ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ കണ്ടെത്തിയ കരിഞ്ഞ നോട്ടുകളുടെ ചിത്രം പുറത്തുവിട്ട് സുപ്രീം കോടതി; കത്തിക്കരിഞ്ഞത് 15 കോടിയോളം നോട്ടുകെട്ടുകള്‍; ജഡ്ജിക്കെതിരെ കുരുക്ക് മുറുകുന്നു; അന്വേഷണത്തിന് മലയാളികള്‍ ഉള്‍പ്പെടെ മൂന്നംഗ സമിതി; ജസ്റ്റിസ് വര്‍മ്മയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി; തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്ന് ജസ്റ്റിസ് വര്‍മ്മ

Update: 2025-03-23 00:38 GMT

ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കി സുപ്രീം കോടതി. തെളിവുകളടങ്ങുന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജഡ്ജിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ കറന്‍സി നോട്ടുകളുടെ ചിത്രവും റിപ്പോര്‍ട്ടിലുണ്ട്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നടത്തിയ അപൂര്‍വമായ നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്.

കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമായി കൂടിയാലോചിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രേഖകള്‍ പരസ്യമാക്കിയത്. അതേസമയം, വീഡിയോയുടെ ഉള്ളടക്കം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും തന്നെ കള്ളക്കേസില്‍ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് ഇതെന്നും ജസ്റ്റിസ് വര്‍മ്മ ആരോപിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച കെട്ടുകണക്കിന് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വീട്ടില്‍ നിന്നു പണം കണ്ടെത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ് സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമന്‍ എന്നിവരുടെ സമിതി അന്വേഷിക്കും. ജസ്റ്റിസ് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

അതേസമയം, ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച നിലപാടു മാറ്റി. മാര്‍ച്ച് 14-ന് രാത്രിയിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്താനും നിര്‍ദേശമുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ജസ്റ്റിസ് വര്‍മ്മയില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയോട് നിര്‍ദേശിച്ചു.

Tags:    

Similar News