നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പ്രതികളുടെ പ്രായം കണക്കിലെടുത്തു ജീവപര്യന്തമില്ല; നല്‍കിയത് കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; കേരളത്തെ നടുക്കിയ കോളിളക്കമുണ്ടായ ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി

പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്കും 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

Update: 2025-12-12 11:17 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി. പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവു ശിക്ഷയും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. കോളിളക്കം ഉണ്ടായ കേസാണ് ഇതെന്ന് കോടതി വിധിപ്രസ്താവനത്തില്‍ കോടതി വ്യക്തമാക്കി.

ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനി ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരന്‍ ആയിരുന്നു. മറ്റ് പ്രതികളും അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്നു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, ഇത് പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. ഇത് പ്രകാരമാണ് കോടതി വിധി പറഞ്ഞതും.

ഒരു പെണ്‍കുട്ടിയുടെ അന്തസിനെ ഹീനമായി ഹനിക്കുന്ന ക്രൂരകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും കോടതി വിധിച്ചു. ശിക്ഷയില്‍ മേലുള്ള വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറഞ്ഞത്. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.

ശിക്ഷാവിധി പ്രഖ്യാപിച്ചപ്പോള്‍ പ്രതികളുടെ പ്രായവും കുടുംബസ്ഥിതിയും കണക്കിലെടുത്താണ് പ്രതികള്‍ക്ക് കൂട്ടബലാത്സംഗ കേസിലെ ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ചിരിക്കുന്നത്. അങ്ങേയറ്റം സെന്‍സേഷണല്‍കേസെന്ന്‌കോടതി പറഞ്ഞെങ്കിലും അത് വിധിയെ ബാധിക്കില്ലെന്നും ജഡ്ജി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പ്രതികളെ വിയ്യൂര്‍ സെന്‍ക്രല്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയില്‍ നിന്ന് നല്‍കാനും വിധിയില്‍ പറയുന്നു. ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വര്‍ഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വര്‍ഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാല്‍ മതി. ജീവപര്യന്തം തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വര്‍ഷം കഠിനതടവിന് വിധിക്കുകയായിരുന്നു. ഉദ്വേഗജനകമായ ഒരു പകല്‍ നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.

നേരത്തെ 3.30ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും വിധി പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം ഓടെയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിക്കണമെന്നും എല്ലാ പ്രതികളും 40 വയസിനു താഴെയുള്ളവരാണെന്നും കോടതി വിധിയില്‍ പറയുന്നു. അതേസമയം അതിജീവിത കടന്നുപോയത് വലിയ ട്രോമയില്‍ കൂടിയാണെന്നും കോടതി വിധിയില്‍ പറഞ്ഞു.

നേരത്തെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സുനി മാത്രമല്ലേ യഥാര്‍ഥത്തില്‍ കുറ്റം ചെയ്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. യഥാര്‍ഥ പ്രതി മറഞ്ഞിരിക്കുകയാണെന്നും കുറ്റം ചെയ്തത് എല്ലാവരും ചേര്‍ന്നാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അനാവശ്യ വിവാദങ്ങള്‍ തുടക്കംമുതല്‍ സൃഷ്ടിച്ചെന്നും തന്റെ ഭൂതകാലം തിരയേണ്ടവര്‍ തിരഞ്ഞോളൂവെന്നും ജഡ്ജി ഹണി എം. വര്‍ഗീസ് വാദത്തിനിടെ പറഞ്ഞു.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിട്ടയക്കപ്പെട്ടെങ്കിലും ഒന്‍പതാം പ്രതി സനില്‍കുമാര്‍ പോക്‌സോ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ തുടരും.

എന്താണ് പറയാനുള്ളതെന്നു ജഡ്ജി പ്രതികളോട് ചോദിച്ചപ്പോള്‍ ശിക്ഷാകാലയളവ് കുറക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. തന്റെ മാതാപിതാക്കള്‍ വാര്‍ധക്യലെത്തിയെന്നും താനാണ് കുടുംബം നോക്കുന്നതെന്നും രണ്ടാംപ്രതി മാര്‍ട്ടിന്‍ പറഞ്ഞു.

കോടതിയില്‍ മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. തങ്ങള്‍ നിരപരാധിയാണെന്ന് മാര്‍ട്ടിനും മൂന്നാം പ്രതിയായ ബി മണികണ്ഠനും പറഞ്ഞു. തനിക്ക് ചെറിയ കുട്ടികളുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നും ഇളവുകള്‍ നല്‍കരുതെന്നും പ്രാസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്. മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി നടന്‍ ദിലീപ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.

Tags:    

Similar News