നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കടല്‍ക്കരയില്‍ കുഴഞ്ഞുവീണ് മരിച്ചത് ബ്രിട്ടീഷ് ദമ്പതികള്‍; ദാരുണാന്ത്യം കരീബിയന്‍ ഒഴിവുകാലം ആഘോഷിക്കവേ

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കടല്‍ക്കരയില്‍ കുഴഞ്ഞുവീണ് മരിച്ചത് ബ്രിട്ടീഷ് ദമ്പതികള്‍

Update: 2024-12-19 05:13 GMT

ലണ്ടന്‍: ഏറെക്കാലം ഒരു സ്വപ്നമായി സൂക്ഷിച്ചിരുന്ന കരീബിയന്‍ ഒഴിവുകാലം ആഘോഷിക്കുന്നതിനിടയില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ബ്രിട്ടീഷ് ദമ്പതികള്‍ കുഴഞ്ഞുവീണ് മരണമടഞ്ഞതായി ഇന്‍ക്വെസ്റ്റില്‍ ബോധിപ്പിച്ചു. ഡേവിഡ് ഫോര്‍സ്റ്റര്‍, റൊസാലിന്‍ഡ് ഫോര്‍സ്റ്റര്‍ ദമ്പതിമാരാണ് കൈകള്‍ കോര്‍ത്ത് പിടിച്ച് കരിയാകോ ദ്വീപിലെ പാരഡൈസ് ബീച്ചിലൂടെ നടക്കുന്നതിനിടയിലായിരുന്നു മരണം എത്തിയത്. ഈ വര്‍ഷം മാര്‍ച്ച് ആദ്യമായിരുന്നു സംഭവം നടന്നത്.

ഒരു റെസ്റ്റോറന്റില്‍ മകള്‍ക്കും മരുമകനുമൊപ്പം അത്താഴം കഴിച്ച ശേഷം അവരുടെ ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഡേവിഡിന് ഹൃദയ സ്തംഭനം ഉണ്ടായത്. കടല്‍ത്തീരത്തുകൂടിയായിരുന്നു അവര്‍ ഹോട്ടലിലേക്ക് നടന്നിരുന്നത്. ഇത് കണ്ട റൊസാലിന്‍ഡും ആ ഞെട്ടലില്‍ ബോധരഹിതയായി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് അവിടെ എത്തിയ മകളും മരുമകനും കാണുന്നത് തദ്ദേശവാസികള്‍ ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ്. ഇരുവര്‍ക്കും 76 വയസ്സുണ്ട്.

നേരത്തെയും ഡേവിഡിന് ഹൃദയാഘാതം ഉണ്ടായതായി ഇന്‍ക്വെസ്റ്റില്‍ പറഞ്ഞു. ഡേവിഡിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം 30 മിനിറ്റോളം നീണ്ടെങ്കിലും അയാള്‍ മരണത്തിന് വഴങ്ങുകയായിരുന്നു. റൊസാലിന്‍ഡിനെ പ്രദേശത്തെ ഒരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതേ ദിവസം തന്നെ മരണമടയുകയായിരുന്നു. ഭര്‍ത്താവിന് ഹൃദയസ്തംഭനം വന്നതിന്റെ ഞെട്ടലില്‍, റൊസാലിന്‍ഡിന്റെ അന്നനാളത്തിലുണ്ടായിരുന്നവ അവരുടെ ശ്വസനനാളത്തില്‍ പ്രവേശിച്ചതുമൂലം ശ്വസനം തടസ്സപ്പെട്ടാണ് അവര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    

Similar News