യുകെയില്‍ അനേകം കടന്നല്‍ കൂടുകള്‍! 'കൊലയാളി കടന്നലുകള്‍' കണ്ടെത്തിയത് ഇംഗ്ലീഷ് ചാനലിലെ ജഴ്‌സി ദ്വീപില്‍

കൊലയാളി കടന്നലുകള്‍' കണ്ടെത്തിയത് ഇംഗ്ലീഷ് ചാനലിലെ ജഴ്‌സി ദ്വീപില്‍

Update: 2025-09-11 09:12 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഇടയില്‍, ചാനലിലെ ഏറ്റവും വലിയ ദ്വീപായ ജഴ്സിയില്‍ ഏഷ്യന്‍ കടന്നെല്ലുകള്‍ വലിയ തോതില്‍ കാണപ്പെടുന്നത് ആശങ്ക ഉയര്‍ത്തുന്നതായി വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ ചുരുങ്ങിയത് 500 കടന്നെല്‍ കൂടുകളെങ്കിലും ഈ ദ്വീപില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടിയോളം കൂടുതലാണിത്. ഓരോ കൂട്ടിലും 10,000 കടന്നെല്ലുകള്‍ വരെ ഉണ്ടാകാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ ജഴ്സിയില്‍ ഏകദേശം 50 ലക്ഷം ഏഷ്യന്‍ കടന്നെല്ലുകളാണ് ഉള്ളത്.

യൂറോപ്യന്‍ വന്‍കരയില്‍ നിന്നും, യു കെയിലേക്ക് കുടിയേറാന്‍ ഈ കടന്നെല്ലുകല്‍ ജഴ്സി ദ്വീപ് ഒരു ഇടത്താവളമായി ഉപയോഗിച്ചേക്കാം എന്ന വസ്തുതയാണ് ഞെട്ടിക്കുന്നത്. ചട്ടികളില്‍ നട്ടുവളര്‍ത്തിയ ചെടികള്‍, കട്ട് ഫ്‌ലവര്‍, തടി, പഴങ്ങള്‍ എന്നിവ എത്തുന്ന കപ്പലുകളിലാകാം വെസ്പ വെലുറ്റിന എന്ന് ശാസ്ത്രീയ നാമമുള്ള ഏഷ്യന്‍ കടന്നെലുകള്‍ യു കെയില്‍ എത്തിയത് എന്നാണ് കരുതുന്നത്. വേനല്‍ക്കാലങ്ങളില്‍ ഇവ ഫ്രാന്‍സില്‍ നിന്നും യു കെയിലേക്ക് പറന്നെത്താറുമുണ്ട്. ദിനംപ്രതി എന്നോണം പുതിയ കൂടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രദേശവാസികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ജഴ്സി ഏഷ്യന്‍ ഹോര്‍നെറ്റ് ഗ്രൂപ്പിലെ ജോണ്‍ ഡി കാര്‍ടെരെറ്റ് പറയുന്നത്.

കറുപ്പും മഞ്ഞയും കലര്‍ന്ന നിറമുള്ള ഇവയുടെ, അത്യന്തം വേദനാജനകമായ കുത്ത് പലര്‍ക്കും ഏറ്റിട്ടുണ്ട്. ചില പ്രത്യേകതരം അലര്‍ജികള്‍ ഉള്ളവര്‍ക്ക് ഇവയുടെ കുത്ത മരണകാരണം വരെയാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. കടന്നല്‍ കുത്തേല്‍ക്കുന്ന പ്രദേശവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്.

Tags:    

Similar News