മത പ്രചാരണത്തിന് ബ്രിട്ടീഷ് ദമ്പതികള്‍ അഫ്ഗാനിസ്ഥാനില്‍ അറസ്റ്റില്‍; താലിബാന്‍ സര്‍ക്കാറുമായി നയതന്ത്ര ബന്ധമില്ലാത്തത് ബ്രിട്ടന് പ്രതിസന്ധി
മത പ്രചാരണത്തിന് ബ്രിട്ടീഷ് ദമ്പതികള്‍ അഫ്ഗാനിസ്ഥാനില്‍ അറസ്റ്റില്‍
കാബൂള്‍: പ്രായം എഴുപതുകളിലുള്ള ബ്രിട്ടീഷ് ദമ്പതികളെ അഫ്ഗാനിസ്ഥാനില്‍ താലിബന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പീറ്റര്‍ റെയ്നോള്‍ഡ്‌സ് എന്ന 79 കാരനും അയാളുടെ ഭാര്യ ബാര്‍ബി എന്ന 75 കാരിയുമാണ് അറസ്റ്റിലായത്. ബാമിയാനിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഫെബ്രുവരി 1 ന് ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാനില്‍ ട്രെയിനിംഗ് പ്രൊജക്റ്റുകള്‍ നടത്തുകയാണ് ഈ ദമ്പതികള്‍. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇവരെ കുറിച്ച് ഒരു വിവരവുമില്ല എന്നാണ് ഇവരുടെ മകള്‍ സാറ ബി ബി സിയോട് പറഞ്ഞത്.
കൃത്യമായി എന്ത് കുറ്റത്തിനാണ് ഇവര്‍ അറസ്റ്റിലായതെന്ന് അറിയില്ല. എന്നാല്‍, ഇവര്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ ഒന്ന് അമ്മമാരും കുട്ടികളുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകള്‍ ജോലിചെയ്യുന്നതിനും 12 വയസ്സിനു മേല്‍ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്നതിനും താലിബാന്‍ വിലക്ക് കല്‍പ്പിച്ചിട്ടുണ്ടെങ്കിലും തദ്ദേശ ഭരണകൂടം ഈ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. 2009 മുതല്‍ അഞ്ച് സ്‌കൂളുകളിലായാണ് ഇവര്‍ പരിശീലന പരിപാടികള്‍ നടത്തിയിരുന്നത്. 2021 ആഗസ്റ്റില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെ മിക്കവാറും വിദേശ ജീവനക്കാരും തിരികെ പോയെങ്കിലും ഇവര്‍ അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന് ഇക്കാര്യം അറിയാമെങ്കിലും ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നില്ല. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാത്ത ബ്രിട്ടന് കാബൂളില്‍ ഒരു എംബസി ഇല്ല എന്നതാണ് പ്രധാന കാരണം. ഒരു സര്‍ക്കാരേതര സംഘടനയ്ക്കായി പ്രവര്‍ത്തിക്കുന്ന രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി താലിബാന്‍ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാരേതര സംഘടനകള്‍ക്കായി സ്ത്രീകള്‍ ജോലിചെയ്യുന്നത് നിരോധിക്കുമെന്ന് 2022 ല്‍ തന്നെ താലിബാന്‍ വെളിപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന സംഘടനകളെ നിരോധിക്കുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.