ഉദ്ഘാടനത്തിന് വൈകിയെത്തി; മേയറെ പ്ലാറ്റ്‌ഫോമിലിരുത്തി പുതിയ ട്രെയിൻ പുറപ്പെട്ടു; റെയിൽവേ ഉദ്യോഗസ്ഥർക്ക് കയ്യടി; ഇന്ത്യയിലായിരുന്നെങ്കിൽ ലോക്കോ പൈലറ്റ് ജയിലിലായേനെയെന്ന് കമന്റ്റ്

Update: 2025-12-22 15:03 GMT

മെക്സിക്കോ സിറ്റി: ഉദ്ഘാടന ചടങ്ങുകൾക്കും മറ്റും വിഐപികൾ വൈകിയെത്തുന്നതും അവർക്ക് വേണ്ടി ചടങ്ങുകൾ നീട്ടിവെക്കുന്നതും നമുക്ക് പരിചിതമായ കാഴ്ചയാണ്. എന്നാൽ മെക്സിക്കോയിൽ നടന്ന ഒരു ട്രെയിൻ ഉദ്ഘാടനം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചർച്ചയാകുകയാണ്. ഉദ്ഘാടനത്തിന് വൈകിയെത്തിയ മേയറെ പ്ലാറ്റ്‌ഫോമിലിരുത്തി പുതിയ ട്രെയിൻ കൃത്യസമയത്ത് യാത്ര തിരിച്ചു.

മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്താണ് സംഭവം. ലഘു റെയിൽവേയുടെ നാലാം ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനമായിരുന്നു അന്ന്. ത്ലാജോമുൽകോ മുനിസിപ്പാലിറ്റിയിലെ മേയറായ ഗെരാർഡോ ക്വിറിനോ വെലാസ്ക്വെസ് ചാവേസ് ആയിരുന്നു പരിപാടിയിലെ പ്രധാന അതിഥികളിലൊരാൾ. എന്നാൽ ഉദ്ഘാടനത്തിന് ശേഷം ട്രെയിനിന്റെ ആദ്യ യാത്രയ്ക്കായി തയ്യാറെടുപ്പുകൾ കഴിഞ്ഞപ്പോൾ മേയർ അല്പം വൈകിയാണ് എത്തിയത്.

മേയർ എത്തുമ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഓടിവന്ന് ട്രെയിനിൽ കയറാൻ അദ്ദേഹം ശ്രമിച്ചെങ്കിലും പ്രോട്ടോക്കോളിനേക്കാൾ പ്രാധാന്യം സമയത്തിന് നൽകിയ അധികൃതർ ട്രെയിൻ നിർത്തിയില്ല. സെക്കന്റുകളുടെ വ്യത്യാസത്തിൽ വാതിൽ അടഞ്ഞതോടെ മേയറെ പ്ലാറ്റ്‌ഫോമിൽ നിർത്തിക്കൊണ്ട് ട്രെയിൻ വേഗത്തിൽ പാഞ്ഞു. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു.

എന്നാൽ സംഭവം വൈറലായതോടെ വലിയ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് മേയർ പ്രതികരിച്ചത്. "വിഷമിക്കേണ്ട ജനങ്ങളെ, അടുത്ത ട്രെയിൻ 9 മിനിറ്റിനുള്ളിൽ വരും" എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്നെ ഈ വീഡിയോ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചു. രാഷ്ട്രീയ പദവി നോക്കാതെ പൊതുഗതാഗതത്തിന്റെ കൃത്യനിഷ്ഠ പാലിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഐപികൾക്ക് വേണ്ടി പൊതുഗതാഗതം വൈകിപ്പിക്കുന്ന പല രാജ്യങ്ങൾക്കും ഇതൊരു പാഠമാണെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവെയുള്ള അഭിപ്രായം.

15 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഷെഡ്യൂളിൽ ഉറച്ചുനിന്നതിന് ഡ്രൈവറോട് ബഹുമാനമെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിലാണെങ്കിൽ മേയറല്ല, പ്രധാനമന്ത്രിയാണ് ഉദ്ഘാടകൻ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിൽ, മന്ത്രി ഉദ്ഘാടനത്തിന് വൈകിയാൽ ട്രെയിൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. ഡ്രൈവർ കൃത്യസമയത്ത് പോകാൻ ധൈര്യപ്പെടുമോ? എങ്കിൽ നേരെ ജയിലിലേക്കോ സസ്‌പെൻഷനിലേക്കോ! ആയിരിക്കുമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.

Tags:    

Similar News