പിണറായി യുഎഇയെ കണ്ടു പഠിക്കണം; നോബല്‍ ജേതാക്കളെ അണിനിരത്തി അറബ് ലോകം; 'പ്രാഞ്ചിയേട്ടന്മാരെ' കൂട്ടി കോടികള്‍ ധൂര്‍ത്തടിച്ച് ലോക കേരള സഭ; പ്രവാസി മേളകളില്‍ എന്ത് നേടി കേരളം? ലോക കേരള സംഗമം നടത്തുന്നവര്‍ അറിയാന്‍
കൊച്ചി: കേരളത്തില്‍ ലോകകേരള സഭ നടക്കുന്ന അതേ സമയത്താണ് യു..എ.ഇ.യില്‍ നോബല്‍ ജേതാക്കളുടെ ആഗോള ഉച്ചകോടി നടക്കുന്നത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്നാണ് നോബല്‍ സമ്മാന ജേതാക്കളുടെയും മറ്റ് അഭിമാനകരമായ ശാസ്ത്ര അവാര്‍ഡുകള്‍ നേടിയവരുടെയും ഏറ്റവും വലിയ ആഗോള സമ്മേളനമായ വേള്‍ഡ് ലോറേറ്റ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ഉദ്ഘാടന വേളയില്‍ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വേള്‍ഡ് ലോറേറ്റ്സ് ഉച്ചകോടിയില്‍, 100-ലധികം ശാസ്ത്രജ്ഞരും പങ്കാളികളാണ്.
കേരളം കടക്കെണിയില്‍ വലയുമ്പോഴും കോടികള്‍ പൊടിച്ച് 'ലോക കേരള സഭ' എന്ന പേരില്‍ ആഡംബര മേളകള്‍ നടത്തുന്ന പിണറായി സര്‍ക്കാരിന് യുഎഇ ഭരണാധികാരികള്‍ നല്‍കുന്നത് വലിയൊരു പാഠമാണ്. കേരളത്തില്‍ പ്രാഞ്ചിയേട്ടന്മാരെയും സ്തുതിപാഠകരെയും വിളിച്ച് കൂട്ടി വിരുന്നുസല്‍ക്കാരം നടത്തുന്ന അതേ സമയത്താണ് യുഎഇയില്‍ ലോകത്തെ വിറപ്പിച്ച പ്രതിഭകള്‍ ഒത്തുചേരുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത 'വേള്‍ഡ് ലോറേറ്റ്സ് സമ്മിറ്റ്' ശാസ്ത്ര-ഗവേഷണ രംഗത്തെ പുതിയ വിപ്ലവത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. 100-ലധികം നോബല്‍ സമ്മാന ജേതാക്കളും ലോകപ്രശസ്ത ശാസ്ത്രജ്ഞരും അണിനിരക്കുന്ന ഈ ഉച്ചകോടി കേവലം ഒരു ഒത്തുചേരലല്ല, മറിച്ച് ലോകത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ശാസ്ത്രീയ സംഭാഷണമാണ്. ഇതാണ് ലോകത്തിന് വേണ്ടത്.
ലോക കേരള സഭയുടെ ഓരോ എഡിഷന്‍ കഴിയുമ്പോഴും സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാകുന്നു എന്നതല്ലാതെ കേരളത്തിന് എന്ത് നേട്ടമുണ്ടായി എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇന്നും മറുപടി നല്‍കുന്നില്ല. വിദേശ യാത്രകള്‍ പതിവാക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും യുഎഇ പോലുള്ള രാജ്യങ്ങള്‍ എങ്ങനെയാണ് വിഭവശേഷി വിനിയോഗിക്കുന്നതെന്ന് കണ്ടു പഠിക്കണമെന്നാണ് ഉയരുന്ന വിമര്‍ശനം. 'ഭാവി രൂപപ്പെടുത്തുന്നതില്‍ ശാസ്ത്രജ്ഞര്‍ അനിവാര്യ പങ്കാളികളാണെന്നും അറിവിലും ഗവേഷണത്തിലും നിക്ഷേപിക്കുന്നതാണ് പ്രധാനം' എന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടുമ്പോള്‍, കേരളം നിക്ഷേപിക്കുന്നത് കേവലം പിആര്‍ വര്‍ക്കുകളിലും രാഷ്ട്രീയ മേളകളിലുമാണ്.
വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഈ ശാസ്ത്ര സംഗമത്തില്‍ യുവ ശാസ്ത്രജ്ഞര്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ശാസ്ത്രീയ സഹകരണത്തിനുള്ള ആഗോള കേന്ദ്രമായി യുഎഇ മാറുമ്പോള്‍, കേരളം വിദേശ മലയാളികളുടെ പണം കൊണ്ട് നടത്തുന്ന മേളകളുടെ ഗുണഫലം സാധാരണക്കാരിലേക്ക് എത്തുന്നില്ല. തൊട്ടതിനും പിടിച്ചതിനും ഗള്‍ഫ് മാതൃകകള്‍ ഉദാഹരിക്കുന്ന ഭരണാധികാരികള്‍, യുഎഇയുടെ ദീര്‍ഘവീക്ഷണവും നൂതനമായ ചിന്തകളും എന്തുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കുന്നില്ല? ശാസ്ത്രജ്ഞരെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവരുന്ന യുഎഇ മാതൃകയ്ക്ക് പകരം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മേളകളാണ് കേരളത്തില്‍ അരങ്ങേറുന്നത്.
