പുലര്‍ച്ചെ ഭാഗികമായി പമ്പിങ് തുടങ്ങി; വാല്‍വിലെ ലീക്ക് പ്രതിസന്ധിയായി വീണ്ടും; തിരുവനന്തപുരത്ത് കുടിവെള്ള പ്രതിസന്ധി രൂക്ഷം; നാലാം ദിവസവും ജനം നെട്ടോട്ടത്തില്‍

തിരുവനന്തപുരത്ത് കുടിവെള്ളം എന്നെത്തും?

Update: 2024-09-08 03:42 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി എന്ന് തീരുമെന്ന് ആര്‍ക്കും അറിയില്ല. നാലു ദിവസമായി തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ജനം നെട്ടോട്ടത്തിലാണ്. അതിനിടെ നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതില്‍ ബിജെപി പ്രതിഷേധവുമുണ്ടായി. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ വാട്ടര്‍ അതോറിട്ടിക്ക് കൃത്യമായ മറുപടി ഒന്നിലും നല്‍കാനാകുന്നില്ല.

നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ജനത്തിന് വലിയ തിരിച്ചടിയാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിയത്. പൈപ്പിടല്‍ ജോലികളും പൂര്‍ത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുന്‍പായി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ നല്‍കിയ ഉറപ്പ്. ഉയര്‍ന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്. ഇതൊന്നും നടന്നില്ല.

തിരുവനന്തപുരം- നാഗര്‍കോവില്‍ റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന പണികള്‍ക്കായാണ് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി നിര്‍ത്തിയത്. സെക്രട്ടേറിയറ്റി ഉള്‍പ്പടെ നഗരത്തിന്റെ പ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന 45-ഓളം വാര്‍ഡുകളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങി. പക്ഷേ ബദല്‍ സംവിധാനമൊരുക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിരുന്നില്ലെന്നതാണ് ആരോപണം.

കഴിഞ്ഞ നാലു ദിവസമായി തലസ്ഥാന നഗരി വെള്ളമില്ലാതെ അലയുകയാണ്. നഗരസഭയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ഇനിയും വെള്ളമെത്തിയില്ലെങ്കില്‍ നഗരസഭയ്ക്കും വകുപ്പ് മന്ത്രിക്കുമെതിരെ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ കൗണ്‍സിലര്‍മാരെ വിളിച്ചില്ലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. സ്വന്തം പാര്‍ട്ടിയിലെ കൗണ്‍സിലര്‍മാരെ മാത്രം വിളിച്ചുവരുത്തി പ്രഹസനം നടത്തുക മാത്രമാണ് ചെയ്തതെന്നും എം. ആര്‍ ഗോപന്‍ തുറന്നടിച്ചു.

തിരുവനന്തപുരം നഗരത്തില്‍ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളില്‍ ലീക്ക് കണ്ടെത്തിയതിനാല്‍ തുടരാനായിരുന്നില്ല. തകരാര്‍ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂര്‍ണ തോതില്‍ തുടങ്ങുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിക്കുന്നത്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. പൂര്‍ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.

Tags:    

Similar News