ജര്‍മ്മനിയില്‍ നിര്‍ബന്ധിത സൈനിക സേവനം വീണ്ടും വരുന്നു; തീരുമാനം റഷ്യയില്‍ നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍
ജര്‍മ്മനിയില്‍ നിര്‍ബന്ധിത സൈനിക സേവനം വീണ്ടും വരുന്നു
ബെര്‍ലിന്‍: പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം എന്നത് തിരികെ കൊണ്ടുവരാന്‍ ജര്‍മ്മനി ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് പ്രതിരോധകാര്യ മന്ത്രാലയം പറയുന്നു. ജര്‍മ്മനിയുടെ കുത്തഴിഞ്ഞ സൈനിക സംവിധാനത്തെ പുനക്രമീകരിച്ച് ശക്തിപ്പെടുത്തുന്നതിനാണ് കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ ഫ്രെഡെറിക്ക് മേഴ്സ് മുന്‍തൂക്കം നല്‍കുന്നത്. റഷ്യയില്‍ നിന്നുള്ള ഭീഷണിയുടെയും, യൂറോപ്പിന് കാലാകാലങ്ങളായി അമേരിക്ക നല്‍കുന്ന സംരക്ഷണത്തെ കുറിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
സൈന്യത്തിലേക്ക് സ്വയം തയ്യാറായി വരുന്ന ചെറുപ്പക്കാരെ ആകര്‍ഷിക്കുക എന്നതാണ് പ്രാഥമികമായി ഉദ്ദേശിക്കുന്നത്. എന്നാല്‍, ആവശ്യമുള്ള അത്രയും പേരെ ലഭിച്ചില്ലെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനം നടപ്പില്‍ വരുത്തുകയും ചെയ്യും. അടുത്ത മാസം ക്യാബിനറ്റിനു മുന്നില്‍ എത്തുന്ന പുതിയ ബില്‍ അനുസരിച്ച് ജര്‍മ്മനിയിലെ എല്ലാ യുവാക്കളും, സൈനിക സേവനത്തിനുള്ള സന്നദ്ധതയും, സൈന്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള സമ്മതവും സംബന്ധിച്ചുള്ള ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം. എന്നാല്‍, യുവതികള്‍ക്ക് ഇത് നിര്‍ബന്ധമാക്കില്ല.
2028 മുതല്‍ എല്ലാ യുവാക്കളും അവരുടെ കായിക ക്ഷമത സൈനിക സേവനത്തിന് ഉതകുന്നതാണോ എന്നറിയാനുള്ള പരിശോധനകള്‍ക്ക് വിധേയമാകേണ്ടിവരും. അവര്‍ക്ക് താത്പര്യമില്ലെങ്കിലും ഈ പരിശോധനകള്‍ക്ക് വിധേയരാകേണ്ടതായി വരും. 2011 ല്‍ അന്നത്തെ ചാന്‍സലര്‍ ആയിരുന്ന എയ്ഞ്ചല മെര്‍ക്കല്‍ ആണ് നിര്‍ബന്ധിത സൈനിക സേവനം അവസാനിപ്പിച്ചത്.