'അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല'; പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി; അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളെന്ന് വിശദീകരണം

വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

Update: 2024-09-16 13:51 GMT

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലെയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നാണ് വിശദീകരണം.

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതര്‍ക്ക് അര്‍ഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ അഞ്ചാം പേജില്‍ പറയുന്നത് എസ്.ഡി.ആര്‍.എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല ഇതെന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണെന്നാണ്. ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.

വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്:

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്.

ദുരന്തത്തില്‍ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതില്‍ വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയില്‍ നല്‍കിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതര്‍ക്ക് അര്‍ഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാന്‍.

ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജില്‍ പറയുന്നത് ഇങ്ങനെയാണ്-

'' 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:

'2. Assessment of Response and Relief as per SDRF norms'

അതായത് എസ് ഡി ആര്‍ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ്

ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്.

മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.

വസ്തുത ഇതായിരിക്കെ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത് തിരുത്തുവാന്‍ തയ്യാറാകണം.

Tags:    

Similar News