ബ്രിട്ടനിലേക്ക് ഇനിയൊരു മടക്കമില്ല..! ഹാരിയും ഭാര്യ മേഗനും ഭാവി ജീവിതം നയിക്കാന്‍ തിരഞ്ഞെടുക്കുന്നത് അമേരിക്ക തന്നെ; കുട്ടികളുടെ ഭാവിക്ക് നല്ലത് അമേരിക്ക തന്നെയെന്ന് ഹാരി

ബ്രിട്ടനിലേക്ക് ഇനിയൊരു മടക്കമില്ല..!

Update: 2024-12-05 06:57 GMT

ലണ്ടന്‍: മക്കള്‍ക്കൊപ്പം മടങ്ങിയെത്തി ബ്രിട്ടനില്‍ താമസമുറപ്പിക്കാന്‍ തനിക്കും ഭാര്യ മേഗന്‍ മെര്‍ക്കലിനും താത്പര്യമില്ലെന്ന് ഇന്നലെ ഹാരി രാജകുമാരന്‍ പറഞ്ഞു. ഇന്നലെ, ന്യൂയോര്‍ക്കില്‍ നടന്ന ഡീല്‍ ബുക്ക് ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഹാരി, അമേരിക്കയില്‍ തന്നെ തുടര്‍ന്ന് താമസിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തന്റെയും ഭാര്യയുടെയും കുട്ടികളുടെയും സുരക്ഷ ബ്രിട്ടനില്‍ ഒരു പ്രശ്നമാണെന്ന് പറഞ്ഞ ഹാരി, കുട്ടികളുടെ ഭാവിയ്ക്കും അമേരിക്കയാണ് നല്ലതെന്ന് കരുതുന്നതായി പറഞ്ഞു.

2020 ല്‍ രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലുള്ള ചുമതലകള്‍ വിട്ടൊഴിഞ്ഞ് അമേരിക്കയിലെത്തിയ ദമ്പതികള്‍ ഇപ്പോള്‍ അവര്‍ താമസിക്കുന്ന കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റൊയെ തങ്ങളുടെ ഭവനം എന്നാണ് വിശേഷിപ്പിക്കുന്നത്. അവിടെ ജീവിക്കുന്നതിലും, കുട്ടികളെ അവിടെ വളര്‍ത്തുന്നതിലും താന്‍ ഏറെ സന്തോഷം കണ്ടെത്തുന്നതായും ഹാരി പറഞ്ഞു. ബ്രിട്ടനിലായിരുന്നെങ്കില്‍ ഒരുപക്ഷെ ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും ഇവിടെ തനിക്ക് മക്കള്‍ക്കൊപ്പം ചെയ്യാന്‍ കഴിയുമെന്നും ഹാരി പറഞ്ഞു.

അടുത്തിടെ, ഹാരിയും കുടുംബവും ബ്രിട്ടനിലേക്ക് മടങ്ങിയേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ബ്രിട്ടനില്‍ പടര്‍ന്നിരുന്നു. കുടുംബവുമായി ഒരു ഒത്തുതീര്‍പ്പിന് തയ്യാറെടുക്കുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഹാരിയുടെ ഈ വെളിപ്പെടുത്തല്‍.

Tags:    

Similar News