'നീ നല്‍കുന്ന എല്ലാ വേദനയും ഞാന്‍ ഏറ്റുവാങ്ങുന്നു; എന്റെ ഹൃദയം തകര്‍ന്നുപോകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാന്‍, എന്റെ ഉള്ളം മുഴുവന്‍ നിനക്കുവേണ്ടി ജീവിക്കാനാണ്; വേദനയുടെ പാതയില്‍ ഞാന്‍ വീണ്ടും നടക്കുന്നു..' നോവായി ഡോ. ധനലക്ഷ്മിയുടെ ഫെയസ്ബുക്ക് കുറിപ്പ്; മലയാളി ഡോക്ടറുടെ വിയോഗം വിശ്വസിക്കാനാവാതെ യുഎഇ മലയാളി സമൂഹം
മലയാളി ഡോക്ടറുടെ വിയോഗം വിശ്വസിക്കാനാവാതെ യുഎഇ മലയാളി സമൂഹം
കണ്ണൂര്‍: അബുദാബിയില്‍ മലയാളി ഡോക്ടര്‍ അരയക്കണ്ടി ധനലക്ഷ്മി(54)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് യുഎഇയിലെ മലയാളി സമൂഹം. അബുദാബി മുസഫയിലെ താമസ സ്ഥലത്താണ് കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവാസിയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഡോക്ടറുടെ വിയോഗം. ജീവിതത്തെ വളരെ മനോഹരമായി ആസ്വദിച്ചിരുന്ന ഡോക്ടറുടെ വിയോഗം യുഎഇ മലയാളി സമൂഹത്തിന് വിശ്വസിക്കാനേ ആകുന്നില്ല. അടുത്തിടെ ഷാര്‍ജയില്‍ കൊല്ലം സ്വദേശികളായ വിപഞ്ചിക, ഇവരുടെ മകള്‍ ഒന്നര വയസുകാരി വൈഭവി, തുടര്‍ന്ന് അതുല്യ(30) എന്നിവരുടെ മരണത്തിന്റെ നടുക്കം മാറും മുന്‍പേയാണ് മലയാളി ഡോക്ടര്‍ കൂടി വിടപറഞ്ഞിരിക്കുന്നത്.
അബുബാദിയിലെ മലയാളികളുടെ സാംസ്‌ക്കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു അവര്‍. എഴുത്തുകാരിയെന്ന നിലയില്‍ കൂടി അബുദാബിയിലെ സാംസ്‌ക്കാരിക മേഖലയില്‍ അവര്‍ സജീവമായിരുന്നു. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം വിവരമറിയുന്നത്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. ജോലിസ്ഥലത്തും അവര്‍ ഇന്നലെ പോയിരുന്നില്ല. മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.
അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഡോക്ടറുടെ വിയോഗത്തില്‍ ആശുപത്രി അധികൃതരും അനുശോചനം രേഖപ്പെടുത്തി.
''നീ നല്‍കുന്ന എല്ലാ വേദനയും ഞാന്‍ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകര്‍ന്നുപോകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാന്‍, എന്റെ ഉള്ളം മുഴുവന്‍ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ പാതയില്‍ ഞാന്‍ വീണ്ടും നടക്കുന്നു. നിന്റെ ഓര്‍മകളില്‍ ഞാന്‍ ജീവിതം കണ്ടെത്തുന്നു. തളര്‍ന്നെങ്കിലും വീണുവെങ്കിലും നിന്റെ സ്‌നേഹത്തില്‍ ഞാന്‍ വീണ്ടും ഉയരുന്നു. മുറിവുകള്‍ താങ്ങുമ്പോഴും ഞാന്‍ മിണ്ടാതെ നില്‍ക്കുന്നു. കാരണം, അവ എന്റെ ആത്മാവിന്റെ ഗാനം ആകുന്നു.
