90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തെന്ന് കോടതി; അന്വേഷണ സംഘത്തിന്റെ മറുപടിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ സ്വര്‍ണമോഷണ കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; മൂന്നാഴ്ചയ്ക്കകം കട്ടിളപ്പാളി കേസിലും കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പോറ്റിക്ക് പുറത്തിറങ്ങാം; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം
കൊല്ലം: ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലും പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉടന്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല. മൂന്നാഴ്ചയ്ക്കകം കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍, ആ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്.
2025 ഒക്ടോബര്‍ 17നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യം ആവശ്യപ്പെട്ടത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസത്തില്‍ കോടതി അന്വേഷണ സംഘത്തോട് വിശദീകരണം തേടി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഹൈക്കോടതി പറഞ്ഞത് 'ഞെട്ടിക്കുന്ന സത്യങ്ങള്‍'
ശബരിമലയിലെ യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ മാറ്റി മറ്റൊന്ന് സ്ഥാപിച്ചതിന്റെ സൂചനകളാണ് വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം നല്‍കുന്നതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വിലപിടിപ്പുള്ള ക്ഷേത്രസ്വത്ത് ആസൂത്രിതമായും ഘട്ടംഘട്ടമായും കവര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചനകള്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള ക്ഷേത്രഭരണവും ഇടപാടുകളും സംബന്ധിച്ച് സമഗ്രവും ആഴത്തിലുള്ളതുമായ അന്വേഷണം അനിവാര്യമാണെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി വ്യാപക റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ.പത്മകുമാര്‍, എന്‍.വാസു, മുരാരി ബാബു, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലാണ് ഇന്ന് രാവിലെ വ്യാപക റെയ്ഡ് ആരംഭിച്ചത്.
മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും, എന്‍,വാസുവിന്റെ പേട്ടയിലെ വീട്ടിലും, എ,പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും, തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇ.ഡി സംഘം പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുകയും അത് വില്‍ക്കുകയും ചെയ്തതിലൂടെ ലഭിച്ച പണം ആരിലൊക്കെ എത്തിയെന്നും ആ പണം പോയ വഴികള്‍ ഏതൊക്കെയാണെന്നും കണ്ടെത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. പ്രതികളുടെ സ്വത്തുക്കളില്‍ അസ്വാഭാവികമായ വര്‍ധന ഉണ്ടായിട്ടുണ്ടോയെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണോ ഈ സ്വത്തുക്കള്‍ വാങ്ങിയതെന്നും കണ്ടെത്തുകയാണ് ഇ.ഡി ശ്രമം.
ഇഡി ഇടപെടലിന് എതിരെ മന്ത്രി വാസവന്‍
അതിനിടെ, കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഇടപെടുന്നതിനെതിരെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ രംഗത്തെത്തി. എസ്‌ഐടി അന്വേഷണം മതിയെന്നും ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നുമാണ് മന്ത്രിയുടെ വാദം. മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ കുടുങ്ങിയത് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇഡി നീക്കം സംശയകരമാണെന്നും ആരോപിച്ചു. എന്നാല്‍, പോലീസ് കുറ്റപത്രം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.
