ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവര്‍ ഈ നാട്ടിലുണ്ട്; പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുന്നു; അപകടകരമായ സ്ഥിതിവിശേഷമാണിത്; ദീപക്കിന്റെ മരണത്തില്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള; ലീഗ് നേതാവായ യുവതിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിജെപി
ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവര്‍ ഈ നാട്ടിലുണ്ട്
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയതില്‍ പ്രതികരണവുമായി ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ദീപക്കിന്റെ മരണത്തെ സംബന്ധിച്ചിടത്തോളം നടപടിക്രമങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ദീപക്കിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാ് ശ്രീധരന്‍ പിള്ള വിഷയത്തില്‍ പ്രതികരിച്ചത്.
'സംസ്ഥാനത്തുടനീളം പുതിയ പ്രവണതയായി ഇത് മാറിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരത്തില്‍ വീഡിയോ എടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. രണ്ടാഴ്ച മുന്‍പും ഇതുപോലുള്ള സംഭവമുണ്ടായി. അപകടകരമായ സ്ഥിതിവിശേഷമാണ്. സ്ത്രീകളോട് ബന്ധപ്പെട്ട സംഭവമായി മാറ്റികൊണ്ട് പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുക. ഇത്തരത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതാണ് സ്ഥിതിയെങ്കില്‍ രാജ്യം എങ്ങോട്ടുപോകുമെന്ന അപകടം പതിയിരിക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
10.15നാണ് വിവരം അറിഞ്ഞതെന്നാണ് പോലീസ് പ്രാഥമിക വിവരരേഖയില്‍ പറയുന്നത്. അസാധാരണ മരണം എന്ന നിലയ്ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആത്മഹത്യാ പ്രേരണാകുറ്റമാണെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ മനസിലാകും. 10 കൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എട്ടരയ്ക്ക് മൃതദേഹം എടുക്കുമ്പോഴും പ്രധാന കാരണം ഈ വീഡിയോ ആണ്. എന്നാല്‍ പോലീസ് അസാധാരണ മരണം എന്ന വകുപ്പുമാത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴും ഈ കാര്യം മറച്ചുവച്ചിരിക്കുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ഈ നിമിഷം വരെ ചേര്‍ത്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സമൂഹമാധ്യമത്തില്‍ വ്യക്തിഹത്യ നടത്തി പണം സമ്പാദിക്കാനുള്ള നീക്കത്തില്‍ ആരാണ് കേരളത്തില്‍ സുരക്ഷിതര്‍. ഒരു കോണ്‍സ്റ്റബിളും പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീയും വിചാരിച്ചാല്‍ ആരെയുംകുടുക്കാമെന്ന സ്ഥിതി കൂടുതല്‍ ആത്മഹത്യകള്‍ സൃഷ്ടിക്കും. മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു, മുന്‍ ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍, ജില്ലാ ജന.സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
അതേസമയം ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് തെളിവു നശിപ്പിക്കാന്‍ പൊലീസ് അവസരം നല്‍കരുതെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു. പ്രതിക്ക് വിഡിയോ പോസ്റ്റ് ചെയ്യാന്‍ മൗനാനുവാദം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെന്നും പറഞ്ഞു. ദീപക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. യുവജനതാദള്‍ ജില്ലാ സെക്രട്ടറി സി . സര്‍ജാസ് ഒപ്പമുണ്ടായിരുന്നു.
സമൂഹമാധ്യമത്തില്‍ അപമാനിക്കപ്പെട്ട് ജീവനൊടുക്കിയ ദീപക്കിന്റെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.സുധീര്‍ പറഞ്ഞു. ദീപക്കിന്റെ മരണത്തില്‍ ബിജെപി കുതിരവട്ടം വാര്‍ഡ് കമ്മിറ്റി ഗോവിന്ദപുരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. മെഡിക്കല്‍ കോളജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദീപക്കിന്റെ കുടുംബത്തെ അപമാനിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യുവതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും കേസ് ദുര്‍ബലമാക്കുന്നതിന് ആവശ്യമായിട്ടുള്ള രീതിയില്‍ പ്രവര്‍ത്തിക്കുകയുമാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
