വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്; കേന്ദ്രത്തിന് കള്ള കണക്കാണോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുസ്ലീം ലീഗ്; ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സര്‍ക്കാരിനെ വെറുതെവിടില്ലെന്ന് ബിജെപി

പിണറായി സര്‍ക്കാര്‍ ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെ

Update: 2024-09-16 15:45 GMT

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീമന്‍ ചെലവ് കണക്ക് വിവാദമായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇത് ഇടതുസര്‍ക്കാരിന്റെ പുതിയ കൊള്ളയാണെന്നും പുറത്തുവന്ന ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും. പ്രളയകാലത്തും കോവിഡ് കാലത്തും തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഇടതുസര്‍ക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിത്. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സര്‍ക്കാര്‍ കൈയ്യിട്ടുവാരിയതെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

ദുരന്തത്തെ അവസരമാക്കി കൊള്ളയടിക്കുകയാണെന്നും സര്‍ക്കാരിനെ വെറുതെ വിടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പറഞ്ഞു. ''ന്യായീകരണത്തൊഴിലാളികളോട്. ഈ കണക്കുകളെല്ലാം മൂന്നുമാസത്തേക്കുള്ള ചെലവുകളുടെ പ്രൊജക്ഷന്‍ മാത്രമെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും അപ്പോള്‍ ഇനിയും ശവസംസ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണോ അഥവാ അങ്ങനെ പ്രതീക്ഷിച്ചാല്‍പോലും ഒരു ശവസംസ്‌കാരത്തിന് 75,000 രൂപ എങ്ങനെ വരും വൊളന്റിയര്‍മാരുടെ ഭക്ഷണം, യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഏതു വൊളന്റിയര്‍മാര്‍ ബിജെപി, സേവാഭാരതി, ലീഗ്, കോണ്‍ഗ്രസ് തുടങ്ങി ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല. ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ അതോ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ എന്ന് വ്യക്തമാക്കണം.

ഇനി സര്‍ക്കാരുദ്യോഗസ്ഥര്‍ ഇജ്ജാതി ചെലവുവരുന്ന ഭക്ഷണം ഈ ദുരന്തമുഖത്തു കഴിക്കുമോ പ്രതീക്ഷിത ചെലവുകളാണെന്നു സമ്മതിച്ചാല്‍പോലും ഒന്നും പൊരുത്തപ്പെടുന്നില്ല കമ്മികളേ... പാവപ്പെട്ട നാട്ടുകാരും പ്രവാസികളും ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളും ഇതിനോടകം നൂറുകണക്കിന് കോടി രൂപയാണ് വയനാടിനായി നല്‍കിയിട്ടുള്ളത്. അടിച്ചുമാറ്റാനാണ് തീരുമാനമെങ്കില്‍ അത് പൊളിച്ചടുക്കാനാണ് ഞങ്ങളും നില്‍ക്കുന്നത്. ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സര്‍ക്കാരിനെ വെറുതെവിടുമെന്ന് കരുതേണ്ട.'' സുരേന്ദ്രന്‍ വ്യക്തമാക്കി.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവിനെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണം തെറ്റെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെന്ന റവന്യൂ വകുപ്പിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

ചെലവാക്കിയ കണക്കിനെ കുറിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുകയെ കുറിച്ചല്ല. കേന്ദ്രത്തിന് കള്ള കണക്കാണോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയെന്നും അദ്ദേഹം ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സര്‍ക്കാരുകള്‍ തമ്മില്‍ കൃത്യമായ കണക്കല്ലേ നല്‍കേണ്ടത് മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ വീതം ചെലവാക്കിയെന്ന സര്‍ക്കാര്‍ കണക്ക് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കലാണ്. കണക്ക് കൃത്യമാണെന്ന് തെളിയിക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.

ഭക്ഷണവും വസ്ത്രങ്ങളും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലവും കുഴിയെടുക്കാനുള്ള ജെസിബിയുമെല്ലാം സൗജന്യമായാണ് ലഭിച്ചത്. ആവശ്യത്തിന് സാധനങ്ങള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രിയും വയനാട് കലക്ടറും തന്നെയാണ് അന്ന് പറഞ്ഞത്. സര്‍ക്കാരിന് നയാപൈസ ചെലവായിട്ടില്ലെന്നും പി.എം.എ. സലാം പറഞ്ഞു.

വാര്‍ത്തയോടുള്ള റവന്യൂ വകുപ്പിന്റെ വിശദീകരണം സര്‍ക്കാരിനെ കൂടുതല്‍ പരിഹാസ്യരാക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകരുടെയും സൗജന്യമായി സഹായിച്ചവരുടെയും പേരില്‍ പണം എഴുതിയെടുക്കുകയാണ് സര്‍ക്കാര്‍.ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സലാം പറഞ്ഞു.

ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി രൂപയാണെന്നും സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയതെന്നും അദ്ദേഹം പരിഹസിച്ചു

അത്യന്തം വൈകാരികമായി അല്ലാതെ പ്രതികരിക്കാനാവില്ല. സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും സലാം പറഞ്ഞു.

പണം തട്ടാനുള്ള വൃത്തികെട്ട ഏര്‍പ്പാടുകളുമായി മുന്നോട്ടു പോയാല്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തിയിരുന്നു.

ചൂരല്‍മല ദുരന്തത്തിന് പിന്നാലെ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല പുറത്തുവന്ന കണക്കുകളെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലെയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ക്കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നാണ് വിശദീകരണം.

അതേ സമയം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്കാണെന്നാണ് സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.

ദുരിതബാധിതരേക്കാള്‍ കൂടുതല്‍ കാശ് ചെലവിട്ടത് വളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയര്‍മാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം ചിലവായെന്നും കണക്കുകളില്‍ പറയുന്നു.

Tags:    

Similar News