ആശ സമരപ്പന്തലില്‍ പോയത് വീട്ടില്‍ വന്ന് ക്ഷണിച്ചതിനാല്‍; ഇനിയും പോകാന്‍ തയാറാണ്; സമരക്കാരെ പക്ഷത്തു നിര്‍ത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല; സാധ്യമാകുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് പറഞ്ഞത്; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരിച്ചു സുരേഷ് ഗോപി

ആശ സമരപ്പന്തലില്‍ പോയത് വീട്ടില്‍ വന്ന് ക്ഷണിച്ചതിനാല്‍

Update: 2025-03-23 14:58 GMT

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടില്‍ വന്ന് ക്ഷണിച്ചതിനെ തുടര്‍ന്നാണ് ആശ സമരപ്പന്തലിലെത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇനിയും പോകാന്‍ തയാറാണ്. സമരക്കാരെ പക്ഷത്തു നിര്‍ത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല. സാധ്യമാകുന്നത് ചെയ്യാന്‍ ശ്രമിച്ചിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

അലവന്‍സ് കൂട്ടേണ്ടത് കേന്ദ്രമല്ലേ എന്ന ചോദ്യത്തിന് 2005ല്‍ ഇത് കൊണ്ടുവന്നവരോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. മന്ത്രി ആര്‍. ബിന്ദുവിന്റെ പരിഹാസം പുച്ഛത്തോടെ തള്ളുന്നെന്നും അവര്‍ക്കും വേണ്ടേ ഒരു എന്റര്‍ടെയിന്‍മെന്റ് എന്നും അദ്ദേഹം ചോദിച്ചു. അതേസമരം സമരത്തെ ആത്മാര്‍ത്ഥതയോടെയാണ് താന്‍ കണ്ടതെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആത്മാര്‍ത്ഥത അവസാനം വരെ ഉണ്ടാകും. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്.

ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിയെ താന്‍ കുറ്റം പറയാനില്ല. എടുത്തു ചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. അതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുര്‍വാഖ്യാനം ചെയ്തു. വിഷയത്തിന്റെ ഗൗരവം ചോര്‍ന്ന് പോകും. മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു.

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങള്‍ താഴ്ത്തിക്കാണേണ്ടതില്ല. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാ വര്‍ക്കര്‍മാര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ആശ വര്‍ക്കാര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരുകയാണ്.

അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അനുമതി കിട്ടിയാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ആവശ്യങ്ങള്‍ ഉന്നയിക്കും. കാണുമെന്ന് ഉറപ്പിച്ച് തന്നെയാണ് അനുമതി തേടിയതെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News