വാട്ടസ്ആപ് ഗ്രൂപ്പില്‍ വംശീയത പറഞ്ഞ ആരോഗ്യ മന്ത്രിയെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍; ആന്‍ഡ്രൂ ഗ്വയ്നെ പുറത്താക്കിയത് ജൂത വിരുദ്ധത നിറഞ്ഞ പരാമര്‍ശത്തിലെന്ന് റിപ്പോര്‍ട്ട്
വാട്ടസ്ആപ് ഗ്രൂപ്പില്‍ വംശീയത പറഞ്ഞ ആരോഗ്യ മന്ത്രിയെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍: വാട്ട്‌സ്അപ് ഗ്രൂപ്പിലൂടെ വംശീയ വിവേചനം കലര്‍ന്ന അഭിപ്രായ പറഞ്ഞ ആരോഗ്യമന്ത്രി ആന്‍ഡ്രൂ ഗ്വയ്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. ഗ്വയ്ന്‍, യഹൂദ വിരുദ്ധത നിറഞ്ഞ പരാമര്‍ശം നടത്തിയതായും, തന്റെ നിയോജകമണ്ഡലത്തിലെ ഒരു പെന്‍ഷന്‍കാരിയെ പരിഹസിച്ചതായുമാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ മരണമടഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആശിക്കുന്നതായി ഗ്വയ്ന്‍ പറഞ്ഞതായാണ് മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലേബര്‍ കൗണ്‍സിലര്‍മാരും. പാര്‍ട്ടി ഭാരവാഹികളും, ചുരുങ്ങിയത് മറ്റൊരു എം പിയെങ്കിലും കൂടിയുള്ള ഒരു വാട്ട്‌സ്അപ് ഗ്രൂപ്പിലെ ചാറ്റിനിടയിലായിരുന്നു അദ്ദേഹം ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. ലേബര്‍ എം പി ഡായന്‍ അബോട്ടിനെ കുറിച്ച് വംശീയത തുളുമ്പുന്ന അഭിപ്രായവും, ഉപ പ്രധാനമന്ത്രി ഏയ്ഞ്ചല റെയ്നാറിനെ കുറിച്ച് ലിംഗവിവേചനം തുളുമ്പുന്ന അഭിപ്രായവുമാണ് ഗ്വയ്ന്‍ പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൊതു ചുമതലകള്‍ അന്തസ്സ് പാലിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നിര്‍ബന്ധ ബുദ്ധിയുള്ള വ്യക്തിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. വാട്ട്‌സ്അപ് ഗ്രൂപ്പില്‍ വന്ന കമന്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും അറിയിച്ചു. അതേസമയം തന്റെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അഭിപ്രായങ്ങള്‍ കാരണം ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് പറയുന്നു എന്ന്‍ ഗ്വയ്ന്‍ വ്യക്തമാക്കി.