അദ്ധ്യാപികയാകാന്‍ മോഹിച്ചു; ഡിഗ്രി തോറ്റ റമീസിനെ ഒരു വര്‍ഷം കാത്തിരുന്ന് പഠിപ്പിച്ച് ജയിപ്പിച്ചു; ടിടിസി പഠനം പൂര്‍ത്തിയാക്കും മുമ്പേ കാമുകന്റെ മതഭ്രാന്തില്‍ ജീവിതം അവസാനിപ്പിച്ച 23കാരി; റമീസിന്റെ പിതാവ് വിവാഹം ചെയ്തതും ഇതരമതക്കാരിയെ; യുവാവിനെതിരെ അനാശാസ്യ കേസിന് പുറമെ മറ്റ് രണ്ട് കേസുകള്‍; കുടുംബത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമെന്ന് യുവതിയുടെ സഹോദരന്‍
കുടുംബത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമെന്ന് യുവതിയുടെ സഹോദരന്‍
കോതമംഗലം: മതംമാറ്റാനുള്ള കാമുകന്റെയും കുടുംബത്തിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 23കാരിയായ ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പൊലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാകും കേസ് അന്വേഷിക്കുക. കോതമംഗലം, കുട്ടമ്പുഴ ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെടുന്ന പ്രത്യേക സംഘത്തിനാണ് എസ്.പി. രൂപം നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും.
അദ്ധ്യാപികയാകാന്‍ മോഹിച്ച 23കാരിയ്ക്ക് പഠനം പൂര്‍ത്തിയാക്കും മുമ്പേ ഒരു മുഴം കയറില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നത് ജീവനുതുല്യം സ്‌നേഹിച്ച കാമുകന്‍ റമീസിന്റെ മതഭ്രാന്തും ചതിയും മൂലമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആലുവ യു.സി. കോളേജില്‍
ബി.എ മലയാളം ക്‌ളാസില്‍ സഹപാഠികളായിരിക്കെ തുടങ്ങിയതാണ് റമീസുമായുള്ള പ്രണയം. പഠിക്കാന്‍ മിടുക്കിയായിരുന്ന യുവതി, ഡിഗ്രി തോറ്റ റമീസിനെ ഒരു വര്‍ഷം കാത്തിരുന്ന് അയാളെ പഠിപ്പിച്ച് ജയിപ്പിച്ച ശേഷമാണ് ടി.ടി.സിക്ക് ചേര്‍ന്നത്.
പാനായിക്കുളത്തെ വീടിനടുത്ത് ആരുമായും അധികം സൗഹൃദം പുലര്‍ത്താത്തയാളാണ് അറസ്റ്റിലായ റമീസ്. ഇയാളുടെ പിതാവ് റഹിമും ക്രിസ്ത്യാനിയായിരുന്ന മാതാവ് ഷെറിയും പ്രേമിച്ച് വിവാഹിതരായതാണ്. പറവൂര്‍ വെടിമറയിലെ തറവാട്ടില്‍ നിന്ന് 20 വര്‍ഷം മുമ്പ് പാനായിക്കുളത്തേക്ക് താമസം മാറി. ഇറച്ചി, കോഴിക്കച്ചവടമാണ് റഹിമിന്. പാനായിക്കുളത്ത് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ബീഫ് സ്റ്റാള്‍ നോക്കി നടത്തിയത് റമീസായിരുന്നു. ഇത് പൂട്ടിയതിനെ തുടര്‍ന്ന് ജോലിയൊന്നുമില്ലാതായി.
വെടിമറയിലെ ബന്ധുക്കളായ യുവാക്കളുമായി മാത്രം സൗഹൃദം. അനാശാസ്യ കേസ് കൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിന് ബിനാനിപുരം സ്റ്റേഷനില്‍ രണ്ട് കേസുകളുമുണ്ട്. പാനായിക്കുളത്തും പരിസരത്തുമായി മൂന്ന് ഇറച്ചിക്കടകള്‍ നടത്തുകയാണ് പിതാവ് റഹീം. പാനായിക്കുളത്തെ പഴയവീടിനോട് ചേര്‍ന്നാണ് ഒരു കട. അടുത്തിടെ മില്ലുപടി ബസ് സ്റ്റോപ്പിലെ ഗോഡൗണിന് സമീപം പുതിയ വീട് വാങ്ങി താമസം ഇവിടെയാക്കി. പാനായിക്കുളത്തെ ഇവരുടെ ഒരു കടയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. റമീസിന് വിവാഹിതയായ സഹോദരിയുണ്ട്. സാമ്പത്തികമായി നല്ല നിലയിലുള്ളതാണ് ഇവരുടെ കുടുംബം.
യുവതിയുടെ കുടുബത്തില്‍ മൂന്ന് മാസത്തിനുള്ളിലെ രണ്ടാമത്തെ ദുരന്തമാണിത്. പിതാവ് കഴിഞ്ഞ മേയ് 12ന് കോതമംഗലത്തെ കുരൂര്‍തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പന്റെ മരണം യുവതിയെ തളര്‍ത്തിയിരുന്നു. കോതമംഗലത്തെ ഒരു വീട്ടിലെ ജോലിക്കാരിയാണ് അമ്മ . ജ്യേഷ്ഠന്‍ ഇതേ വീട്ടിലെ ഡ്രൈവറാണ്.
സഹോദരിയുടെ ആത്മഹത്യയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ ഇന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കുമെന്ന് എന്ന് സഹോദരന്‍ അറിയിച്ചു. ശാരീരികമായും മാനസികമായും സഹോദരി ഒരുപാട് പീഡനത്തിനിരയായെന്നും റമീസിന്റയും കുടുംബത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനം ആയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഇതിന് റമീസിന്റെ കൂടുതല്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോ എന്നും സംശയമുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ യുവതിയുടെ കൈവശമുണ്ടായിരുന്നതായി സുഹൃത്ത് ജോണ്‍സി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോണ്‍സി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
റമീസ് കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വീട്ടിലെത്തിയതോടെ റമീസിന്റെ സ്വഭാവം മാറി. മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് യുവതി പറഞ്ഞു. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു. മതം മാറണമെങ്കില്‍ റജിസ്റ്റര്‍ വിവാഹം ചെയ്യണമെന്ന് യുവതി പറഞ്ഞു. സഹോദരനോട് വിവരം പറയരുതെന്നും യുവതി പറഞ്ഞതായും സുഹൃത്ത് പറഞ്ഞു.
റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ തന്റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. പക്ഷേ മതം മാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതം മാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്റെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നു എന്ന് യുവതിയുടെ ആതഹത്യ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി. റമീസും യുവതിയും തമ്മില്ലുള്ള ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഒടുവില്‍ വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കില്ല, അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ എന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് യുവതി ശനിയാഴ്ച വൈകിട്ട് ജീവനൊടുക്കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ആന്റണി ജോണ്‍ എം.എല്‍.എ തുടങ്ങിയവര്‍ ഇന്നലെ വീട് സന്ദര്‍ശിച്ചു. മതംമാറ്റാനുള്ള കാമുകന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് വൈകിട്ട് കോതമംഗലം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. ലൗ ജിഹാദ് സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബി.ജെ.പി ഇതിനെ ഗൗരവത്തോടെ കാണുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.