ശരിക്കുള്ള ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതല്‍; കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധനയെന്ന് ചീഫ് സെക്രട്ടറി; കോടതിയില്‍ കൊടുത്തത് ബജറ്റ്; ചെലവാക്കിയ തുകയല്ലെന്ന് മന്ത്രി എം.ബി.രാജേഷ്
പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച കണക്കാണിത്
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന്റെ ഭീമന്‍ ചെലവ് കണക്ക് വിവാദമായതോടെ വാര്‍ത്തകളെ വിമര്‍ശിച്ച് മന്ത്രി എം.ബി.രാജേഷ്. കോടതിയില്‍ കൊടുത്തത് ബജറ്റാണെന്നും അല്ലാതെ ചെലവാക്കിയ തുകയല്ലെന്നും മന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകളാണു പുറത്തുവന്നത്. ഓഗസ്റ്റ് 17നാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മന്ത്രി പറയുന്നു.
ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്കാണെന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.
ദുരിതബാധിതരേക്കാള്‍ കൂടുതല്‍ കാശ് ചെലവിട്ടത് വളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയര്‍മാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്‌സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം ചിലവായെന്നും കണക്കുകളില്‍ പറയുന്നു.
അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്‍പ്പിച്ചിട്ടുള്ളതെന്നും ഈ നിബന്ധനകള്‍ പ്രകാരം എല്ലാ ചെലവുകളും അതില്‍ പെടുത്താനാവില്ലെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ വ്യക്തമാക്കി. ശരിക്കുള്ള ചെലവുകള്‍ ഈ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്നും അതിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.
ഓഗസ്റ്റ് രണ്ടാംവാരം പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച കണക്കാണിത്. അതുതന്നെയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയതും. വീടു നഷ്ടപ്പെട്ടവരുടെ ഇടക്കാലതാമസത്തിനായി നല്‍കുന്ന വാടക പോലുള്ള നിരവധി ചെലവുകള്‍ കേന്ദ്ര നിബന്ധനകളനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയില്ല.
വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനെക്കാള്‍ കുറവാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയമായ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിച്ചത്. മോഡല്‍ ടൗണ്‍ഷിപ്പ്, പുനരധിവാസം പൂര്‍ത്തിയാവും വരെ ഇടക്കാല താമസമടക്കമുള്ള കാര്യങ്ങള്‍, നഷ്ടപരാഹാരം നല്‍കല്‍ എന്നിങ്ങനെ വന്‍ചെലവുള്ള ഏറെക്കാര്യങ്ങള്‍ മുന്നിലുണ്ട്.
ഈ കണക്കുകള്‍ ഒരു പ്രൊജക്ഷന്‍ മാത്രമാണ്, ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തില്‍ തയ്യാറാക്കിയത്. സാധാരണ പ്രകൃതിദുരന്ത കാലങ്ങളിലൊക്കെ സ്വീകരിച്ചു വരുന്ന മാതൃകയാണിതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്രസംഘം ഇവിടെ വന്ന് സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വൈകാതെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മന്ത്രി എം.ബി.രാജേഷിന്റെ വാക്കുകള്‍
''നമ്മളില്‍ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോണ്‍ കിട്ടാന്‍ ഒരു ബജറ്റ് തയാറാക്കി ബാങ്കില്‍ കൊടുക്കും. ഇതാണ് എസ്റ്റിമേറ്റഡ് ബജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാന്‍ പറ്റില്ല. ആ ബജറ്റ് തയാറാക്കുന്നത് ഓരോ ഉല്‍പ്പന്നത്തിന്റെയും മാര്‍ക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കല്‍ ഫോര്‍മുല ഉപയോഗിച്ചുമാണ്. നാട്ടില്‍ ഒരു വീട് എടുക്കാന്‍ സ്‌ക്വയര്‍ ഫീറ്റിന് 2000-2500 വരെ വേണ്ടി വരും എന്ന് നമ്മള്‍ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോള്‍ അത്രയും തുക ചെലവാക്കില്ല. മറ്റു ചിലപ്പോള്‍ കൂടിയെന്നും വരാം. ഈ രീതിയില്‍ ബജറ്റ് പ്രോജക്ഷന്‍ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നാശനഷ്ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചെലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മള്‍ കണക്കാക്കുക അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കല്‍ ഫോര്‍മുല ഉപയോഗിച്ചാണ്. ഒരാള്‍ക്ക് വസ്ത്രത്തിന് ഇത്ര പൈസ, പാത്രങ്ങള്‍ക്ക് ഇത്ര പൈസ... അങ്ങനെ ഒരാള്‍ക്ക് വേണ്ട തുകയും അതില്‍ നിന്നും ആകെപേര്‍ക്ക് വേണ്ട തുകയും കണ്ടെത്തും. ഇത് ചെലവാക്കിയ തുകയല്ല, പ്രൊജക്ഷനാണ്. അതാണ് കോടതിയില്‍ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതത്തുക ചെലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണ്.''