വീഡിയോ പകര്‍ത്തുന്ന ആളോട് എന്താണെന്നും പൊലീസാണോയെന്നും വിനായകന്‍; ബഹള വീഡിയോയും പുറത്ത്; ജാമ്യം കിട്ടിയത് തെന്നിന്ത്യ അറിയുന്ന നടനെന്ന പരിഗണനയില്‍

വിനായകന് രക്ഷയായത് നടന്‍ എന്ന പരിഗണന

Update: 2024-09-08 07:53 GMT


കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിനായകനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് താരമെന്ന തിരിച്ചറിവില്‍. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സിഐഎസ്എഫ് ആണ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടനാണ് വിനായകന്‍. അതുകൊണ്ടാണ് കടുത്ത നടപടികള്‍ എടുക്കാത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വിനായകന്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു. വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ മദ്യപിച്ച് ബഹളം വെച്ചു. ഉദ്യോഗസ്ഥരുമായി തര്‍ക്കവുമുണ്ടായി. വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി വിനായകന്‍ പറഞ്ഞിരുന്നു. ഇനി ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ വിനായകനെതിരെ എയര്‍പോര്‍ട്ട് അതോറിട്ടി കര്‍ശന നടപടികള്‍ എടുക്കും.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിന് വിനായകന്‍ മുന്‍പ് അറസ്റ്റിലായിരുന്നു. അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് വിളിച്ചുവരുത്തിയത്. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചതിനും നടന്റെ പേരില്‍ പോലീസ് മുന്‍പ് കേസ് എടുത്തിരുന്നു. പിന്നീട് പല വിധ ചര്‍ച്ചകളും ഇതില്‍ നടന്നു. ഹൈദരാബാദിലെ ബഹള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കൊച്ചിയില്‍ നിന്നും ഗോവയിലേക്കുളള യാത്രയിലായിരുന്നു വിനായകന്‍. മദ്യ ലഹരിയിലായിരുന്ന താരം ട്രാന്‍സിറ്റിനായി ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു ബഹളമുണ്ടാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് വൈകിട്ട് 4.30 ന് ഹൈദരാബാദിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു വിനായകന്‍ യാത്ര ചെയ്തത്. ആറ് മണിയോട് അടുപ്പിച്ചാണ് സിഐഎസ്എഫ് ഇതേക്കുറിച്ച് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പൊലീസിന് വിവരം കൈമാറുന്നത്.

പരാതി അപ് ലോഡ് ചെയ്ത ശേഷം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിനായകന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രതികരണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നുളള വിനായകന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. വീഡിയോ പകര്‍ത്തുന്ന ആളോട് എന്താണെന്നും പൊലീസാണോയെന്നും വിനായകന്‍ ചോദിക്കുന്നുണ്ട്.

ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ 2023 ഒക്ടോബറില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി നടന്‍ പൊലീസുകാരോട് തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News