'കേരളത്തിനായി കളിക്കേണ്ടിയിരുന്ന ഒരുപാടു പ്രതീക്ഷയുള്ള താരം'; ക്രിക്കറ്റ് കരിയറില്‍ വലിയ ഉയരങ്ങളിലെത്തേണ്ടിയിരുന്നവന്‍; സെഞ്ചുറികളുടെ മാനവ്; കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ യുവ ക്രിക്കറ്റ് താരം മുങ്ങി മരിച്ചു; വിധി തട്ടിയെടുത്തത് മികച്ചൊരു ക്രിക്കറ്ററെ

Update: 2025-03-27 05:04 GMT

കൊച്ചി: എറണാകുളം അണ്ടര്‍-19 ജില്ലാ ടീമിലും മധ്യമേഖലാ ടീമിലും അംഗമായിരുന്ന യുവ ക്രിക്കറ്റ് താരമായ മാനവ് പൗലോസ് (17) പുഴയില്‍ മുങ്ങിമരിച്ചു. എറണാകുളം പറവൂര്‍ മൂകാംബി റോഡിലെ തെക്കിനേടത്ത് സ്മരണകിയില്‍ മനീക് പൗലോസിന്റെയും ടീനിയുടെയും മകനാണ് മാനവ്. പറവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി വിദ്യാര്‍ത്ഥിയായിരുന്ന മാനവ്, അണ്ടര്‍-19 നാഷണല്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട താരം ആയിരുന്നു.

ബുധനാഴ്ച വൈകീട്ട് എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു മാനവും കൂട്ടുകാരും. ഏഴുപേരും ചേര്‍ന്ന് വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍, മാനവ് ആഴത്തില്‍ പോകുകയും മുങ്ങിപ്പോകാന്‍ തുടങ്ങുകയും ചെയ്തു. സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിപ്പോയി. പിന്നാലെ അറ്റത്തെ ഒരാള്‍ സഹായിച്ചതിനാല്‍ ഒരാളെ രക്ഷിക്കാനായെങ്കിലും മാനവ് ഒഴുക്കില്‍പെടുകയായിരുന്നു.

പറവൂരില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം, ബേബി ജോണ്‍, വി.ജെ. സുജിത് എന്നിവരുടെ നേതൃത്വത്തില്‍ 30 അടി താഴ്ചയില്‍ നിന്ന് മാനവിനെ പുറത്തെത്തിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനവ് പറവൂര്‍ സോബേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ പ്രധാന താരമായിരുന്നു. പരീക്ഷ കഴിഞ്ഞതോടെ പരിശീലനം ആരംഭിക്കാനിരിക്കെ ഈ ദുഃഖകരമായ സംഭവം നടന്നത്. കൊച്ചിയിലെ പ്രശസ്ത കോച്ച് ഡേവിഡ് ചെറിയാന്റെ കീഴില്‍ പരിശീലനം നേടിയിരുന്ന മാനവ്, വലംകയ്യന്‍ ബാറ്റ്സ്മാന്‍ കൂടിയാണ്. ഫസ്റ്റ് ഡൗണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ മാനവ് മികച്ച വിക്കറ്റ് കീപ്പറുമായിരുന്നുവെന്ന് ടീമിലെ കോച്ചും സഹതാരങ്ങളും ഓര്‍മിക്കുന്നു. ലീഗ് മത്സരത്തില്‍ നേടിയ 154 റണ്‍സ് ആണ് മാനവിന്റെ ഏറ്റവും മികച്ച സ്‌കോര്‍. അവസാനമായി കോതമംഗലത്ത് നടന്ന മത്സരത്തില്‍ 60 റണ്‍സ് നേടിയിരുന്നു.

'കേരളത്തിനായി കളിക്കേണ്ടിയിരുന്ന ഒരുപാടു പ്രതീക്ഷയുള്ള താരം' കോച്ച് ഡേവിഡ് ചെറിയാന്‍. 'മാനവിനെ പോലെ പ്രതിഭയുള്ള താരങ്ങള്‍ വളരെ കുറവാണ്. ഇവന്‍ ക്രിക്കറ്റ് കരിയറില്‍ വലിയ ഉയരങ്ങളിലെത്തേണ്ടിയിരുന്നവനാണ്. കേരള ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയുമായിരിന്നു,' എന്നാണ് മാനവിന്റെ കോച്ചായിരുന്ന ഡേവിഡ് ചെറിയാന്‍ പ്രതികരിച്ചത്. അണ്ടര്‍-19 എറണാകുളം ജില്ലാ ടീമിലും അണ്ടര്‍-16 മധ്യമേഖലാ ടീമിലും അംഗമായിരുന്ന മാനവിന്റെ വിയോഗം, ക്രിക്കറ്റ് സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും തീരാവേദനയാകുന്നു. സംസ്‌കാരം പിന്നീട് നടക്കും. മാനവിന് ഒരു സഹോദരന്‍ ഉണ്ട് നദാല്‍.

Tags:    

Similar News