പതിനായിരത്തില്‍ കൂടുതല്‍ ഫോളോവേഴ്സ് ഉണ്ടോ? യൂട്യൂബര്‍മാര്‍ക്ക് കൂടുതല്‍ വരുമാനം നേടാനുള്ള പുതിയ മാര്‍ഗ്ഗം അവതരിപ്പിച്ച് യുട്യൂബ്; യൂട്യൂബ് ഷോപ്പിങ് ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

യൂട്യൂബ് ഷോപ്പിങ് ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

Update: 2024-11-02 12:26 GMT

മുംബൈ: കോവിഡാനന്തരം ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത് യുട്യുബ് ചാനലിന്റെ എണ്ണത്തിലാണ്.നല്ലൊരു വരുമാനമാര്‍ഗ്ഗം കൂടിയാണെന്ന തിരിച്ചറിവാണ് പലരെയും ഇ രംഗത്തേക്ക് എത്തിച്ചത്.എന്നാല്‍ ആദ്യമൊക്കെ ചാനലുകളുടെ എണ്ണം കുറവായതിനാല്‍ തന്നെ രംഗത്തെ മത്സരവും കുറവായിരുന്നു.ഇന്ന് പക്ഷെ അതല്ല സ്ഥിതി ചാനലുകളുടെ എണ്ണം കൂടിയതിന് അനുസരിച്ച് മത്സരവും വര്‍ധിച്ചു.

അതിനാല്‍ തന്നെ പഴയപോലെ ഇ രംഗത്ത് വിജയം കണ്ടെത്തുക എന്നതും എളുപ്പമല്ല.എന്നാല്‍ ഇപ്പോഴിത യൂട്യൂബേഴ്സിന് ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.യുട്യൂബേഴ്സിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പരിഷ്‌കാരം ഇന്ത്യയിലേക്കും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.ഇതിനൊപ്പം തന്നെ കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഫീച്ചേര്‍സും കമ്പനി ആരംഭിക്കുന്നുണ്ട്.

കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ യൂട്യൂബ് ഷോപ്പിങ് എന്ന ഫീച്ചറാണ് കമ്പനി ഇന്ത്യയിലും അവതരിപ്പിക്കുന്നത്.

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പരസ്യങ്ങളില്‍ നിന്നു തന്നെയാണ്. കൂടാതെ യൂട്യൂബ് പ്രീമിയം, ബ്രാന്‍ഡ് കണക്ട്,ചാനല്‍ മെമ്പര്‍ഷിപ്, സൂപ്പര്‍ താങ്ക്‌സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കേഴ്‌സ് തുടങ്ങി പലതുമുണ്ട്.അതിനു പുറമേയാണ് ഇപ്പോള്‍ യൂട്യൂബ് ഷോപ്പിങ് ആരംഭിച്ചിരിക്കുന്നത്.

അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഇന്തൊനീഷ്യ,തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ യൂട്യൂബ് ഷോപ്പിങ് ഉള്ളത്.

പുതിയ ഫീച്ചര്‍ വരുന്നതോടെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് വിഡിയോകളില്‍ ഉല്‍പ്പന്നങ്ങള്‍ ടാഗ് ചെയ്യാന്‍ സാധിക്കും. യൂട്യൂബറുടെ വിഡിയോ കാണുന്നയാള്‍, വിഡിയോയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഉല്‍പ്പന്നം വാങ്ങുമ്പോള്‍ യൂട്യൂബര്‍ക്ക് വരുമാനം ലഭിക്കും. നിലവില്‍ യൂട്യൂബര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ ചാനല്‍ വഴി പ്രെമോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് നല്‍കാനുളള അവസരമൊരുക്കിയാണ് ഇന്ത്യയില്‍ യൂട്യൂബ് ഷോപ്പിങ് എത്തുന്നത്. ഇത് തുടക്കം മാത്രമായിരിക്കുംപിന്നാലെ കൂടുതല്‍ കമ്പനികള്‍ യൂട്യൂബ് ഷോപ്പിയിലേക്കും വരും.പക്ഷെ എല്ലാവര്‍ക്കും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് സത്യം.ചില മാനദണ്ഡങ്ങള്‍ ഉണ്ട്.അത് ഉള്ളവര്‍ക്ക് അതാത് കമ്പനികള്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങളുടെ ലിങ്കുകള്‍ സ്വന്തം ചാനലില്‍ നിന്ന് നല്‍കാം.

