അന്‍വറും സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; താമിര്‍ ജിഫ്രി കേസില്‍ മുന്‍ എസ് പിയെ ചോദ്യം ചെയ്തു; അന്‍വറിനേയും കേന്ദ്ര ഏജന്‍സി വിളിപ്പിച്ചേക്കും

പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ശ്രമിച്ചുവെന്ന് താമിറിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

Update: 2024-09-13 01:45 GMT


തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തത് പി.വി.അന്‍വര്‍ എം.എല്‍.എ.യുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായതിനെത്തുടര്‍ന്ന്. ഫോണ്‍ സംഭാഷണത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ അടക്കം കടന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദ ചോദ്യം ചെയ്യല്‍ നടന്നത്. സുജിത് ദാസിന്റെ മൊഴി കേന്ദ്ര ഏജന്‍സി വിശദമായി പരിശോധിക്കും. അന്‍വറിനെ ചോദ്യം ചെയ്യുന്നതും സിബിഐയുടെ പരിഗണനയിലുണ്ട്.

കഴിഞ്ഞവര്‍ഷമാണ് മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കേ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായതിനെത്തുടര്‍ന്ന് പത്തനംതിട്ട മുന്‍ എസ്.പി.യായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മുന്‍ എസ്.പി.യെ ചോദ്യം ചെയ്തത്. സുജിത് ദാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഈ കേസില്‍ അന്‍വര്‍ ഉയര്‍ത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധസേനയാണ്(ഡാന്‍സാഫ്) താമിറിനെയും സംഘത്തെയും അറസ്റ്റുചെയ്തത്. താനൂരില്‍നിന്ന് എം.ഡി.എം.എ.യുമായി ഇവരെ അറസ്റ്റുചെയ്തുവെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, ചേളാരി ആലുങ്ങലിലെ ഒരു വാടകമുറിയില്‍നിന്നാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ജിഫ്രിയുടെ സുഹൃത്തുക്കള്‍ പിന്നീട് സി.ബി.ഐ.യ്ക്കു മൊഴിനല്‍കി. പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ശ്രമിച്ചുവെന്ന് താമിറിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

താമിര്‍ അനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ വ്യക്തമായ ചിത്രമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കസ്റ്റഡി മര്‍ദ്ദനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളും സിവില്‍ പൊലീസ് ഓഫീസര്‍മാരുമായ ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്‍വര്‍ ആരോപിച്ച എസ്.പി എസ്. സുജിത്ദാസിനെതിരെ കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന ബന്ധം ദുരുപയോഗിച്ചോയെന്നാണ് പരിശോധിക്കുന്നത്. മലപ്പുറം എസ്.പിയായിരിക്കെ സ്വര്‍ണക്കടത്തിന് ഒത്താശ നല്‍കിയെന്നും അന്‍വര്‍ ആരോപിച്ചത്. ഐ.പി.എസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസില്‍ സുജിത് ദാസ് പ്രവര്‍ത്തിച്ചിരുന്നു.

തനിക്കെതിരായ പരാതി പിന്‍വലിച്ചാല്‍ എന്നും പി.വി അന്‍വറിന്റെ വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍സംഭാഷണം സേനയ്ക്ക് നാണക്കേടായിരുന്നു. സുജിത്തിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ മുക്കാലും അടിച്ചുമാറ്റുന്നതായി അന്‍വര്‍ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വര്‍ണത്തില്‍ 300 ഗ്രാംവരെ കുറവുണ്ടെന്ന് കണ്ടെത്തി സുജിത്തിനെതിരേ കസ്റ്റംസ് അന്വേഷണം തുടങ്ങുകയും ചെയ്തു. ഗുരുതര ചട്ടലംഘനം കണ്ടെത്തിയാണ് സസ്പെന്‍ഡ് ചെയ്തത്.

പിടികൂടുന്ന കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി മാറ്റി കോടികളുണ്ടാക്കി. പ്രതികളില്‍ നിന്ന് പണം വാങ്ങി, മലപ്പുറം എസ്.പിയായിരിക്കെ ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ മുറിച്ച് കടത്തി തുടങ്ങിയ ആരോപണങ്ങള്‍ സുജിത് ദാസിനെതിരെ ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News