിരുന്നു. പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്തവര്‍ ഇന്ന് ചിത്രത്തില്‍ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. തടസ്സപ്പെടുത്തിയവര്‍ നടപ്പാക്കിയിട്ട് തങ്ങളാണ് കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി പതിനൊന്നു വര്‍ഷം മുമ്പ് വരേണ്ടതായിരുന്നു. സീ പ്ലെയിന്‍ പദ്ധതി ഇത്രയും വൈകിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ പറയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിന്റെ കണ്ണില്‍ വികസനത്തെ കാണുന്നില്ല. യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയവും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മറ്റൊരു നയവും ശരിയല്ല എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കര പരമ്പരാഗത എല്‍ഡിഎഫ് സീറ്റ് അല്ലെന്നും തിരിച്ചുപിടിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ മികച്ച ജലപാതകളെ ആകാശമാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സീപ്ലെയിന്‍ ടൂറിസം വികസിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ല് തന്നെയാണ് ഈ വിമാനം എന്നാണ് സര്‍ക്കാര്‍ അവകാശവാദം.
സീപ്ലെയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സന്ദര്‍ശകര്‍ക്ക് കേരളത്തിലെ പ്രശസ്തമായ കായലുകളുടെയും തീരദേശ ഭൂപ്രകൃതികളുടെയും അതുല്യമായ ആകാശ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നതിനൊപ്പം തന്നെ കേരളത്തിലെ നദികള്‍, തടാകങ്ങള്‍, ലഗൂണുകള്‍ എന്നിവയുടെ വിപുലമായ കാഴ്ച്ചയും, ജലപാതകളുടെ ഭംഗിയും പറക്കലിന്റെ ആവേശവും കൂട്ടിച്ചേര്‍ക്കുന്ന ഒരു മികച്ച പദ്ധതി തന്നെയാണ് ഈ സീപ്ലെയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
ഒരേസമയം 15 പേര്‍ക്കാണ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. തിങ്കളാഴ്ച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയില്‍ നിന്നും വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റുമാണ് 'ഡി ഹാവിലാന്‍ഡ് കാനഡ'യുടെ സേവന ഓപ്പറേറ്ററുമാര്‍.
ആന്ധ്രാപ്രദേശിലും കര്‍ണാടകയിലുമാണ് ട്രയല്‍ സര്‍വീസ് നടത്തിയത്. വിക്ഷേപണത്തിന് മുന്നോടിയായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഇന്ത്യന്‍ നേവി, സീ പ്ലെയിന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഉന്നതതല പരിശോധന നടന്നിരുന്നു.