ബ്രിട്ടീഷ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ മതവിദ്യാലയത്തിന്റെ തലവന്‍; ഹമീദ് പട്ടേലിന്റെ നടപടി വിവാദത്തില്‍
ബ്രിട്ടീഷ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ മതവിദ്യാലയത്തിന്റെ തലവന്‍
ലണ്ടന്‍: ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഓഫ്‌സ്റ്റെഡിന്റെ ചെയര്‍മാനായി ഒരു മതവിദ്യാലയത്തിന്റെ തലവനെ നിയമിച്ചത് വിവാദമാകുന്നു. ഓഫ്‌സ്റ്റെഡിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. നാലു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം പദവി ഒഴിയാന്‍ നിലവിലെ ചെയര്‍പേഴ്‌സസണ്‍ ഡെയിം ക്രിസ്റ്റിന്‍ റിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പുതിയ ഒരാളെ പദവിയില്‍ നിയമിക്കുന്നതു വരെ താത്ക്കാലികമായിട്ടാണ് ഇപ്പോള്‍ സര്‍ ഹമീദ് പട്ടേലിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
ലണ്ടന്‍, മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ലങ്കാഷയര്‍ എന്നിവിടങ്ങളിലായി 40 ഓളം പ്രൈമറി - സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്ന സ്റ്റാര്‍ അക്കാഡമീസ് ട്രസ്റ്റിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ആണ് അദ്ദേഹം. ഈ ട്രസ്റ്റിന് കീഴിലുള്ള ഒട്ടു മിക്ക സ്‌കൂളുകളും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയുമാണ്. ട്രസ്റ്റ് സ്ഥാപിച്ച 2010 മുതല്‍ അദ്ദേഹം അതിനെ നയിക്കുന്നുണ്ട്. ഒരു ഗ്രാമര്‍ സ്‌കൂളും, ഒരു ക്രിസ്ത്യന്‍ സ്‌കൂളും നിരവധി ഇസ്ലാമിക് സ്‌കൂളുകളും ഈ ട്രസ്റ്റിനു കീഴിലുണ്ട്.
2019 മുതല്‍ ഓഫ്‌സ്റ്റെഡിന്റെ ബോര്‍ഡിലുള്ള ഹമീദ് പട്ടേലിന്, വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2021 ല്‍ രാജ്ഞിയുടെ ജന്മദിന ആദരവായി സര്‍ പദവി നല്‍കിയിരുന്നു. 2023 ല്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. കൂടുതല്‍ തീവ്ര നിലപാടുകള്‍ കൈക്കൊള്ളുന്ന മത വിദ്യാലയങ്ങളെ നിയന്ത്രിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ, താരതമ്യേന സന്തുലിതമായ നിലപാടായിരുന്നു ഹദീദ് പട്ടേല്‍ ബോര്‍ഡില്‍ കൈക്കൊണ്ടിരുന്നത് എന്നാണ് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.