ബിജെപിക്ക് വേണമോ വേണ്ടയോ എന്നറിയില്ല; എന്നാല്‍ ആരിഫ് മുഹമ്മദ് ഖാനെ അഞ്ചു കൊല്ലം കൂടി തിരുവഞ്ചൂരിന് വേണം; കോണ്‍ഗ്രസ് നേതാവിന്റെ അസാധാരണ ആശംസ

ആരിഫ് മുഹമ്മദ് ഖാനെ അഞ്ചു കൊല്ലം കൂടി തിരുവഞ്ചൂരിന് വേണം

Update: 2024-09-05 06:05 GMT

കോട്ടയം: ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന് ആശംസകളുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തമ്പോള്‍ രാഷ്ട്രീയ കേരളവും ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ചുവര്‍ഷംകൂടെ തുടരട്ടേയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പ്രതികരിച്ചു. കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങിലായിരുന്നു തിരുവഞ്ചൂരിന്റെ ആശംസ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടകനായിരുന്നു. മലയാളത്തിലുള്ള തിരുവഞ്ചൂരിന്റെ പ്രസംഗത്തെ ചിരിയോടയും കൈയ്യടിയോടയും ഗവര്‍ണര്‍ സ്വാഗതംചെയ്തു.

'ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്', എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രസംഗം. തീര്‍ത്തും അസാധാരണ ആശംസയാണ് ഇത്.

ബിജെപിയുടെ പിന്തുണയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണ്ണറാകുന്നത്. പിണറായി സര്‍ക്കാരിനെ നേരിട്ട് വെല്ലുവിളിച്ച ഗവര്‍ണ്ണറാണ് അദ്ദേഹം. കോണ്‍ഗ്രസുകാര്‍ ഗവര്‍ണ്ണറെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു കൊല്ലം ആകുമ്പോള്‍ സാധാരണ ഗവര്‍ണ്ണറെ മാറ്റും. കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ഗവര്‍ണ്ണറില്‍ ഇനിയും കേന്ദ്ര സര്‍ക്കാര്‍ തുടര്‍ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ ആശംസ. മുമ്പ് കോണ്‍ഗ്രസിലായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത സുഹൃത്തുക്കളാണ് കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും.

പിന്നീട് മാധ്യമങ്ങളോടും തിരുവഞ്ചൂര്‍ നിലപാട് ആവര്‍ത്തിച്ചു. സ്ഥാനത്ത് ഉണ്ടായിരുന്ന അഞ്ചുകൊല്ലം, അദ്ദേഹം സാന്നിധ്യം നന്നായി അറിയിച്ചു. അതില്‍ ശരികാണുന്നവരും തെറ്റുകാണുന്നവരുമുണ്ട്. അദ്ദേഹത്തിന് സ്ഥാനം നീട്ടിക്കൊടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരും രാഷ്ട്രപതിയുമാണ്. നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ കേരളത്തിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താന്‍. അത് സമൂഹത്തിന് ഗുണംചെയ്യുന്ന വിധത്തില്‍ പോസിറ്റീവായി വിനിയോഗിക്കാന്‍ പറ്റണം. ആ നിലയ്ക്ക് അദ്ദേഹത്തിന് നീട്ടിക്കിട്ടണമെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിന് ഭരണപ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ പദവിയില്‍ തുടരുന്നത്. പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കും രെ പദവിയില്‍ തുടരാം. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചു വര്‍ഷത്തിലധികമായി പദവിയിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന് വീണ്ടും അവസരം കൊടുക്കുമോ എന്ന കാര്യവും അറിയേണ്ടതുണ്ട്. നേരത്തേ ഉപരാഷ്ട്രപതി പദവി ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാന്‍ നീക്കം നടത്തിയെങ്കിലും നറുക്ക് വീണത് ജഗ്ദീപ് ധന്‍കറിനായിരുന്നു. രണ്ടാഴ്ച മുമ്പ് ഗവര്‍ണര്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചെങ്കിലും പദവിയില്‍ തുടരുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

പിണറായി സര്‍ക്കാറുമായി ഏറ്റുമുട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയായിരുന്നു ഗവര്‍ണര്‍ ആദ്യവെടിപൊട്ടിച്ചത്. പിന്നീട് കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ ഗവര്‍ണര്‍ ഇടഞ്ഞതും വാര്‍ത്തയായി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയില്‍നിന്ന് മടങ്ങി. ാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ താല്‍പര്യം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല നിരസിച്ചതോടെ ഏറ്റുമുട്ടലിന് പരസ്യസ്വഭാവം വന്നു. സര്‍ക്കാറിനെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്തസമ്മേളനം വിളിക്കുന്ന സാഹചര്യവുമുണ്ടായി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സര്‍വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ആയുധമാക്കി ഒമ്പത് വി.സിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഇതില്‍ കാലടി, കണ്ണൂര്‍, ഫിഷറീസ് സര്‍വകലാശാല വി.സിമാര്‍ക്ക് പദവി നഷ്ടമായി. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന രീതിയില്‍ സെര്‍ച് കമ്മിറ്റി ഘടനമാറ്റിയുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ദീര്‍ഘനാള്‍ തടഞ്ഞുവെച്ചു. ഇതിനു പിന്നാലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. അതിലും ഗവര്‍ണര്‍ ഒപ്പിട്ടില്ല. ബില്ലുകള്‍ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയതോടെ ഇവ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ 11 സര്‍വകലാശാലകളില്‍ വി.സി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സെനറ്റുകളില്‍ സംഘ്പരിവാര്‍ നോമിനികളെ ഗവര്‍ണര്‍ തിരുകിക്കയറ്റിയതിനെതിരെ എസ്.എഫ്.ഐ ഗവര്‍ണറെ തെരുവില്‍ തടയാനിറങ്ങിത് സംഘര്‍ഷമുണ്ടാക്കി.

Tags:    

Similar News