ബെല്‍ഫാസ്റ്റില്‍ പുതിയ എംബസ്സി തുറന്നതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്

ബെല്‍ഫാസ്റ്റില്‍ പുതിയ എംബസ്സി തുറന്നതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്

Update: 2025-03-26 06:15 GMT

ബെല്‍ഫാസ്റ്റ്: സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിച്ചത് അതിന് കൂടുതല്‍ പ്രചോദനമായിരിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചതോടെ ബെല്‍ഫാസ്റ്റിനു പുറമെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് ആരംഭിച്ചിട്ടുണ്ട്. ബെല്‍ഫാസ്റ്റില്‍ കോണ്‍സുലേറ്റ് ആരംഭിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്.

നിലവില്‍, ഇന്ത്യയുമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് അത്ര വലിയ വ്യാപാര ബന്ധമൊന്നുമില്ല. 2024 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 55 മില്യന്‍ പൗണ്ടിന്റെ കയറ്റുമതി മാത്രമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേ കാലയളവില്‍ വെയ്ല്‍സില്‍ നിന്നും 203 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയും സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും 576 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയും ഇംഗ്ലണ്ടില്‍ നിന്നും 4.9 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതിയും ഇന്ത്യയിലേക്കുണ്ടായി.

പാനീയങ്ങളാണ് പ്രധാനമായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. രാസവസ്തുക്കളും യന്ത്ര സാമഗ്രികളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍, ഇന്ത്യയുമായി ബ്രിട്ടനിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ശക്തമായ ബന്ധമുണ്ടാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ലോകത്തില്‍, ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2035 ഓടെ ഇന്ത്യയുടെ ഇറക്കുമതി 1.4 ട്രില്യന്‍ പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Similar News