'ആഗ്രഹം' നിറവേറ്റിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഒപ്പം സെല്‍ഫി; തരൂരിനെ ബിജെപി റാഞ്ചുമോ? മോദിയുടെ വിദേശ സന്ദര്‍ശനത്തെ വാഴ്ത്തിയതിന് പിന്നാലെയുള്ള പോസ്റ്റും കോണ്‍ഗ്രസിനുള്ള സന്ദേശം?

തരൂരിനെ ബിജെപി റാഞ്ചുമോ?

Update: 2025-02-25 13:11 GMT

ന്യൂഡല്‍ഹി: ശശി തരൂര്‍ എം പി ഇടത്തോട്ടോ, വലത്തോട്ടോ ചായുമോ? ലേഖന വിവാദവും, ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖ വിവാദവും എല്ലാമായി അന്തരീക്ഷം ചൂടുപിടിച്ചിരിക്കുന്നതിനിടെ ചൊവ്വാഴ്ചത്തെ തരൂരിന്റെ എക്‌സിലെ ഒരുപോസ്റ്റ് ചര്‍ച്ചയാകുന്നു. കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലിനൊപ്പമുള്ള ചിത്രമാണ് തിരുവനന്തപുരം എം പി പങ്കുവച്ചിരിക്കുന്നത്. ഇതോടെ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുകയായി.

പിയൂഷ് ഗോയലിനും, ബ്രിട്ടീഷ് വാണിജ്യകാര്യ സെക്രട്ടറി ജോനാഥന്‍ റെയ്‌ണോള്‍ഡിനും ഒപ്പമുള്ള ചിത്രമാണ് തരൂര്‍ ഷെയര്‍ ചെയ്്തത്. ഇന്ത്യ-യുകെ വാണിജ്യ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ചിത്രം പകര്‍ത്തിയത്. മൂവരും പുഞ്ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രത്തിന് കുറിപ്പുമുണ്ട്

'ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സുമായി വാണിജ്യ വ്യവസായ മന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പം ആശയവിനിമയം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു, ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്'- തരൂര്‍ ചിത്രം പങ്കുവച്ച് എക്‌സില്‍ കുറിച്ചു.

മോദിയുടെ വിദേശസന്ദര്‍ശനത്തെയും, പിണറായി സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയെയും ലേഖനത്തില്‍ പ്രകീര്‍ത്തിച്ചതോടെയാണ് തരൂരും കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം ഉലഞ്ഞത്. സംസ്ഥാനത്തെ ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് പണിപ്പെടുമ്പോള്‍ വന്ന തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. താന്‍ ഇടതുസര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത് അല്ലെന്നും, സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ പുരോഗതി എടുത്തുകാട്ടുകയാണ് ഉണ്ടായതെന്നും തരൂര്‍ വിശദീകരിച്ചെങ്കിലും വിലപ്പോയില്ല. പരാതി ഹൈക്കമാന്‍ഡിന്റെ പക്കല്‍ എത്തിയതോടെ, എംപിയുടെ കൂടി ആവശ്യപ്രകാരം രാഹലുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖം വന്നത്. ആ അഭിമുഖവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിട്ടേക്കും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിവിധ സര്‍വേകളില്‍, നേതൃസ്ഥാനത്ത് താനാണ് മുന്‍പന്തിയില്‍ എന്നും തരൂര്‍ അവകാശപ്പെട്ടിരുന്നു.

താനും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിച്ച മാധ്യപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഞായറാഴ്ച തരൂര്‍ കൂട്ടാക്കിയില്ല. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോയി കാണൂ എന്നായിരുന്നു മറുപടി. പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുന്നുവന്നും, തന്റെ പങ്കുവ്യക്തമായി നിര്‍വചിക്കണമെന്നും തരൂര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് പാര്‍ട്ടി പിന്തുണയ്ക്കപ്പുറം ജനകീയ പിന്തുണ ഉളളതുകൊണ്ടാണ് താന്‍ തിരുവനന്തപുരത്ത് നാലുവട്ടം എം പിയായതെന്നും പാര്‍ട്ടിയില്‍ ആ രീതിയില്‍ ചിന്തിക്കണമെന്നും തരൂര്‍ പറയുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഡോ.പി സരിനെ റാഞ്ചിയെടുത്ത പോലെ തരൂരിനെയും സിപിഎം ഉന്നം വയ്ക്കുന്നുണ്ട്. തരൂര്‍ അനാഥനാവില്ലെന്ന തരത്തില്‍ സിപിഎം നേതാക്കളുടെ പ്രസ്താവനകളും വന്നു. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തിയുള്ള തരൂരിനെ ബിജെപി തട്ടിയെടുക്കുമോ എന്നും സിപിഎം ആശങ്കപ്പെടുന്നു. പിയൂഷ് ഗോയലിന് ഒപ്പമുള്ള ചിത്രം അത്ര നിഷ്‌ക്കളങ്കമായി രാഷ്ട്രീയ കക്ഷികള്‍ക്ക് തോന്നാത്തതും അതുകൊണ്ടാണ്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, കേന്ദ്രമന്ത്രി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം, പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എന്നിവ പാര്‍ട്ടി തരൂരിന് നല്‍കി. എന്നിട്ടും തരൂര്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നു. അതിനാല്‍ തരൂരിന്റെ കാര്യത്തില്‍ പ്രതികരണം വേണ്ടെന്നും തത്കാലം അവഗണിക്കാമെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മുന്നില്‍ നിര്‍ത്തിയാലേ യുഡിഎഫ് വിജയിക്കൂ എന്ന അവകാശവാദവും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നു. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂര്‍ മുന്നോട്ട് വരികയാണ്. പ്രവര്‍ത്തകസമിതി അംഗം എന്ന നിലയിലും സ്വീകാര്യത കണക്കിലെടുത്തും മുഖ്യമന്ത്രിസ്ഥാനം തരൂര്‍ ആഗ്രഹിക്കുന്നു. ലോക്‌സഭാംഗവും പ്രവര്‍ത്തകസമിതി അംഗവും പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം തരൂരിനെ കാണുന്നത്. ഈ പദവികളെല്ലാം ഉണ്ടെങ്കിലും അര്‍ഹമായ റോള്‍ ഇല്ലെന്ന് തരൂര്‍ വിലയിരുത്തുന്നുണ്ട്.

ആ ആഗ്രഹം പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്; അതു നിറവേറ്റപ്പെട്ടില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. അതു മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള പുറപ്പാടല്ലെന്നും എഴുത്തിന്റെയും വായനയുടെയും വഴിയാണെന്നും വിശദീകരിച്ചെങ്കിലും അങ്ങനെ സ്വതന്ത്രനായി തുടരുക എളുപ്പമല്ലെന്നും പാര്‍ട്ടി പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്ത് ആശയക്കുഴപ്പം നിലനിര്‍ത്തുന്നുമുണ്ട്.


Tags:    

Similar News