ട്രംപ് അവകാശപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്; യുഎസ് ആക്രമണം ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന് ഒടുവില്‍ സമ്മതിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയും; അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡണ്ട്
ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി
ടെഹ്‌റാന്‍: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഇറാന്റെ ആണവ കേന്ദ്രത്തില്‍ യു എസ് നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇറാന്‍ ഭരണകൂടം കുറച്ചുകാണിച്ചുവെന്ന ആരോപണങ്ങള്‍ക്കിടെ ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്
ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഗുരുതരമായതും കനത്തതുമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് അരാഗ്ചി വെളിപ്പെടുത്തിയത്.
ഫൊര്‍ദോയില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. ഗുരുതരമായ കനത്ത നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട് എന്നതാണ് ഇതുവരെ ഞങ്ങള്‍ക്ക് അറിയാവുന്നത്. നിലവില്‍ ഇറാന്റെ സംവിധാനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തകയാണ്, അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അരാഗ്ചി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇറാന്‍ കുറച്ചുകാണിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും യു എസ് ആക്രമണത്തില്‍ ഇല്ലാതാക്കി എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
യുഎസുമായുള്ള ആണവചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒരു കരാറോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള യുഎസ്-ഇറാന്‍ ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി നിലപാടറിയിച്ചത്.
ആണവ ചര്‍ച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കക്കാരില്‍നിന്ന് ഞങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചു. ഈ അനുഭവം ഞങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. പക്ഷേ, ആ തീരുമാനം ഇറാനിയന്‍ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. ജൂണ്‍ 13-ന് ഇസ്രയേല്‍ ഇറാനുനേരേ സൈനികനടപടി ആരംഭിച്ചതിനു പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറിയിരുന്നു.
നിര്‍ണായക പ്രഖ്യാപനവുമായി ഇറാന്‍
അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചു. ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിനും ഇറാന്റെ ആണവോര്‍ജ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനും ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. ഇറാന്‍ സ്റ്റേറ്റ് ടി.വി ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐഎഇഎയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള നിയമം നേരത്തെ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇറാന്‍ ആണവോര്‍ജ കേന്ദ്രങ്ങളില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ കാര്യമായ പ്രതികരണം നടത്താത്ത അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. നേരത്തെ യുദ്ധസമയത്ത് ഇസ്രയേലും അമേരിക്കയും മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസിയുടെ അഭ്യര്‍ത്ഥന ഇറാന്‍ നിരസിച്ചിരുന്നു.
ജൂണ്‍ 13ന് ഇറാനെതിരായ ഇസ്രായേല്‍ ആക്രമണവും പിന്നീട് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ഇറാനിയന്‍ നിയമ നിര്‍മാതാക്കള്‍ ഐ.എ.ഇ.എയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ആ നടപടിയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്.
ഏജന്‍സി മേധാവി ഇസ്‌ലാമിക് റിപ്പബ്ലിക്കിനോട് കാണിച്ച 'വിനാശകരമായ' പെരുമാറ്റം കാരണം ഇറാന്‍ യു.എന്‍ ആണവ നിരീക്ഷണ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പെഷേഷ്‌കിയാന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ സ്വീകരിച്ച നടപടി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലിനെ ന്യായീകരിക്കാത്തതും വിനാശകരമായ പെരുമാറ്റത്തോടുള്ള സ്വാഭാവിക പ്രതികരണവുമാണെന്ന് പെഷേഷ്‌കിയാന്‍ ഒരു ഫോണ്‍ കോളില്‍ മാക്രോണിനോട് പറഞ്ഞിരുന്നതായി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതുമുതല്‍ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഏജന്‍സിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഐ.എ.ഇ.എയുമായുള്ള സഹകരണം നിര്‍ത്തലാക്കാനുള്ള ഇറാന്‍ പാര്‍ലമെന്റിന്റെ തീരുമാനം പൊതുജനത്തിന്റെ ആശങ്കയും കോപവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായ് പറഞ്ഞു. അമേരിക്കയെയും യൂറോപ്യന്‍ ശക്തികളെയും അദ്ദേഹം തന്റെ പ്രതിവാര പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചു.
ഇസ്രയേല്‍ ഉറപ്പുകള്‍ നല്‍കണം
ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ശാശ്വത സമാധാനത്തിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ ഭരണകൂടം മുന്നോട്ട് വെക്കുന്നത്. വെടിനിര്‍ത്തല്‍ രേഖാമൂലം ആക്കണമെന്നും ലംഘിക്കില്ലെന്ന് ഇസ്രയേല്‍ ഉറപ്പുകള്‍ നല്‍കണമെന്നുമാണ് ഇറാന്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശം. ഒരുറപ്പുകളുമില്ലാതെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ഏത് നിമിഷവും ആക്രമണം പുനരാരംഭിക്കുമെന്ന് ഇറാന്‍ കണക്കാക്കുന്നു.
സുരക്ഷ ഉറപ്പാക്കുക. നീതി ലഭ്യമാക്കുക. ഇത് രണ്ടുമാണ് നീണ്ടു നില്‍ക്കുന്ന സമാധാനത്തിന് ഇറാന്‍ മുന്നോട്ടുവെക്കുന്ന ഫോര്‍മുല. കേവല ധാരണക്കപ്പുറം വെടിനിര്‍ത്തല്‍ ഔദ്യോഗികമായി ഉറപ്പാകണം. ഗാസയിലെയോ ലബനലേതോ പോലെ ഇസ്രയേലിന് തോന്നുമ്പോള്‍ ലംഘിക്കാന്‍ കഴിയുന്നതാകരുത്. ഇതിന് യു.എന്‍ അംഗരാജ്യങ്ങള്‍ ഇടപെടണം.
ഇതോടൊപ്പം ആക്രമണത്തില്‍ നീതിതേടി ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലും യുഎന്നിലും സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. ഒന്നുകില്‍ ശാശ്വതമായ സമാധാനം അല്ലെങ്കില്‍ എന്നെന്നേക്കുമുള്ള സംഘര്‍ഷം. ഏത് തെരഞ്ഞെടുക്കണമെന്ന ഘട്ടത്തിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി ചൂണ്ടിക്കാട്ടുന്നു. ഇറാന്‍-ഇസ്രയേല്‍ എന്നതിലുപരി മേഖലയുടെ ആകെ ഫോര്‍മുലയായാണ് അബ്ബാസ് അരഗ്ച്ചി ഇത് മുന്നോട്ട് വെക്കുന്നത്. പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഇസ്ലാമിക് മനുഷ്യാവകാശ കോടതി സ്ഥാപിക്കുന്നതിന്റെ സാധ്യതകളും അരഗ്ച്ചി പറയുന്നു.