ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ സിനിമാ നയത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം; പ്രത്യേക അന്വേഷണ സംഘത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ലഭ്യമാക്കണം; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വ്യക്തമാക്കി ഡബ്ല്യുസിസി

മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യതയില്‍ ആശങ്ക അറിയിച്ചു

Update: 2024-09-12 16:18 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ സിനിമാ നയത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് ( ഡബ്ല്യു സി സി). ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട സാഹചര്യത്തില്‍ രൂപം കൊണ്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കമ്മീഷന് മുമ്പാകെ മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യത സംബന്ധിച്ച് ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ഇവര്‍ക്ക് നിയമസഹായവും കൗണ്‍സിലിങും നല്‍കാനുള്ള സാധ്യതകള്‍ സംസാരിച്ചുവെന്നും ഡബ്ല്യൂ.സി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ഇന്നലെയാണ് ഡബ്ല്യു സി സി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഡബ്ല്യു സി സിയുടെ കുറിപ്പ്:

WCC ഇന്നലെ (11-9 -24) ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കണ്ട് താഴെ പറയുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട സാഹചര്യത്തില്‍ രൂപം കൊണ്ട SIT (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) യുടെ ടേംസ് ഓഫ് റഫറന്‍സ് ലഭ്യമാക്കണമെന്നും, മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യതയും മൊഴിയുടെ രഹസ്യാത്മകതയും സൂക്ഷിക്കേണ്ട ആവശ്യകത ഏറെ പ്രധാനമാണെന്നതിനാല്‍ ഇതിലുള്ള ഞങ്ങളുടെ വളരെ ആഴത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയ സ്ത്രീകളുടെ പിന്തുണക്കായി ലീഗല്‍ എയ്ഡും കൗണ്‍സലിംഗും ഏര്‍പ്പെടുത്താനുള്ള സാധ്യത ഞങ്ങള്‍ ആരായുകയുണ്ടായി.

തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന (പോഷ്) നിയമപ്രകാരമുള്ള ഇന്‍ടെര്‍ണല്‍ കമ്മറ്റി നടപ്പിലാക്കല്‍ പ്രായോഗികമായും ഗുണപരമായും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ തുടര്‍ന്ന് സംസാരിച്ചു. മറ്റ് തൊഴിലിടങ്ങളിലേതിന് സമാനമായി സിനിമയിലെ ഐസി ബന്ധപ്പെട്ട വിഷയങ്ങളില്‍ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും ഐസി മോണിറ്ററിങ് കമ്മിറ്റിയെ സര്‍ക്കാറിന്റെ ഗൗരവശ്രദ്ധ ലഭിക്കും വിധത്തില്‍ പുനര്‍ക്രമീകരിക്കുന്നതിന്റെ ആവശ്യകതയും, ഐ സി യെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നല്‍കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു.

ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ സിനിമാ നയത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ സംസാരിച്ചു. 2021ല്‍ സാംസ്‌കാരികവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുന്നതിന് WCC തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. നയരൂപീകരണത്തില്‍ സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കും തുല്യമായ ഇടം കൊടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ഊന്നിപ്പറഞ്ഞു.

സംവിധായികമാര്‍ക്ക് നല്‍കി വരുന്ന ഫിലിം ഫണ്ട് വര്‍ധിപ്പിക്കണമെന്നും കൃത്യമായ സ്ത്രീപക്ഷ സമീപനത്തോടെ, സ്ത്രീകളുടെ നേതൃത്വത്തില്‍, നേരത്തെ ഫണ്ട് ഉപയോഗിച്ച് സിനിമ ചെയ്ത സ്ത്രീകളുടെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്തു കൊണ്ട് ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാര്‍ഗ്ഗരേഖ ഉണ്ടാക്കുന്നതിന്റെ ആവശ്യകത ഞങ്ങള്‍ അറിയിച്ചു. സിനിമാ മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുവാന്‍ ഫിലിം സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഫീസ് കണ്‍സഷനോ സ്‌കോളര്‍ഷിപ്പോ നല്‍കുന്നതിന്റെ ആവശ്യകത ഞങ്ങള്‍ 2017ല്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞത് ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി.

ഞങ്ങളുടെ ആശങ്കകളും, ആവശ്യങ്ങളും ഏറ്റവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് അടിയന്തരമായി നടപ്പാക്കണമെന്ന WCC നിര്‍ദ്ദേശങ്ങളുടെ ആദ്യ ഭാഗം (സിനിമ കോഡ് ഓഫ് കണ്‍ഡക്ട് -CCC ഉള്‍പ്പടെ), ഇന്ത്യയിലെ അഞ്ച് സിനിമാ വ്യവസായങ്ങളെ കുറിച്ച് സഖി റിസോഴ്‌സ് സെന്ററിനൊപ്പം WCC നടത്തിയ പഠന റിപ്പോര്‍ട്ട്, എന്നിവ മുഖ്യമന്ത്രിക്ക് തുടര്‍ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ചു.മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യതയില്‍ ആശങ്ക അറിയിച്ചു

Tags:    

Similar News