ബ്രൈറ്റന്‍ ബിഷപ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍; വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചത് പോപ്പ് നേരിട്ട്

ബ്രൈറ്റന്‍ ബിഷപ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍

Update: 2025-12-20 04:49 GMT

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക സഭയ്ക്ക് പുതിയ നാഥനായി. ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പന്ത്രണ്ടാമത് വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പ് ആയി അവരോധിതനായതായി സഭ ഇന്നലെ സ്ഥിരീകരിച്ചു. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഏറ്റെടുക്കുകയും അടുത്തകാലത്ത് ചില ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലാവുകയും ചെയ്ത കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സിന്റെ പിന്‍ഗാമിയായാണ് ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ നിയമനം. കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് സേവനത്തില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുകയാണ്.

2015 മുതല്‍ അരുണ്ഡേല്‍ ആന്‍ഡ് ബ്രൈറ്റണ്‍ ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ബിഷപ്പ് മോത്ത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ വെച്ച് ഫെബ്രുവരി 14 ന് ആയിരിക്കും അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പ് ആയി അവരോധിക്കുക. മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട് എന്നായിരുന്നു വിവരമറിഞ്ഞ ഉടന്‍ ബിഷപ്പ് മോത്ത് പ്രതികരിച്ചത്. വിരമിക്കുന്ന കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് നല്‍കിയ സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രദര്‍ശിപ്പിച്ചു.

ചുമതലയേറ്റയുടന്‍ തന്റെ ആദ്യ പരിപാടി അതിരൂപതയ്ക്ക് കീഴിലുള്ള എല്ലാ വികാരിമാരെയും മറ്റു ചുമതലക്കാരെയും നേരിട്ട് പരിചയപ്പെടുക എന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അടിത്തറ കൂടുതല്‍ ശക്തപ്പെടുത്തുന്നതിനായി എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാധാരണ പോലെ 75 വയസ്സ് ആയപ്പൊള്‍ കര്‍ദ്ദിനാള്‍ നിക്കോള്‍സ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, അന്നത്തെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് അദ്ദേഹത്തോടെ ചുമതലയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ അദ്ദേഹത്തിന് 80 വയസ്സ് പൂര്‍ത്തിയായി.

Tags:    

Similar News