പുത്തനൊരു ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ലംബോര്‍ഗിനിയുടെ ഫാന്‍സി നമ്പര്‍; 16 കോടി മുടക്കി റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയില്‍ ആദ്യം വാങ്ങിയ ആള്‍; ന്യൂസിലന്‍ഡില്‍ നിന്ന് എയര്‍ ബസ് ഹെലികോപ്ടര്‍ വാങ്ങി ജെറ്റ് ക്ലബ്; സിനിമയിലും 'സാഹസം'; ഇപ്പോള്‍ ഹണിട്രാപ് വിവാദവും കേസും; ആരാണ് ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്‍?

ആരാണ് ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്‍?

Update: 2025-08-05 07:50 GMT

കൊച്ചി: കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് എതിരെ കേസെടുത്തിരിക്കുകയാണ്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന് എതിരെയാണ് കേസ്. വിവാദത്തില്‍ പെടുന്നതിന് മുമ്പ് വേണു ഗോപാലകൃഷ്ണന്‍ പലവട്ടം ആഡംബര കാര്‍ പ്രിയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

കാറിനായി 46 ലക്ഷം രൂപ കൊടുത്ത് ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച ഐടി വ്യവസായി, 16 കോടി മുടക്കി റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയില്‍ ആദ്യം വാങ്ങിയ ആള്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ കരുനാഗപ്പള്ളിക്കാരന്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ലിറ്റ്മസ് 7 കമ്പനിയുടെ വളര്‍ച്ചയുടെ ഒരു ഭാഗം മാത്രമായിരുന്നു ആഡംബര കാറുകളുടെ വരവ്.

റെക്കോഡ് റോഡ് നികുതി അടച്ചും വാര്‍ത്തകളില്‍

ലംബോര്‍ഗിനിക്കായാണ് 46 ലക്ഷം രൂപയ്ക്ക് ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ വാശിയേറിയ ലേലത്തില്‍ പിടിച്ചത്. KL 07 DG 0007 എന്ന നമ്പര്‍ പ്ലേറ്റിനാണ് 46 ലക്ഷം രൂപ നല്‍കിയത്. പുത്തനൊരു ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങുന്ന വിലയാണ് വെറുമൊരു നമ്പര്‍പ്ലേറ്റിനായി വേണു ഗോപാലകൃഷ്ണന്‍ ചെലവാക്കിയിരിക്കുന്നത് എന്ന തരത്തില്‍ രസകരമായ ചര്‍ച്ചകളും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞിരുന്നു.

ഏഴ് എന്ന നമ്പറിനോട് വല്ലാത്ത ഭ്രമമാണ് വേണു ഗോപാലകൃഷ്ണന്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1717 എന്ന നമ്പറുള്ള ഒരു അംബാസഡര്‍ കാര്‍ ഉണ്ടായിരുന്നതായി മുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഫോണ്‍ നമ്പറുകളും 7 ല്‍ ആണ് അവസാനിക്കുന്നത്. 450 കോടി വിറ്റുവരവും 1000 ജീവനക്കാരുമുള്ള കമ്പനിയുടെ വളര്‍ച്ചയില്‍ നിന്നാണ് ഈ കാറുകളെല്ലാം കാക്കനാട്ടേക്ക് ഓടിയെത്തിയത്. 2,69,42,400 രൂപ രൂപയാണ് റോള്‍സ് റോയ്‌സിന് നികുതിയിനത്തില്‍ മാത്രം നല്‍കിയത്.



മെഴ്സിഡസ് ബെന്‍സ് ജി-വാഗണ്‍ ലംബോര്‍ഗിനി സ്റ്റെറാറ്റോ, 6.60 കോടിയൂടെ ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റ് എസ്യുവി, ലംബോര്‍ഗിനിയുടെ മറ്റൊരു മോഡലായ ഹുറാകാന്‍ സ്റ്റെറാട്ടോ, മിനി കൂപ്പര്‍, ഇവയെല്ലാം കാക്കനാട് തുതിയൂരിലെ വില്ലയില്‍ നിര നിരയായി കിടക്കുന്നു. ബിഎംഡബ്ല്യു എം 1000 എക്‌സ് ആര്‍ അടക്കം സൂപ്പര്‍ബൈക്കുകളുടെ ശേഖരം വേറെ. എയര്‍ബസ് എച്ച്130 ഹെലികോപ്റ്ററും വേണു ഗോപാലകൃഷ്ണന് സ്വന്തമായുണ്ട്. എയര്‍ബസ് എച്ച് 130 യുടെ 7 സീറ്റര്‍ ഹെലികോപ്റ്റര്‍ ന്യൂസീലന്‍ഡില്‍ നിന്ന് വാങ്ങിയ വേണു പുതിയൊരു ജെറ്റ് ക്ലബും തുടങ്ങി. 'ജൂലിയറ്റ് എക്കോ ടാംഗോ' എന്നാണ് കമ്പനിയുടെ പേര്.




