സമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ജനപ്രീതി വലിയ തോതില്‍ ഇടിയുന്നു
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ജനപ്രീതി വലിയ തോതില്‍ ഇടിയുന്നു
ലണ്ടന്‍: ആനുകൂല്യങ്ങള്‍ നിയന്ത്രിച്ചതും ഒപ്പം പ്രധാനമന്ത്രിയോടുള്ള ചോദ്യോത്തരവേളയില്‍ ചാന്‍സലര്‍ പൊട്ടിക്കരഞ്ഞതുമെല്ലാം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജനപ്രീതി പുതിയ റെക്കോര്‍ഡ് തലത്തിലേക്ക് താഴ്ത്തിയിരിക്കുകയാണെന്ന് പുതിയ അഭിപ്രായ സര്‍വ്വേഫലം പറയുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ സ്റ്റാര്‍മറുടെ പ്രവര്‍ത്തനങ്ങളോട് വെറും 18 ശതമാനം ബ്രിട്ടീഷ് വോട്ടര്‍മാരാണ് ഇപ്പോള്‍ സംതൃപ്തി രേഖപ്പെടുത്തുന്നത്. നേരെമറിച്ച്, അതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണം 60 ശതമാനമായി കുതിച്ചുയരുകയും ചെയ്തു. അതായത്, മൈനസ് 41 എന്ന നെറ്റ് റേറ്റിംഗ് ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ അവസാനത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആറ് പോയിന്റ് കുറവാണിത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കെ, പ്രധാനമന്ത്രി നടത്തിയ ചില മലക്കം മറിച്ചിലുകളാണ് അദ്ദേഹത്തിന്റെ ജനപ്രീതി ഇത്രയേറെ ഇടിയാന്‍ പ്രധാന കാരണമായത്. ക്ഷേമ പദ്ധതികളിലെ ചെലവ് ചുരുക്കി 5 ബില്യന്‍ പൗണ്ടോളം മിച്ചം പിടിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കേണ്ടി വന്നതിനാല്‍ വരുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനയുണ്ടായേക്കാം എന്ന ആശങ്കയും ജനപ്രീതി കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ ഏതൊരു പ്രധാനമന്ത്രിയുടെയും ആദ്യ വര്‍ഷത്തെ ജനപ്രീതി കണക്കിലെടുത്താല്‍, അതില്‍ ഏറ്റവും താഴെയാണ് ഇപ്പോള്‍ സ്റ്റാര്‍മറുടെ സ്ഥാനം എന്ന് ചരിത്ര കുതുകികളും പറയുന്നു.
പാര്‍ട്ടിഗെയ്റ്റ് വിവാദത്തിനു ശേഷം ബോറിസ് ജോണ്‍സന് ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ നേരിയ തോതിലുള്ള മുന്‍തൂക്കം മാത്രമാണ് ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ക്കുള്ളത്. 2024 ലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്തവരില്‍ അഞ്ചില്‍ രണ്ടു പേര്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റാര്‍മറിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ജനപ്രീതിയും മൈനസ് 39 ആയി താഴ്ന്നിരിക്കുകയാണ്. വെറും 14 ശതമാനം പേര്‍ മാത്രമാണ് അവരുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്.