30 വര്‍ഷമായി അമേരിക്കയില്‍ താമസം; രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ 73 കാരിയായ സിഖ് വനിത തടവില്‍; മോചനം ആവശ്യപ്പെട്ട് പ്രതിഷേധം
30 വര്‍ഷമായി അമേരിക്കയില്‍ താമസം
ന്യൂയോര്‍ക്ക്: 30 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന സിഖ് വനിത ഇമിഗ്രേഷന്റെ കസ്റ്റഡിയില്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയില്‍ താമസിക്കുന്ന ഹര്‍ജിത് കൗറിനെ ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. പതിവ് ചെക്ക്-ഇന്‍ പരിശോധനകള്‍ക്കായി എത്തിയപ്പോഴാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തടവിലാക്കിയത്.
കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോ ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടാണ് കസ്റ്റഡിയില്‍ എടുത്തത്. കൗറിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നൂറുകണക്കിനുപേര്‍ പ്രതിഷേധിച്ചു.
ഇന്‍ഡിവിസിബിള്‍ വെസ്റ്റ് കോണ്‍ട്രാ കോസ്റ്റ കൗണ്ടിയും സിഖ് സെന്ററും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുഎസ് പ്രതിനിധി ജോണ്‍ ഗാരമെന്‍ഡിയുടെ സ്റ്റാഫ് അംഗങ്ങളും മറ്റ് രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കാളിയായി.
ഹര്‍ജിത് കൗറിനെ ബേക്കേഴ്സ്ഫീല്‍ഡിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്. രണ്ട് ആണ്‍മക്കളുള്ള ഒറ്റ അമ്മയായാണ് 1992 ല്‍ അവര്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. 2012-ല്‍ അവരുടെ അഭയ ആവശ്യപ്പെട്ടുള്ള കേസ് നിരസിക്കപ്പെട്ടു, എന്നാല്‍ അതിനുശേഷം 13 വര്‍ഷത്തിലേറെയായി ഓരോ ആറുമാസത്തിലും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഐസിഇയില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടരുകയായിരുന്നു. ഇവര്‍ക്ക് ഇപ്പോള്‍ രണ്ട് മൂന്ന് പേരക്കുട്ടികളും ഉണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ഒരു പ്രാദേശിക ഇന്ത്യന്‍ വസ്ത്രശാലയില്‍ ജോലി ചെയ്തു.