പോപ്പിനെ കാണാന്‍ രാജ്ഞിക്ക് ഒപ്പം വത്തിക്കാനില്‍ പറന്നിറങ്ങി ചാള്‍സ് രാജാവ്; ഇന്ന് ചരിത്രം തിരുത്തുന്ന കൂടിക്കാഴ്ച്ച
പോപ്പിനെ കാണാന്‍ രാജ്ഞിക്ക് ഒപ്പം വത്തിക്കാനില്‍ പറന്നിറങ്ങി ചാള്‍സ് രാജാവ്
വത്തിക്കാന്‍ സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി ചാള്‍സ് രാജാവ് വത്തിക്കാനിലെത്തി. കാന്‍സറിന് ചികിത്സയിലാണെങ്കിലും, തിരക്കേറിയ ഒരാഴ്ചക്കാലമാണ് രാജാവിന് വത്തിക്കാനിലുള്ളത്. പത്നി കാമില രാജ്ഞിക്കൊപ്പം രാജാവ് പോപ്പ് ലിയോയെ ഇന്ന് കാണും ഏറെ സന്തോഷമുണ്ട് ഇവിടെയെത്തിയതില്‍ എന്നായിരുന്നു റോമില്‍ വിമാനമിറങ്ങിയ ഉടന്‍ രാജ്ഞി പ്രതികരിച്ചത്. അതേസമയം, റോമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നായിരുന്നു തന്നെ സ്വീകരിക്കാന്‍ എത്തിയ വത്തിക്കാന്‍ പ്രതിനിധിയോട് രാജാവ് പറഞ്ഞത്.
ബ്രിട്ടീഷ് സിംഹാസനാധിപതി എന്ന നിലയില്‍ ആംഗ്ലിക്കന്‍ സഭയുടെ സുപ്രീം ഗവര്‍ണര്‍ കൂടിയാണ് ചാള്‍സ് രാജാവ്. അര സഹസ്രാബ്ദത്തിനിടയില്‍ ഇരു സഭകളുടെയും തലവന്മാര്‍ ഒരുമിച്ച് സിസ്‌റ്റൈന്‍ ചാപ്പലില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി ഒത്തുകൂടും. വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാ മനോഭാവം പുലര്‍ത്തേണ്ടുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാകും ഈ ചടങ്ങ്. മാത്രമല്ല, ഒരു ജീവിതകാലം മുഴുവന്‍ മത സഹിഷ്ണുതയ്ക്കായി ശബ്ദമുയര്‍ത്തിയ ചാള്‍സ് രാജാവിന്റെ സന്ദേശം സ്വന്തം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു പരിപാടി കൂടിയായിരിക്കും ഇത്.
കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഭാഗമായി സിസ്‌റ്റൈന്‍ ചാപ്പലില്‍ പോപ്പ് ലിയോ പതിനാലാമനും ചാള്‍സ് രാജാവും ഒരുമിച്ച് പൊതു പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കും. 1530 ലെ ഹെന്റി എട്ടാമന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു കത്തോലിക്കാ സഭാധ്യക്ഷനും. ആംഗ്ലിക്കന്‍ സഭ മേധാവിയും ഒരുമിച്ച് ഒരു പൊതു പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. അതിനോടൊപ്പം പേപ്പല്‍ ബസലിക്കയുടെയും അബേ ഓഫ് സെയിന്റ് പോള്‍സിന്റെയും ഒരു റോയല്‍ കോണ്‍ഫ്രേറ്റര്‍ ആയി രാജാവിനെ മാര്‍പ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്യും.