എന്നെ തകര്‍ക്കൂ, എന്റെ ഉള്ളം കീറിയിടൂ, എന്റെ ഹൃദയത്തില്‍ നിനക്കൊരു വേദി നിര്‍മിക്കാം. എന്റെ സ്വപ്നങ്ങള്‍ക്കും കരച്ചിലും നിന്റെ സ്‌നേഹത്തിന്റെ മധുരവും വേദനയും, എന്റെ ഓരോ അധരം ചിരിക്കാന്‍ പഠിക്കുന്നു. കാരണം നീയാണ് എന്റെ ഹൃദയത്തിന്റെ നിത്യപ്രകാശം...'' ഡോ. ധനലക്ഷ്മി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ ജീവിതാനുഭവങ്ങള്‍ കാവ്യാത്മകമായും സമകാലിക വിഷയങ്ങള്‍ ശക്തമായ ഭാഷയിലും എഴുതിയ ഒട്ടേറെ പോസ്റ്റുകള്‍ ഈ ജനപ്രിയ ഡോക്ടറുടെ സമൂഹമാധ്യമ പേജുകളില്‍ കാണാം.
അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ ധനലക്ഷ്മി അബുദാബിയിലെ കലാ സാമൂഹിക സാംസ്‌കാരിക, കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ഡോക്ടറെ ആരും കണ്ടിട്ടില്ല. ഒരിക്കല്‍ പരിചയപ്പെട്ടവരാരും അവരെ മറക്കുകയുമില്ല. അത്രയ്ക്കും ഹൃദയാവര്‍ജകമായ പെരുമാറ്റമായിരുന്നു ഡോക്ടറുടേതെന്ന് അബുദുബായിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.
അബുദാബി മലയാളി സമാജത്തെ കൂടാതെ ഇവിടുത്തെ മിക്ക മലയാളി സംഘടനകളുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. സാഹിത്യത്തോടും എഴുത്തിനോടും അഭിനിവേശമായിരുന്നു. അണ്‍ഫിറ്റഡ് എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ഡോക്ടറുടെ വിയോഗം അബുദാബിയിലെ പൊതു സമൂഹത്തിന് വലിയ നഷ്ടമാണെന്ന് മലയാളി സമാജം പ്രസിഡന്റ് സലീം ചിറയ്ക്കല്‍ പ്രതികരിച്ചു.
വിയോഗം ഡോക്ടറെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു സഹപ്രവര്‍ത്തക എന്നതിലുപരി, ഞങ്ങളുടെ മെഡിക്കല്‍ സംഘത്തിലെ വിലമതിക്കപ്പെട്ട അംഗം കൂടിയായിരുന്നു ഡോ. ധനലക്ഷ്മി, എന്ന് ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ മുസഫ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ഊഷ്മളതയും അനുകമ്പയും നിറഞ്ഞ ഇടപെടലുകള്‍ കൊണ്ട് രോഗികളുടെ മനസ്സില്‍ അവിസ്മരണീയ സ്ഥാനം നേടിയെടുത്ത ഡോ. ധനലക്ഷ്മിയുടെ സംഭാവനകള്‍ ക്ലിനിക്കിന്റെ അതിരുകള്‍ക്കപ്പുറം നിരവധി ജീവിതങ്ങളെയാണ് സ്വാധീനിച്ചത്. ബോധവല്‍കരണ പരിപാടികളിലൂടെ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രയത്നിച്ച ഡോ. ധനലക്ഷ്മി, സമൂഹത്തില്‍ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്തു. അബുദാബിയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഡോക്ടര്‍. മികവുറ്റ എഴുത്തുകാരിയും, വാഗ്മിയും കൂടിയായിരുന്ന ഡോ. ധനലക്ഷ്മിയുടെ വിയോഗം നികത്താനാകാത്ത വിടവാണ് അവശേഷിപ്പിക്കുന്നത്. എങ്കിലും, ഡോക്ടര്‍ സ്പര്‍ശിച്ച നിരവധി ജീവിതങ്ങളിലൂടെ അവരുടെ ഓര്‍മകള്‍ ഇനിയും ജീവിക്കും. ദുഃഖകരമായ ഈ വേളയില്‍, ഡോക്ടറുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനവും പ്രാര്‍ഥനയും അറിയിക്കുന്നതായി ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ മുസഫ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. ഭൗതിക ശരീരം നിയമനടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.