ഈ മ ാസം 3 മുതല്‍ 5 വരെ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് ദുബായിലെ ഒത്തു ചേരല്‍ നടക്കുന്നത്. ഉച്ചകോടിയില്‍, നോബല്‍ സമ്മാന ജേതാക്കളുടെയും വിവിധ സുപ്രധാന വിഷയങ്ങളില്‍ നിന്നുള്ള ഗവേഷകരുടെയും ഒരു വിശിഷ്ട സംഘം പങ്കെടുത്ത പ്രധാന ചര്‍ച്ചകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ വിശദീകരിച്ചു. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സമയത്ത് ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ അടിസ്ഥാന ശാസ്ത്രങ്ങളുടെ പങ്കിനെയും വികസന ശ്രമങ്ങള്‍ നിലനിര്‍ത്തുന്നതിനും മനുഷ്യരാശിയുടെ പുരോഗതിയുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും നൂതനമായ പരിഹാരങ്ങള്‍ അടിയന്തിരമായി ആവശ്യമുള്ളതിനെയും ഉച്ചകോടി പിന്തുണയ്ക്കുന്നു. ഭാവി രൂപപ്പെടുത്തുന്നതില്‍ ശാസ്ത്രജ്ഞര്‍ അനിവാര്യ പങ്കാളികളാണെന്നും, ആഗോള വെല്ലുവിളികളെ മറികടക്കുന്നതിന് അറിവിലും ശാസ്ത്ര ഗവേഷണത്തിലും നിക്ഷേപിക്കുന്നത് പ്രധാനമാണെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ദീര്‍ഘദര്‍ശികളെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള വേദിയായി യുഎഇ തുടരുമെന്നും, മുഴുവന്‍ മനുഷ്യരാശിയുടെയും സേവനത്തില്‍ നവീകരണത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി തലമുറകള്‍ക്ക് വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട്, ആഗോള വെല്ലുവിളികള്‍ക്ക് സൃഷ്ടിപരമായ പരിഹാരങ്ങള്‍ സംഭാവന ചെയ്യാന്‍ ഈ ശാസ്ത്രീയ സംഭാഷണം സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. ശാസ്ത്ര ഗവേഷണങ്ങളെയും സമാധാനത്തിനും വികസനത്തിനും വേണ്ടി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം, സമൂഹങ്ങളുടെ ആവശ്യങ്ങളുമായി ശാസ്ത്രീയ ഉല്‍പാദനത്തെ ബന്ധിപ്പിക്കുന്ന ഒരു പാലമെന്ന നിലയില്‍ യുഎഇ അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ദീര്‍ഘവീക്ഷണമുള്ളവരുടെയും ധീരമായ ആശയങ്ങളുടെയും ഒരു കൂട്ടുകെട്ടായിരുന്നുവെന്നും, തുടര്‍ന്നും അങ്ങനെ തന്നെ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ഥിരീകരിച്ചു. ലോക സമ്മാന ജേതാക്കളുടെ ഉച്ചകോടിയില്‍ 100 ശാസ്ത്രജ്ഞരെയും നോബല്‍ സമ്മാന ജേതാക്കളെയും വിളിച്ചുകൂട്ടുക എന്നതാണ് തങ്ങളുടെ രീതിയെന്നാണ് അദ്ദേഹം പറഞ്ഞത്. വേള്‍ഡ് ലോറേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റും, രസതന്ത്രത്തില്‍ നോബല്‍ സമ്മാന ജേതാവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മെഡിസിന്‍ പ്രൊഫസറുമായ പ്രൊഫസര്‍ റോജര്‍ കോണ്‍ബെര്‍ഗ്, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ ഒരുമിച്ച് കൊണ്ടുവരാനും, ശാസ്ത്രീയ സഹകരണം, ഗവേഷണം, നവീകരണം എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി യുഎഇയെ സ്ഥാപിക്കാനും പ്രസ്ഥാനത്തിന് യുഎഇയില്‍ ഒരു പുതിയ താവളം ആരംഭിക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തി.
ഉച്ചകോടിയുടെ മൂന്നാം ദിവസം യുവ ശാസ്ത്രജ്ഞരുടെ ഫോറം, ലോക ഗവണ്‍മെന്റ് ഉച്ചകോടി, ലോക സമ്മാന ജേതാക്കളുടെ ഉച്ചകോടി എന്നിവയുടെ സംയുക്ത സെഷനുകള്‍ എന്നിവ നടക്കും. കേരളത്തില്‍ സ്ഥിരമായി പ്രാഞ്ചിയേട്ടന്‍മാരെ വിളിച്ചു കൂട്ടി കോടികള്‍ ധൂര്‍ത്തടിച്ച് സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭ നടത്തുന്നത്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ എന്താണ് എന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല. തൊട്ടതിനും പിടിച്ചതിനും എല്ലാം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെ നടക്കുന്ന ഇത്തരം നല്ല കാര്യങ്ങള്‍ എന്ത് കൊണ്ടാണ് കേരളത്തില്‍ നടപ്പിലാക്കാത്തത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