യൂട്യൂബ് ഷോപ്പിങ്ങിന്റെ മാനദണ്ഡങ്ങള്‍ അറിയാം

1. നിങ്ങളുടെ ചാനല്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ഉണ്ടായിരിക്കണം.

2. 10,000ലേറെ സബ്‌സ്‌ക്രൈബര്‍മാര്‍ വേണം.

3. ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണം.

4. മ്യൂസിക്, ഓഫിഷ്യല്‍ ആര്‍ട്ടിസ്റ്റ് ചാനല്‍ ആയിരിക്കരുത്.

5. നിങ്ങളുടെ ചാനല്‍ കുട്ടികള്‍ക്കുള്ളതായിരിക്കരുത്.ചാനലില്‍ കുട്ടികള്‍ക്കുള്ള വിഡിയോകള്‍ എന്ന് പറയുന്ന ഒന്നും തന്നെ കാണരുത്.എന്നിവയാണ് പ്രധാന മാനദണ്ഡങ്ങള്‍.

പഴയ വിഡിയോകള്‍ക്കൊപ്പവും ലിങ്ക് നല്‍കാമെന്നതാണ് മറ്റൊരു പ്രത്യേകത.തങ്ങള്‍ക്ക് പ്രിയപ്പെട്ട യൂട്യൂബര്‍മാര്‍ ഒരു ഉല്‍പ്പന്നം റിവ്യു ചെയ്തതു കണ്ട് മനസിലാക്കി ഉല്‍പ്പന്നം വാങ്ങിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിനു പിന്നിലെ ഉദ്ദേശങ്ങളിലൊന്ന്.ക്രിയേറ്റര്‍മാര്‍ക്ക് പഴയ വിഡിയോകള്‍ക്കൊപ്പവും ലിങ്ക് നല്‍കുകയും, ലൈവ് സ്ട്രീമിങിനിടയില്‍ പിന്‍ ചെയ്യുകയും ആകാം.

'2023ല്‍ മാത്രം ആളുകള്‍ 30 ബില്യണ്‍ മണിക്കൂറിലധികം സമയം ഷോപ്പിങുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ യുട്യൂബില്‍ കണ്ടിട്ടുണ്ട്. ആളുകളുടെ ആവശ്യം മനസിലാക്കിയാണ് കാഴ്ച്ചക്കാരെയും ഷോപ്പിങ് ബ്രാന്‍ഡുകളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ യൂട്യൂബ് ഷോപ്പിങ് പ്രോഗ്രാം ആരംഭിക്കുന്നത്'. യുട്യൂബ് ഷോപ്പിങിന്റെ ജനറല്‍ മാനേജറും വൈസ് പ്രസിഡന്റുമായ ട്രാവിസ് കാറ്റ്‌സ് പറഞ്ഞു. ഇതുവഴി ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ യൂട്യൂബ് വരുമാനം കൂട്ടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുരുക്കിപ്പറഞ്ഞാല്‍ യൂട്യൂബ് അഫിലിയേറ്റഡ് ഷോപ്പിങ് പ്രോഗ്രാം വഴി വീഡിയോയിലൂടെ ഫ്ലിപ്പ്കാര്‍ട്ടിലെയും മിന്ത്രയിലെയും ഉത്പന്നങ്ങള്‍ ശുപാര്‍ശ ചെയ്യുക എന്നതായിരിക്കും കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ജോലി. വീഡിയോകളിലും ഷോര്‍ട്ട്‌സുകളിലും ലൈവ് വീഡിയോകളിലും ഉത്പന്നങ്ങള്‍ ടാഗ് ചെയ്യാന്‍ സാധിക്കും. ഇവരുടെ വീഡിയോ കണ്ട് കാഴ്ച്ചക്കാര്‍ എന്തെങ്കിലും ഉത്പന്നം വാങ്ങിയാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ ലഭിക്കും.കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇതൊരു പുതിയ വരുമാന മാര്‍ഗമാവും.കാഴ്ച്ചക്കാര്‍ക്ക് എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ കണ്ടെത്താനും ഷോപ്പ് ചെയ്യാനും സാധിക്കും.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള കമ്മീഷന്‍ അവര്‍ക്ക് ലഭിക്കുന്ന ഉത്പന്നത്തിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും.

Tags:    

Similar News