രൂപവും ഭാവവും മാറ്റി പുതിയ കിറ്റ്കാറ്റ് വിപണിയില്‍; ഫോര്‍ ഫിംഗര്‍ സ്‌റ്റൈല്‍ മാറി പുതിയ ടു കോളം ഡിസൈനുമായി വിപണിയില്‍
രൂപവും ഭാവവും മാറ്റി പുതിയ കിറ്റ്കാറ്റ് വിപണിയില്‍
ജനപ്രിയ ചോക്ലേറ്റ് ആയ കിറ്റ്കാറ്റ് പ്രശസ്തമായ ഫോര്‍ ഫിംഗര്‍ സ്‌റ്റൈല്‍ മാറി പുതിയ ടു കോളം ഡിസൈനുമായി വിപണിയിലെത്തുകയാണ്. 99 ഗ്രാമിന് 1.35 പൗണ്ട് വിലയുള്ള പുതിയ ഷെയറിംഗ് ബാറില്‍ ഒന്നിലധികം കഷ്ണങ്ങളായി അടര്‍ത്തിയെടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും എന്ന് കിറ്റ്കാറ്റ് നിര്‍മ്മാതാക്കളായ നെസ്ലെ പറയുന്നു. ഡബിള്‍ ചോക്ലേറ്റ്,സോള്‍ട്ടഡ് കാരമെല്‍, ഹാസില്‍നട്ട് എന്നിങ്ങനെ മൂന്ന് ഫ്‌ലേവറുകളില്‍ ഇത് സ്റ്റോറുകളില്‍ ലഭ്യമാകും.
കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന ഒന്നാണ് കിറ്റ്കാറ്റിന്റെ പഴയ ഫോര്‍ ഫിംഗര്‍ സ്‌റ്റൈല്‍. 1935 ല്‍ യോര്‍ക്കിലെ റൗണ്‍ട്രീ ഇത് ആരംഭിച്ചപ്പോള്‍ മുതലുള്ളതാണ് ഈ ഡിസൈന്‍. ഒരു മനുഷ്യന്,അയാള്‍ ജോലിക്ക് പോകുമ്പോള്‍, ബാഗില്‍ കൊണ്ടുപോകാവുന്ന തരത്തിലുള്ള ചോക്ലേറ്റ് എന്ന് ഒരു കമ്പനി ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചതില്‍ നിന്നാണ് ഈ ഡിസൈന്‍ ഉടലെടുക്കുന്നത്. അതേസമയം, ഒത്തു ചേരലിന്റെ നിമിഷങ്ങള്‍ക്ക് കൂടുതല്‍ മധുരം പകരാനാണ് പുതിയ ഷെയറിംഗ് ബാര്‍ ഇറക്കിയത് എന്നാണ് നെസ്ലെ പറയുന്നത്.
പല ചോക്ലേറ്റ് പ്രേമികളും സമൂഹ മാധ്യമങ്ങളില്‍ എത്തി ഈ മാറ്റത്തെ സ്വാഗതം ചെയ്യുകയാണ്. പുതിയ ഡിസൈന്‍ മറ്റൊരു ഭക്ഷണാനുഭവം നല്‍കും എന്നാണ് അവര്‍ പറയുന്നത്.