നാലാം നിലയില്‍ നിന്ന് മരിക്കാന്‍ വേണ്ടി എടുത്ത് ചാടിയത് വഴിയേ നടന്നു പോയ വൃദ്ധയുടെ മുകളിലേക്ക്; മരിച്ചത് വഴിയാത്രക്കാരി
നാലാം നിലയില്‍ നിന്ന് മരിക്കാന്‍ വേണ്ടി എടുത്ത് ചാടിയത് വഴിയേ നടന്നു പോയ വൃദ്ധയുടെ മുകളിലേക്ക്;
റോം: കാലന് പോലും വേണ്ടാത്തവര്‍ എന്ന് ചില സന്ദര്‍ഭങ്ങളിലെങ്കിലും ചിലരെ കുറിച്ചെങ്കിലും പറയാറുണ്ട്. ഇവിടെ, കാലന് വേണ്ട എന്ന് മാത്രമല്ല, കാലന്റെ പണികൂടി ചെയ്യുന്ന ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. ജീവിതം മടുത്ത 70 കാരന്‍ അത് അവസാനിപ്പിക്കാന്‍ എളുപ്പവഴി കണ്ടെത്തിയത് നാലാം നിലയിലുള്ള തന്റെ ഫ്‌ലാറ്റില്‍ നിന്നും എടുത്ത് ചാടിയായിരുന്നു. എന്നാല്‍, കാലന്റെ കണക്ക് പുസ്തകത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നത് അയാളുടെ പേരായിരുന്നില്ല, ഒരു 83 കാരിയുടെ പേരായിരുന്നു.
മരണത്തിലേക്ക് എടുത്തു ചാടിയ 70 കാരന്‍ ചെന്ന് വീണത് 83 കാരിയുടെ മേല്‍. വൃദ്ധയായ സ്ത്രീ തത്ക്ഷണം മരണമടഞ്ഞപ്പോള്‍ ആത്മഹത്യയ്ക്ക് തുനിഞ്ഞ വ്യക്തി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതൊരു കഥയല്ല, ഇറ്റലിയില്‍ നടന്ന സംഭവമാണ്.ആത്മഹത്യയ്ക്ക് തുനിഞ്ഞ് 83 കാരിയായ ഫ്രാന്‍സെസ മാനോ എന്ന സ്ത്രീയുടെ മരണത്തിനുത്തരവാദിയായ 70 കാരനെതിരെ പോലീസ് നരഹത്യ കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. മിലനില്‍, ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം നടന്നത്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നായിരുന്നു അയാള്‍ താഴേയ്ക്ക് ചാടിയത്.
വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി വിഭാഗം ഇയാളെ ഗുരുതര നിലയില്‍ ആശൂപത്രിയില്‍ എത്തിച്ചു. കാലുകളില്‍ ഒന്നിലധികം പൊട്ടലുകള്‍ ഉള്‍പ്പടെ ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെങ്കിലും, ജീവാപായം ഉണ്ടാകാന്‍ ഇടയില്ല എന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ കെട്ടിടത്തിലെ താമസക്കാരിയായിരുന്ന 83 കാരിയെ രക്ഷിക്കാന്‍ എമര്‍ജന്‍സി വിഭാഗം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വൃദ്ധയുടെ മേല്‍ 70 കാരന്‍ വന്ന് പതിച്ചത്.