ആദ്യത്തെ ഇലക്ട്രിക് വിമാനം ഗാറ്റ്വിക്കില്‍ ലാന്‍ഡ് ചെയ്തു; വ്യോമയാന രംഗത്ത് ഇനി മാറ്റങ്ങളുടെ സമയം
ആദ്യത്തെ ഇലക്ട്രിക് വിമാനം ഗാറ്റ്വിക്കില്‍ ലാന്‍ഡ് ചെയ്തു; വ്യോമയാന രംഗത്ത് ഇനി മാറ്റങ്ങളുടെ സമയം
ഗാറ്റ്വിക്: ഫോസില്‍ ഇന്ധനം വരുത്തിവയ്ക്കുന്ന അന്തരീക്ഷ മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കും എന്നതിനാല്‍ അവ പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ലോകം. കാറുകളും വാനുകളും മറ്റും വൈദ്യുതിവത്ക്കരിച്ച് ഈ പ്രശ്നം വലിയൊരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കുമെങ്കിലും, ഈ പുത്തന്‍ തലമുറ വാഹനങ്ങള്‍ക്ക് വിപണിയില്‍ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. എങ്കിലും, പുതിയ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇലക്ട്രിക് വിമാനം.
ഇലക്ട്രിക് വിമാനമെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് വലിയൊരു പരിധിവരെ ലക്ഷ്യം കണ്ടു എന്ന് വ്യക്തമാക്കിക്കൊണ്ട് ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഇന്നലെ ഒരു ഇലക്ട്രിക് വിമാനം പറന്നിറങ്ങി. ഫ്രാന്‍സില്‍ 17 ദിവസത്തെ യാത്ര നടത്തുന്നതിനിടയിലാണ് പിപിസ്‌ട്രെല്‍ വെലിസ് ഇലക്ട്രോ പ്ലെയിന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഗാറ്റ്വിക്കില്‍ ലാന്‍ഡിംഗ് നടത്തിയത്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഈ വിമാനം വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്. മാത്രമപ്പല്ല, പൈലറ്റ് ട്രെയിനിംഗ് ഉള്‍പ്പടെ മറ്റു പല പ്രവര്‍ത്തനങ്ങള്‍ക്കും ഇതിന് അംഗീകാരമുണ്ട്.
ഗാറ്റ്വിക്കില്‍ ഇറങ്ങുന്ന ആദ്യ ഇലക്ട്രിക് വിമാനം എന്ന ബഹുമതി നേടിയ ഈ വിമാനം, ഇതുവരെ ഗാറ്റ്വിക്കില്‍ ഇറങ്ങിയ ഏറ്റവും ചെറിയ വിമാനം കൂടിയാണെന്നും ഗാറ്റ്വിക്ക് സി ഇ ഒ മാര്‍ക്ക് ജോണ്‍സ്റ്റണ്‍ പറയുന്നു. വ്യോമയാന മേഖലയെ കാര്‍ബണ്‍ വിമുക്തമാക്കുന്ന ശ്രമത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.