അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവര്‍; അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജികളയച്ചു; ഡമ്മി മുഖ്യമന്ത്രിയെന്ന് സ്വാതി മലിവാള്‍; രാജിവെക്കെന്ന് ആംആദ്മി പാര്‍ട്ടി

ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്ന് സ്വാതി മലിവാള്‍

Update: 2024-09-17 10:37 GMT

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷി മര്‍ലേനക്കെതിരെ ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാള്‍. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നും സ്വാതി പറഞ്ഞു. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും സ്വാതി പരിഹസിച്ചു. അതേ സമയം നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിയ്ക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കാന്‍ സ്വാതി മലിവാളിനോട് എ.എ.പി ആവശ്യപ്പെട്ടു.

ഡല്‍ഹിക്ക് അത്രമേല്‍ ദൗര്‍ഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്ത്രീ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നു. ഭീകരവാദിയായ അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ സുദീര്‍ഘപോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. അയാള്‍ (അഫ്സല്‍ ഗുരു) നിരപരാധിയാണെന്നും തൂക്കിലേറ്റരുതെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അവരുടെ (അതിഷി) മാതാപിതാക്കള്‍ പലവട്ടം രാഷ്ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു.

എത്രമാത്രം തെറ്റാണിത്. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ നമുക്കെല്ലാം അറിയാം, അവര്‍ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്ന്. എന്നിരുന്നാലും ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം അവര്‍ മുഖ്യമന്ത്രിയാകും. ഇത് രാജ്യത്തിന്റെയും ഒപ്പം ഡല്‍ഹിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ഡല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ എന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്.

സ്വാതിയുടെ വിമര്‍ശനത്തിന് പിന്നാലെ എ.എ.പിയുടെ മുതിര്‍ന്ന നേതാവ് ദിലീപ് പാണ്ഡേ രംഗത്തെത്തി. എ.എ.പിയുടെ എം.പിയായി പാര്‍ലമെന്റില്‍ എത്തിയ സ്വാതി, ബി.ജെ.പിയുടെ തിരക്കഥ വായിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വാതിക്ക് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത് എ.എ.പിയില്‍നിന്നാണ്. എന്നാല്‍ പ്രതികരിക്കാനുള്ള തിരക്കഥ ബി.ജെ.പിയില്‍നിന്ന് കൈപ്പറ്റി. അവര്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ രാജ്യസഭ എം.പി. സ്ഥാനം രാജിവെക്കണം. ബി.ജെ.പി. ടിക്കറ്റില്‍ രാജ്യസഭയിലേക്കുള്ള വഴി കണ്ടെത്തണം. അവര്‍ രാജ്യസഭയിലിരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ബി.ജെ.പിയില്‍നിന്ന് ടിക്കറ്റ് സ്വീകരിക്കണം, പാണ്ഡേ പറഞ്ഞു.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു.

ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

നേരത്തെ കെജ്രിവാളിന്റെ വസതിയില്‍ വെച്ച് പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സ്വാതി പരാതി നല്‍കിയിരുന്നു. ബിഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News