'ഭയങ്കര വിശപ്പ്, ഒരു ഡെലിവറി ഓർഡർ ചെയ്യാം..'; ഭക്ഷണവുമായി വൻമതിലിലെ ലാൻഡിംഗ് പാഡിലേക്ക് പറന്നിറങ്ങി ഡ്രോൺ; വൈറലായി വീഡിയോ
ബീജിംഗ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചൈനയുടെ വൻമതിലിൽ (Great Wall of China) ഇനി ഡ്രോൺ വഴി ഭക്ഷണം ലഭ്യമാകും. ചൈനീസ് ഭക്ഷ്യ വിതരണ കമ്പനിയായ മെയ്തുവാൻ (Meituan) ആണ് വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം ഈ നൂതന സേവനം ആരംഭിച്ചിരിക്കുന്നത്. ബദാലിംഗ് (Badaling) ഭാഗത്താണ് സേവനം ലഭ്യമായി തുടങ്ങിയിരിക്കുന്നത്. ഡ്രോൺ വഴി ഭക്ഷണം എത്തുന്നത് സംബന്ധിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വൻമതിൽ കാണാൻ പോയ ഒരു പെൺകുട്ടിയാണ് ഡ്രോൺ ഫുഡ് ഡെലിവറിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'എനിക്ക് ഭയങ്കരമായി വിശക്കുന്നു. അപ്പോൾ നമുക്ക് ചൈനയിലെ വൻമതിലിൽ ഒരു ഡെലിവറി ഓർഡർ ചെയ്യാം' എന്ന് പെൺകുട്ടി പറയുന്നു. ഡെലിവറി ലാൻഡിംഗ് പാഡിലേക്ക് ഒരു ഡ്രോൺ ഭക്ഷണവുമായി പറന്നുവരുന്നത് വീഡിയോയിൽ കാണാം. വിനോദസഞ്ചാരികൾക്ക് ഭക്ഷണം, പാനീയങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നേരിട്ട് ഓർഡർ ചെയ്യാൻ സാധിക്കും. ഇതിനായി പ്രത്യേക ലാൻഡിംഗ് പാഡ് സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരം ഒരു സംവിധാനം ഏറെ പ്രശംസനീയമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. 2018-ൽ വൻമതിൽ സന്ദർശിച്ചപ്പോൾ വെള്ളം കിട്ടാൻ ഏറെ ബുദ്ധിമുട്ടിയതായി ഒരാൾ അനുഭവപരിചയം പങ്കുവെച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സേവനം ലഭ്യമാവുക. ഒരു സമയം 2.3 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഡ്രോണുകൾക്ക് ശേഷിയുണ്ട്. ലോക പൈതൃക കേന്ദ്രമായ വൻമതിലിൽ വിനോദസഞ്ചാരികൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് മെയ്തുവാൻ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.