യെമന്‍ വംശജയ്ക്ക് ട്രെയിനില്‍ നേരിടേണ്ടി വന്നത് കടുത്ത വംശീയ വെറി; കൊല്ലണമെന്ന് അപരിചിതര്‍ ആക്രോശിച്ചതായി പരാതി; ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വികാരം ശക്തമാകുന്നോ?
യമന്‍ വംശജയായ ഗവേഷക വിദ്യാര്‍ത്ഥി ലൈല ടമിയയ്ക്കാണ് ഈ കയ്പേറിയ അനുഭവമുണ്ടായത്.
ലണ്ടന്‍: കുടിയേറ്റ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വികാരം ബ്രിട്ടനില്‍ വീണ്ടും ശക്തമാവുകയാണോ എന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള സംഭവമാണ് ശനിയാഴ്ച രാത്രി ലിവര്‍പൂളില്‍ നിന്നും വാറിംഗ്ടണിലേക്കുള്ള ട്രെയിനില്‍ നടന്നത്. യമന്‍ വംശജയായ ഗവേഷക വിദ്യാര്‍ത്ഥി ലൈല ടമിയയ്ക്കാണ് ഈ കയ്പേറിയ അനുഭവമുണ്ടായത്. ശനിയാഴ്ചയിലെ തിരക്കുള്ള ട്രെയിനില്‍ തന്റെ സീറ്റിനടുത്ത് മൂന്ന് അപരിചിതര്‍ വന്നു നിന്നു എന്നാണ് ഈ 27 കാരി പറയുന്നത്.
അതിലൊരാള്‍ ലൈലയോട് രാജ്യം വിട്ടുപോകണം എന്ന് ആക്രോശിച്ചു. എല്ലാ മുസ്ലീങ്ങളെയും കൊല്ലണമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ആളുകള്‍ ചിന്തിക്കുന്നത് ലഹള ഒഴിഞ്ഞു എന്നും ഇസ്ലാമോഫോബിയ ഇല്ലാതായി എന്നും ആണെന്നും, എന്നാല്‍, അതൊന്നും തീര്‍ന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതിനുപുറമെ അശ്ലീലപദങ്ങള്‍ ഉപയോഗിച്ച് അവര്‍ ലൈലയെ അവഹേളിക്കുകയും ചെയ്തു. ഒരു പുരുഷന്‍, ഒരു സ്ത്രീയോട് ട്രെയിനില്‍ വെച്ച് വംശീയ വിദ്വേഷത്തോടെ പെരുമാറി എന്ന കേസില്‍ അന്വേഷണം നടത്തുകയാണെന്ന് ട്രാന്‍സ്പോര്‍ട്ട് പോലീസും പറഞ്ഞു.
ആദ്യമാദ്യം അവര്‍ ഏറെക്കുറെ സൗഹാര്‍ദ്ദത്തിലാണ് പെരുമാറിയതെന്ന് ലൈല പറയുന്നു. താന്‍ കൈവശം കരുതിയിരുന്ന ഭ്കക്ഷണം കഴിക്കുമ്പോള്‍ അവര്‍ തനിക്ക് സമീപം വന്നെന്നും, നല്ല സുഗന്ധം ഭക്ഷണത്തിനുണ്ടെന്ന് പറഞ്ഞതായും ഈ ഗവേഷക് വിദ്യാര്‍ത്ഥിനി പറയുന്നു. താന്‍ അതില്‍ ഒരു പങ്ക് അവര്‍ക്കും ഓഫര്‍ ചെയ്തു എന്നും ലൈല പറയുന്നു.
അവര്‍ അല്പം മദ്യം കഴിച്ചിരുന്നു, തന്നോട് മദ്യം കഴിക്കുമോ എന്നും ചോദിച്ചു.ഇല്ല എന്ന് പറഞ്ഞ താന്‍ മദ്യം കഴിച്ചില്ലെങ്കിലും അവര്‍ക്കൊപ്പം കൂടാന്‍ തയ്യാറാണെന്നും പറഞ്ഞു. അപ്പോഴാണ് അവര്‍ വശീയാധിക്ഷേപം ആരംഭിച്ചതെന്ന് ലൈല പറയുന്നു. ജോലി കഴിഞ്ഞ്, ശനിയാഴ്ച അല്പം മദ്യപിച്ച് വീട്ടിലേക്ക് പോകുന്ന സാധാരണക്കാരായിരിക്കും അവര്‍ എന്ന് വിചാരിച്ചാണ് അവരുമായി സൗഹാര്‍ദ്ദപൂര്‍വ്വം സംസാരിച്ചതെന്ന് ലൈല പറയുന്നു. താന്‍ എന്തു ചെയ്യുകയാണെന്ന് അവരില്‍ ഒരാള്‍ ചോദിച്ചു. താന്‍ ഗവേഷണം നടത്തുകയാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഏതിലാണ് ഗവേഷണം നടത്തുന്നതെന്ന് അവര്‍ ചോദിച്ചതായും ലൈല പറയുന്നു.
വിദ്യാഭ്യാസ രംഗത്തെ വംശീയ വിവേചനം എന്ന വിഷയത്തിലാണ് ഗവേഷണം എന്ന് പറഞ്ഞതോടെയായിരുന്നു അവരുടെ സ്വരം വ്യത്യാസപ്പെടുന്നത്. നീ ഞങ്ങളെ കുറിച്ചാണോ ഗവേഷണം നടത്തുന്നത് എന്ന് ചോദിച്ചായിരുന്നു അവര്‍ തുടങ്ങിയത്.. ആദ്യം അവര്‍ തമാശ പറയുകയാണെന്നായിരുന്നു ലൈല കരുതിയത്. എന്നാല്‍, പിന്നീട് അവരുടെ പ്രതികരണം രൂക്ഷമാവുകയായിരുന്നു. എല്ലാ മുസ്ലീങ്ങളെയും കൊല്ലണമെന്ന് അവര്‍ ആക്രോശിച്ചു. അതെന്തിന് എന്ന് ചോദിച്ചപ്പോഴായിരുന്നു ലൈലയെയും കൊല്ലുമെന്ന് അതിലൊരാള്‍ ഭീഷണി മുഴക്കിയത്.