ഞാൻ എന്ത് തെറ്റാണ് ചെയ്തത്; കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയത് വെറുതെ..!!; ഭക്ഷണത്തിന് മുന്നിൽ യുവതി 'ചമ്രം' പടിഞ്ഞിരിക്കുന്ന രീതി കണ്ട് 'താജ്' ജീവനക്കാർക്ക് അസ്വസ്ഥത; ഇങ്ങനെ ഇരിക്കല്ലേ..ഇത് ശരിയല്ലെന്ന് വിലക്കൽ; പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
മുംബൈ: മുംബൈയിലെ പ്രമുഖ ഹോട്ടലായ താജ് പാലസ് ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിൽ വെച്ച് 'ചമ്രം'പടിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചതിന് ഹോട്ടൽ ജീവനക്കാർ വിലക്കിയതായി ആരോപിച്ച് യുവതി പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു. ഹോട്ടൽ മാനേജ്‌മെന്‍റിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് യുവതി പങ്കുവെച്ച വിഡിയോ 'എക്സ്' (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാധ്യമ പ്രവർത്തക കൂടിയായ ശ്രദ്ധ ശർമ്മയാണ് തനിക്ക് നേരിട്ട അനുഭവം വിഡിയോയിലൂടെ പങ്കുവെച്ചത്.
വിഡിയോയിൽ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹോട്ടൽ മാനേജർ തന്നെ സമീപിച്ചതായും, ചമ്രംപടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നത് മറ്റ് അതിഥികൾക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും അതിനാൽ അങ്ങനെ ഇരിക്കരുതെന്നും ആവശ്യപ്പെട്ടതായും ശ്രദ്ധ ശർമ്മ പറയുന്നു. "കഷ്ടപ്പെട്ട് പണമുണ്ടാക്കി താജ് ഹോട്ടലിൽ വരുന്ന സാധാരണക്കാർ ഇപ്പോഴും ഈ രാജ്യത്ത് അപമാനവും നിന്ദയും നേരിടേണ്ടി വരുന്നു. എൻ്റെ തെറ്റ് എന്തായിരുന്നു? ഞാൻ ചമ്രംപടിഞ്ഞിരുന്നു എന്നതോ? എങ്ങനെ ഇരിക്കണം, എന്ത് ചെയ്യണം എന്ന് താജ് എന്നെ പഠിപ്പിക്കുന്നത് തെറ്റാണോ?" എന്ന ചോദ്യങ്ങളോടെയാണ് ശ്രദ്ധ ശർമ്മ തൻ്റെ അതൃപ്തി രേഖപ്പെടുത്തിയത്.
ഈ വിഡിയോ പോസ്റ്റ് ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഹോട്ടലിൻ്റെ നടപടി അനാവശ്യവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ ശ്രദ്ധ ശർമ്മയ്ക്ക് പിന്തുണ അറിയിച്ചു. "ഇനി താജ് ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണമെന്ന് ജീവനക്കാർ പറഞ്ഞുതരും. പണം കൊടുത്ത് ഭക്ഷണം കഴിച്ചിട്ടും ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് സൗകര്യമായി ഇരിക്കാൻ പോലും കഴിയില്ല! ബ്രിട്ടീഷുകാർ പോയെങ്കിലും അവരുടെ നിയമങ്ങൾ പോയിട്ടില്ല," എന്നായിരുന്നു ഒരു ഉപയോക്താവിൻ്റെ പ്രതികരണം.
എന്നാൽ, ഈ വിഷയത്തിൽ എല്ലാപേരും ശ്രദ്ധയ്ക്ക് അനുകൂലമായി പ്രതികരിക്കുന്നില്ല. ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് അവരുടേതായ ചില മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ ഹോട്ടലിനെ പിന്തുണച്ചും രംഗത്തെത്തി. "എല്ലാ സ്ഥലത്തും ഇരിക്കുന്നതിന് നിയമങ്ങളുണ്ട്. കസേരയിലിരുന്ന് ചമ്രംപടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കരുത്. തറയിൽ നിന്നോ മറ്റോ ആണ് അങ്ങനെ ഭക്ഷണം കഴിക്കേണ്ടത്. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ സ്ഥലങ്ങളുണ്ട്. എവിടെ ചെന്നാലും നമ്മുടെ വഴിക്ക് കാര്യങ്ങൾ നടക്കണമെന്ന് ചിന്തിക്കുന്നതാണ് പല ഇന്ത്യക്കാരുടെയും പ്രശ്നം," മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഈ സംഭവത്തെക്കുറിച്ച് താജ് ഹോട്ടൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോട്ടൽ മാനേജ്‌മെന്‍റിൻ്റെ ഭാഗത്ത് നിന്ന് വിശദീകരണം ലഭ്യമല്ലാത്തതിനാൽ വിഷയത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും, ഉയർന്നുവന്നിരിക്കുന്ന വിവാദം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും, ഇത്തരം പ്രവർത്തികൾ ഫാസിസ്റ്റ് പ്രവണതകളാണെന്നും പലരും അഭിപ്രായപ്പെടുന്നു.