സിനിമയിലും ഒരു കൈ നോക്കി

ഇന്‍ഫോപാര്‍ക്കിലെ തന്നെ മറ്റൊരു ഐടി കമ്പനി ഉടമയായ റിനിഷ് നിര്‍മിച്ച 'സാഹസം' എന്ന സിനിമയിലാണ് വേണു സുപ്രധാന വേഷം ചെയ്തത്. ലോകത്തിലെ തന്നെ സ്‌പെഷ്യല്‍ കാറായി കരുതപ്പെടുന്ന ലംബോര്‍ഗിനി ഹുറാക്കന്‍ സ്റ്റെറാറ്റോ 'സാഹസം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊച്ചി സ്മാര്‍ട്ട്‌സിറ്റിയിലും പരിസരത്തുമായിരുന്നു ചിത്രീകരണം.



ബെംഗളൂരുവില്‍ ഐടി ഡവലപ്പറായി തുടക്കം

ഡിഗ്രി നേടി കഴിഞ്ഞു ബെംഗളൂരുവില്‍ നിന്ന് എംസിഎ പാസായ വേണു ഗോപാലഷ്ണന്‍ 2001 ല്‍ ഐടി ഡവലപ്പറായാണ് തുടങ്ങിയത്. 2005 ലാണ് ബിസിനസിലേക്ക് കടക്കുന്നത് 2009ല്‍ ലിറ്റ്മസ് 7 ഐടി കമ്പനി തുടങ്ങി.'വാള്‍മാര്‍ട്ട്' ഉള്‍പ്പെടെയുള്ള ചില്ലറവില്‍പന മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഐടി സേവനം നല്‍കുന്ന കമ്പനിയാണ് ലിറ്റ്മസ്7. വിപ്രോയില്‍ ജോലി ചെയ്ത പരിചയ സമ്പത്തിലാണ് വാള്‍മാര്‍ട്ടിന് വേണ്ടി പ്രോജക്ടുകള്‍ ചെയ്തത്. റീട്ടെയ്ല്‍ ഡിജിറ്റല്‍ സ്‌പെയ്‌സിലാണ് ലിറ്റ്മസ് തിളങ്ങിയത്. ലിറ്റ്മസില്‍ തന്നെയാണ് ഭാര്യ നികിത ജോലി ചെയ്യുന്നത്.

ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥാപനമാണ് ഐടി കമ്പനിയായ ലിറ്റ്മസ്7. തൊഴിലിടങ്ങളിലെ മികവ് വിലയിരുത്തുന്ന രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയിലെ ഐടി അധിഷ്ഠിത മേഖലയില്‍ നടത്തിയ സര്‍വേയിലാണ് സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ കമ്പനി മികവ് തെളിയിച്ചത്. സ്മാര്‍ട്ട്സിറ്റി കൊച്ചി കൂടാതെ ഇസ്രായേല്‍, യുകെ, അമേരിക്ക എന്നിവിടങ്ങളിലും കമ്പനിയ്ക്ക് ഓഫിസുണ്ട്.

കേസ്

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വേണു ഗോപാലകൃഷ്ണന് എതിരെ കേസെടുത്തിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി വെളിപ്പെടുത്തിയത്. തൊഴിലിടത്തില്‍ ലൈംഗിക താല്‍പ്പര്യത്തോടെ വേണു ഗോപാലകൃഷ്ണന്‍ പെരുമാറിയെന്നാണ് ആക്ഷേപം. കേസില്‍ വേണു ഗോപാലകൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News